ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിൽനിന്ന് കൊണ്ടുപോയ നാഗാ വംശജരുടെ ഭൗതികാവശിഷ്ടങ്ങൾ ഓക്സ്ഫഡ് സർവകലാശാലയ്ക്ക് കീഴിലുള്ള പിറ്റ് റിവേഴ്സ് മ്യൂസിയം തിരികെ നൽകി. 39 പേരുടെ തലയോട്ടികളുൾപ്പെടെയുള്ള അവശിഷ്ടങ്ങളാണ് നാഗാ സമുദായത്തിന് കൈമാറിയത്.
ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിൽനിന്ന് കൊണ്ടുപോയ നാഗാ വംശജരായ 39 പേരുടെ ഭൗതികാവശിഷ്ടങ്ങൾ ഓക്സ്ഫഡ് സർവകലാശാലയ്ക്ക് കീഴിലുള്ള പിറ്റ് റിവേഴ്സ് മ്യൂസിയം നാഗാ സമുദായത്തിന് കൈമാറി. മ്യാന്മാറുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽനിന്ന് മുപ്പതോളം പ്രതിനിധികളാണ് ചരിത്രപരമായ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ബ്രിട്ടനിലെത്തിയത്.
തലയോട്ടിയുൾപ്പെടുന്ന 'പൂർവികരുടെ അവശിഷ്ടങ്ങൾ'
ലോകത്ത് നാഗാ സംസ്കാരവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ശേഖരം സൂക്ഷിക്കുന്നത് ഓക്സ്ഫഡ് മ്യൂസിയമാണ്. ആറായിരത്തോളം വസ്തുക്കളടങ്ങുന്ന ഈ ശേഖരത്തിൽനിന്നാണ് പ്രധാനമായും തലയോട്ടികൾ ഉൾപ്പെടുന്ന 'പൂർവികരുടെ അവശിഷ്ടങ്ങൾ' ഇപ്പോൾ നാഗാ ജനതയ്ക്ക് ഔദ്യോഗികമായി ലഭിച്ചിരിക്കുന്നത്.
മറ്റ് സംസ്കാരങ്ങളിൽനിന്ന്, പ്രത്യേകിച്ച് മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ, പാശ്ചാത്യ മ്യൂസിയങ്ങൾ എങ്ങനെയാണ് ശേഖരിച്ചതെന്ന് പുനഃപരിശോധിക്കുകയും ചിലത് തിരികെ നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിറ്റ് റിവേഴ്സ് മ്യൂസിയത്തിന്റെ ഈ കൈമാറ്റം. 19 -ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ നരവംശശാസ്ത്ര മ്യൂസിയം, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക എന്നിവിടങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ ഭൗതികാവശിഷ്ടങ്ങൾ ഇതിനുമുമ്പ് തിരികെ നൽകിയിട്ടുണ്ട്.
‘ചരിത്രപരമായ നിമിഷം’
കൈമാറ്റച്ചടങ്ങിൽ മ്യൂസിയം ഡയറക്ടർ ലോറ വാൻ ബ്രൂഖോവൻ ഈ ദിവസത്തെ ‘ചരിത്രപരമായ നിമിഷം’ എന്ന് വിശേഷിപ്പിച്ചു. 2020 -ലാണ് മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങൾ മ്യൂസിയത്തിലെ പ്രദർശനങ്ങളിൽനിന്ന് പൂർണമായി ഒഴിവാക്കാൻ പിറ്റ് റിവേഴ്സ് മ്യൂസിയം തയ്യാറായത്. ഇപ്പോഴും ഏകദേശം 2,700-ഓളം മനുഷ്യാവശിഷ്ടങ്ങൾ മ്യൂസിയത്തിന്റെ സംഭരണശാലയിലുണ്ടെന്ന് എഎഫ്പിയോട് സംസാരിക്കവെ ഡയറക്ടർ വെളിപ്പെടുത്തി. വ്യത്യസ്തമായ ധാർമിക കാഴ്ചപ്പാടുകളുണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് ഇവ ശേഖരിക്കപ്പെട്ടതെന്നും ഇന്നത്തെ കാലത്തെ മാനദണ്ഡങ്ങൾ വച്ച് നോക്കുമ്പോൾ അത്തരം നടപടികൾ അങ്ങേയറ്റം പ്രശ്നഭരിതമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ചരിത്രത്തിന്റെ നീതികേട് ഇനിയും ബാക്കി
1910 -നും 1940 -നും ഇടയിലാണ് ഭൂരിഭാഗം നