Asianet News MalayalamAsianet News Malayalam

ഹോളോകോസ്റ്റിനെ നയിച്ച പെൺകരങ്ങൾ, ഹിറ്റ്‌ലറുടെ സംഘത്തിലെ വനിതാ കൊലപാതകികൾ

ജർമനിയിൽ നിന്ന് ജൂതരെ തുടച്ചു നീക്കേണ്ടതുണ്ട്. അവർക്കെതിരെ എന്തും ചെയ്യാം. എന്ത് ചെയ്താലും അതിൽ തെറ്റൊന്നുമില്ല എന്ന് അവരെന്നെ ബോധ്യപ്പെടുത്തി. അവർ അതിന് അർഹരാണെന്നും. 

Hitlers murderesses, role of women in Nazi death squads
Author
Germany, First Published Jan 7, 2020, 7:28 PM IST

വനിതാ SS ഓഫീസർമാർ, സെക്രട്ടറിമാർ, ഓഫീസർമാരുടെ ഭാര്യമാർ, മറ്റ് നാസി വനിതകൾ - സ്വേച്ഛയാ തന്നെ ഫ്യൂററുടെ നാസികൊലയാളി സംഘത്തിന്റെ ഭാഗമായ പതിനായിരക്കണക്കിന് പേരുണ്ട്. ഈ കൊലയാളി വനിതകളെപ്പറ്റിയുള്ള വിശദമായ വർണ്ണനകൾ  പ്രൊഫ. വിൻഡി ലോവർ എഴുതിയ 'ഹിറ്റ്ലേഴ്സ് ഫ്യൂറീസ്' എന്ന പുസ്തകത്തിൽ കാണാം.

എർണാ പെട്രി - ഹിറ്റ്ലറുടെ രഹസ്യപൊലീസ് സംഘത്തിന്റെ ഒരു ഓഫീസറുടെ ഭാര്യയായിരുന്നു.  സ്വന്തം മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കി അവരെ പരിചരിച്ചുകൊണ്ട് വീട്ടിൽ തന്നെ കഴിയുന്ന ഒരു സാധാരണ കുടുംബസ്ഥ യായിരുന്നു അവർ. ഒരിക്കൽ വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി അങ്ങാടിയിൽ നിന്ന് തിരികെ വരികയായിരുന്നു എർണ. അപ്പോൾ അവർ, ആ ഗ്രാമത്തിലെ നിരത്തിൽ അശരണരായ നിൽക്കുന്ന ആറു കുഞ്ഞുങ്ങളെക്കണ്ടു.  ആ കുട്ടികൾ  ജൂതരാണ് എന്ന് എർണ ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു. കാഴ്ചയിൽ യഹൂദരായി തോന്നിക്കുന്നത് മാത്രമായിരുന്നില്ല കാര്യം, കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കുള്ള യാത്രാമധ്യേ തീവണ്ടിയിൽ നിന്ന് ചാടിയിറങ്ങി നിരവധി കുട്ടികൾ രക്ഷപ്പെട്ടതായി വാർത്ത പരന്നിരുന്നു ആയിടെ. അവരിൽ ചിലരെയാണ് താൻ കണ്ടത് എന്ന് അവർ ഉറപ്പിച്ചു. തീവണ്ടിയിൽ നിന്ന് ചാടിയിറങ്ങും വഴി, കുപ്പായങ്ങൾ കൊളുത്തിക്കീറി ഏതാണ്ട് അർദ്ധ നഗ്നാവസ്ഥയിലായിരുന്നു ആ കുട്ടികൾ. എർണ അവരെ സമാധാനിപ്പിച്ചു. നെഞ്ചോട് ചേർത്ത് സാന്ത്വനമേകി. ഒന്നുകൊണ്ടും ഭയപ്പെടേണ്ട നിങ്ങൾ സുരക്ഷിതരാണ് എന്ന് അവർക്കുറപ്പു നൽകി. തന്റെ കൂടെ വീട്ടിലേക്ക് കൂട്ടി. വിശന്നു വലഞ്ഞിരുന്ന അവർക്ക് വയറുനിറയെ നൽകി. തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ട വസ്ത്രങ്ങൾ നൽകി. അവരെ തന്റെ വീട്ടിൽ വിശ്രമിക്കാൻ അനുവദിച്ചു. എന്നിട്ട് ഭർത്താവ് തിരിച്ച് വരാൻ കാത്തിരുന്നു

Hitlers murderesses, role of women in Nazi death squads

അവരെ കൊന്നുകളയാൻ വേണ്ടി ഭർത്താവിനെ ഏൽപ്പിക്കാം എന്നായിരുന്നു എർണ ആദ്യം വിചാരിച്ചത്. എന്നാൽ രാത്രിയായിട്ടും ഭർത്താവ് വരുന്ന കോളില്ല. കാത്തിരുന്ന് മടുത്തപ്പോൾ, ഭർത്താവിന് പകരം ഹിറ്റ്ലറോടുള്ള കടമ സ്വന്തം കൈകൊണ്ടുതന്നെ നിർവഹിച്ചേക്കാം എന്ന് അവർ കരുതി. ആ കുട്ടികളെ വീടിനടുത്തുള്ള ഒരു വനംപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഓരോരുത്തരെയായി വെടിവെച്ച് കൊന്നു. നിങ്ങൾ വായിച്ചത് തെറ്റിയിട്ടില്ല. ആ കുഞ്ഞുങ്ങളോളം തന്നെ, അല്ലെങ്കിൽ അവരെക്കളാലും പ്രായം കുറഞ്ഞ ആ പിഞ്ചു കുഞ്ഞുങ്ങളെ ഒരു മനസ്സലിവുമില്ലാതെ ആ സ്ത്രീ വെടിവെച്ചു കൊന്നുകളഞ്ഞു. 'ഇൻ കോൾഡ് ബ്ലഡ്..! ' 

ആറുമുതൽ പന്ത്രണ്ടു വയസ്സുവരെ പ്രായമുള്ള കുട്ടികളായിരുന്നു ആ കുട്ടികൾ. വീടിനടുത്തുള്ള ഒരു കാട്ടിലേക്കാണ് എർണ ആ കുഞ്ഞുങ്ങളെ നയിച്ചത്. അതിനു ശേഷം, അവരെ ഒരൊറ്റ വരിയിൽ നിരത്തി നിർത്തി. എന്നിട്ട് ഭർത്താവിന്റെ കൈത്തോക്ക് വീട്ടിൽ നിന്ന് എടുത്തുകൊണ്ടുവന്ന് അവരെ ഒന്നൊന്നായി പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊന്നു. കഴുത്തിന് പിന്നിൽ തോക്കമർത്തിക്കൊണ്ട് വെടിപൊട്ടിച്ചായിരുന്നു ഓരോ കൊലയും. പ്രൊഫസർ വെൻഡി ലോവറിന്റെ പുസ്തകം ശ്രമിക്കുന്നത്, ഏറെ അസാധാരണമെന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നാവുന്ന ഈ ഘാതകമാനസികാവസ്ഥയെ അനാവരണം ചെയ്യാനാണ്. അക്കാലത്ത് ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതിക്കുവേണ്ടി എന്ന സ്വയം ബോധ്യത്തിൽ, നിരപരാധികളായ യഹൂദരോട്, ഇത്തരത്തിലുള്ള കൊടും ക്രൂരതകൾ ചെയ്തുകൊണ്ടിരുന്നവർ നിരവധിയായിരുന്നു. കൊലയാളികളിൽ പലരും സ്ത്രീകളായിരുന്നു. അവർ ഹിറ്റ്ലർക്ക് ചെയ്തുകൊണ്ടിരുന്ന ഈ സേവനങ്ങളുടെ ഇരകൾ പലപ്പോഴും അവരുടെ സ്വന്തം മക്കളുടെ അതേ പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളായിരുന്നു. പിറന്നുവീണത് യഹൂദവംശത്തിലായിരുന്നു എന്നത് മാത്രമായിരുന്നു ആ പാവങ്ങളുടെ കുറ്റം. 

Hitlers murderesses, role of women in Nazi death squads

പിൽക്കാലത്ത് ഈ കുറ്റകൃത്യത്തിന്റെ പേരിൽ അവർക്ക് വിചാരണ നേരിടേണ്ടി വന്നു. അവരുടെ ചോദ്യം ചെയ്യലിന്റെ രേഖകൾ ഇൻ്റർനെറ്റിൽ ലഭ്യമാണ്.

ചോദ്യം : ഈ കുഞ്ഞുങ്ങൾക്ക് എന്ത് പ്രായമുണ്ടായിരുന്നു?
ഉത്തരം : പ്രായം കൃത്യമായി ഊഹിക്കുക പ്രയാസമായിരുന്നു. അവർ വല്ലാതെ ക്ഷീണിച്ചാണ് ഇരുന്നത്. എന്നാലും, എട്ടിനും പന്ത്രണ്ടിനും ഇടക്കവും പ്രായം എന്ന് തോന്നുന്നു.

ചോദ്യം : നിങ്ങൾക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ. ആ നിങ്ങൾക്ക് എങ്ങനെയാണ് നിഷ്കളങ്കരായ ആ യഹൂദക്കുഞ്ഞുങ്ങളെ വെടിവെച്ചു കൊല്ലാൻ കഴിഞ്ഞത്? 

ഉത്തരം : എന്നോർക്കുമ്പോൾ എനിക്ക് ആശ്ചര്യമുണ്ട്. അന്ന് എങ്ങനെയാണ് ആ കുട്ടികളെ നിഷ്കരുണം വെടിവെച്ചു കൊല്ലാൻ എനിക്കായത് എന്ന് ഇപ്പോൾ എനിക്ക് വിശദീകരിക്കാൻ ആവുന്നില്ല. ഒരു അമ്മ എന്ന നിലക്ക് എന്നിൽ നിന്നുണ്ടായത്  അതിനിന്ദ്യമായ ക്രൂരതയായിരുന്നു. ഒരു പക്ഷേ, അവർ എന്നെ പറഞ്ഞു പഠിപ്പിച്ചു മനസ്സിൽ ഊട്ടിയുറപ്പിച്ച ഒരു കാര്യം, അതാണ് അങ്ങനെയൊക്കെ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ജർമനിയിൽ നിന്ന് ജൂതരെ തുടച്ചു നീക്കേണ്ടതുണ്ട്. അവർക്കെതിരെ എന്തും ചെയ്യാം. എന്ത് ചെയ്താലും അതിൽ തെറ്റൊന്നുമില്ല എന്ന് അവരെന്നെ ബോധ്യപ്പെടുത്തി. അവർ അതിന് അർഹരാണെന്നും. പിന്നെ ജൂതരോട് എന്ത് ക്രൂരത ചെയ്യുന്ന നേരത്തും എന്റെ കൈവിറച്ചില്ല, എനിക്ക് യാതൊരു മനസ്താപവും ഉണ്ടായതുമില്ല. 

ചോദ്യം :  നിങ്ങൾ വെടിവെച്ചു വീഴ്ത്തുമ്പോൾ ആ പാവം കുഞ്ഞുങ്ങളുടെ പ്രതികരണം എങ്ങനെയായിരുന്നു?

ഉത്തരം : ആദ്യത്തെ രണ്ടു കുട്ടികളെ വെടിവെച്ചു വീഴ്ത്തിയപ്പോൾ ആദ്യം അവരുടെ കണ്ണുകളിൽ ഞാൻ കണ്ടത് ഞെട്ടലായിരുന്നു. ഞെട്ടി വിറച്ച അവർ വേദനകൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കകം നിലവിളികൾ അടങ്ങി, പിന്നെ ഏങ്ങലടികളും ഗദ്ഗദങ്ങളും മാത്രമായി. അന്ന് ഈയൊരു ദൃശ്യം കണ്ടിട്ടും എന്റെ മനസ്സ് പിടക്കാഞ്ഞതെന്താണ്, അതെന്നെ തുടർന്നുള്ള കൊലകളിൽ നിന്ന് പിന്തിരിപ്പിക്കാഞ്ഞത് എന്തുകൊണ്ടാണ് എന്നൊന്നും എനിക്കറിയില്ല. എന്നെ ആ നിലവിളികളോ, കരച്ചിലോ, ഏങ്ങലടികളോ ഒന്നും ബാധിച്ചതേയില്ല. ഞാൻ അവശേഷിച്ചിരുന്ന നാലുപേരെക്കൂടി വെടിവെച്ചു കൊന്നു. ഇത്രയും നാളത്തെ ഓട്ടപ്പാച്ചിലിൽ അവരൊക്കെ ആകെ തളർന്നിരുന്നതുകൊണ്ടാവും, ആരും  അപ്പോൾ എന്നിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചില്ല.

Hitlers murderesses, role of women in Nazi death squads

കിഴക്കൻ യൂറോപ്പിൽ നാസികൾ കീഴടക്കിയ പ്രദേശങ്ങളിലേക്ക് സ്വമേധയാ ചെന്ന പല ജർമൻ സ്ത്രീകളുടെയും പ്രവർത്തനങ്ങളാണ് തന്റെ പുസ്തകത്തിലൂടെ പ്രൊഫ. ലോവർ പഠനവിധേയമാക്കിയത്. നാസി ജർമനി രണ്ടാം ലോകമഹായുദ്ധത്തിൽ തോറ്റുകീഴടങ്ങും വരെ അവിടെ നാസികളുടെ സംഹാരതാണ്ഡവമായിരുന്നു. ആ കൂട്ടക്കൊലകളിൽ പലതിന്റെയും മേൽനോട്ടം സ്ത്രീകൾക്കായിരുന്നു. അതിൽ ഒരാൾ ലിസോലോട്ട് മെയ്റെർ എന്നൊരു സ്ത്രീയായിരുന്നു. അവരുടെ വളരെ അടുത്ത സ്നേഹിതനായിരുന്നു ഒരു ജർമൻ രഹസ്യപൊലീസ് കമാണ്ടർ. തന്റെ കാമുകനോടൊപ്പം മിസ് മെയ്റെർ നിരവധി വധശിക്ഷകളിൽ പങ്കുചേർന്നു. പല യഹൂദരെയും സ്വന്തം കൈകൊണ്ടുതന്നെ വെടിവെച്ചു കൊന്നു. മഞ്ഞുവീണുകിടക്കുന്ന കുന്നിൻ ചെരുവുകളിൽ തടവുകാരായി ജൂതരെ ഓടി രക്ഷപ്പെടാൻ വിട്ട്, അവരെ തോക്കുകൊണ്ട് വെടിവെച്ചു വീഴ്ത്തി വേട്ടയാടുക എന്നൊരു ക്രൂരമായ വിനോദം അന്ന് ജർമൻ രഹസ്യപ്പൊലീസിന് ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലായിരുന്നു ഇത് പ്രധാനമായും അരങ്ങേറിയിരുന്നത്. മെയ്റെർ നേരിട്ടായിരുന്നു ഈ വേട്ടസംഘങ്ങൾക്ക് അവരുടെ ദൗത്യങ്ങൾ ഭാഗിച്ചു നൽകിയിരുന്നത്. ആരെ കൊല്ലണം, ആരെ വെറുതെ വിടണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവും മെയ്റെർക്കുണ്ടായിരുന്നു.സ്ഥിരമായി തനിക്ക് കേശാലങ്കാരം ചെയ്തുതന്നിരുന്ന ഒരു യഹൂദസ്ത്രീയെ അവർ കൊല്ലാതെ വിട്ടു. അതുപോലെ, ഒരു കമ്പിളിക്കുപ്പായം തുന്നി മുഴുമിക്കാനുണ്ടായിരുന്നു എന്നതിന്റെ പേരിൽ തുന്നൽക്കാരിയായ മറ്റൊരു സ്ത്രീയെയും. 

ജർമ്മൻ രഹസ്യപ്പോലീസിലെ കൊലപാതക സംഘത്തിലെ അംഗങ്ങളായിരുന്ന  SS യൂണിറ്റ് ഓഫീസർമാർക്ക് 'സെക്രട്ടറി' പോസ്റ്റിൽ ജർമൻ വനിതകളുടെ സേവനം ലഭ്യമായിരുന്നു. യൗവ്വനയുക്തകളായ ജർമൻ സ്ത്രീകളായിരുന്നു സ്വതവേ ആ തസ്തികയിലേക്ക് നിയുക്തരായിരുന്നത്. കൊലപാതകത്തെ നിത്യവൃത്തിയായിരുന്ന ഈ ഓഫീസർമാർക്ക് വൈകാരികമായ പിന്തുണ നൽകുക എന്നതായിരുന്നു സെക്രട്ടറിമാരുടെ ജോലി. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ അവരുടെ ലൈംഗികമായ ആവശ്യങ്ങൾ നിറവേറ്റി നൽകുക. പകൽ മുഴുവൻ ജൂതരെ വേട്ടയാടിയും അവരെ പീഡിപ്പിച്ചും കൊന്നുകൊലവിളിച്ചും ആകെ മാനസികമായ മടുപ്പോടെ, പലപ്പോഴും മദ്യവും സേവിച്ചുകൊണ്ട്  വന്നെത്തുന്ന ഓഫീസർമാർക്ക് കിടപ്പറയിൽ വേണ്ടതൊക്കെ ചെയ്തുകൊടുക്കേണ്ടത്, അടുത്ത ദിവസത്തെ ജോലിക്ക് അവരെ വീണ്ടും പൂർണോത്സാഹത്തോടെയും ഓജസ്സോടെയും പോകാൻ പ്രേരിതരാക്കേണ്ടത് ഈ സെക്രട്ടറിമാരായിരുന്നു. വധശിക്ഷകൾ നടപ്പിലാക്കുന്ന ദിവസങ്ങളിൽ ഓഫീസർമാർക്ക് വേണ്ട ലഘുഭക്ഷണങ്ങളും, ശീതള പാനീയങ്ങളും ഒക്കെ തീന്മേശമേൽ ഒരുക്കി വെക്കേണ്ടതും ഇവർ തന്നെയായിരുന്നു. 

Hitlers murderesses, role of women in Nazi death squads

ഈ പുസ്തകം പ്രധാനമായും സ്ത്രീകളുടെ കൊലപാതകത്വരയെ അനാവരണം ചെയ്യാൻ ശ്രമിക്കുന്ന ഒന്നായതുകൊണ്ട്, എർണ പെട്രിയെപ്പോലെയുള്ളവരുടെ കൊടും ക്രൂരതകളുടെ വർണ്ണനകളാണ് ഇതിലുള്ളത്. ഈ സ്ത്രീകളിൽ പലരും ഇതുപോലെ സെക്രട്ടറി അഥവാ താത്കാലിക ലൈംഗിക പങ്കാളിയുടെ റോളിൽ ഹിറ്റ്ലറുടെ രഹസ്യപൊലീസ് ഓഫീസർമാരുടെ കൂടെ അവർ പോകുന്നിടങ്ങളിൽ എല്ലാം കൂട്ടുപോകുന്നവരായിരുന്നു. യഹൂദരായ തടവുകാരെ അവർ തങ്ങളുടെ അടിമകളെപ്പോലെ കണക്കാക്കി അവരെക്കൊണ്ട് വിടുവേല ചെയ്യിക്കുകയും ചെയ്തുപോന്നിരുന്നു. 

ഇതിൽ പരാമർശിച്ചിരിക്കുന്ന മറ്റൊരു സ്ത്രീയാണ്, പോളണ്ടിലെ ഒരു ക്യാമ്പിന്റെ കമാണ്ടറുടെ ഭാര്യയായ ലിസെൽ വിൽഹൗസ്. അവരുടെ ഇഷ്ടവിനോദം തന്റെ വീടിന്റെ മുറ്റത്ത് കസേരയിട്ടിരുന്ന്, ജൂത തടവുകാരെ വെടിവെച്ചുവീഴ്ത്തുക എന്നതായിരുന്നു. ക്രൂരത തുളുമ്പുന്ന പെരുമാറ്റത്തിനുടമയായിരുന്ന മറ്റൊരു നാസി വനിതയുടെ പേര് വേരാ വോലാഫ് എന്നായിരുന്നു. അവർ 1942 -ൽ പോളണ്ടിലെ ഒരു പൊലീസ് കമാണ്ടറുടെ ഭാര്യയായിരുന്നു. 11,000 -ൽ പരം ജൂത തടവുകാരെ വളഞ്ഞുപിടിച്ച് കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിക്കേണ്ട ചുമതല ഈ പൊലീസ് കമാണ്ടർക്കായിരുന്നു. അതികൂരയായ ഈ വനിത, അന്ന് ഗർഭിണിയായിരുന്നിട്ടുകൂടി, കയ്യിൽ ഒരു ചാട്ടയുമേന്തി ഇങ്ങനെ കൊണ്ടുപോയിരുന്ന ജൂതരിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നവരെ മർദ്ദിക്കുമായിരുന്നത്രെ.  

നാസികൾ ജൂതർക്കെതിരെ നടത്തിയ അതിക്രമങ്ങളുടെ ആദ്യകാല പഠനങ്ങളിൽ നിന്ന് പലപ്പോഴും ഉണ്ടായിരുന്ന ധാരണ, ആ കുറ്റങ്ങളെല്ലാം    പുരുഷന്മാർ ചെയ്തിരുന്നതാണ് എന്നായിരുന്നു. എന്നാൽ അതങ്ങനെയല്ല, പുരുഷന്മാരോളം തന്നെ, പല സാഹചര്യങ്ങളിലും പുരുഷന്മാരെക്കാളും കൂടിയ അളവിലുള്ള ക്രൂരത പ്രകടിപ്പിച്ചിരുന്നത് നാസി സ്ത്രീകളാണ് എന്ന നിഗമനത്തിലേക്കാണ് പ്രൊഫസർ ലോവർ തന്റെ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന നിരീക്ഷണങ്ങളിലൂടെ എത്തിച്ചേരുന്നത്. ക്രൂരപീഡനങ്ങൾക്ക് മൂകസാക്ഷികളാകുകയോ, അല്ലെങ്കിൽ അവയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകുകയോ ഒന്നുമല്ല, നേരിട്ട് മുന്നിൽ നിന്ന് ആ ക്രൂരപീഡനങ്ങൾക്കും, നിഷ്ഠുരമായ ആ കൊലപാതകങ്ങൾക്ക് കാർമികത്വം വഹിക്കുകയാണ് നാസി സ്ത്രീകൾ പലപ്പോഴും അന്ന് ചെയ്തിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios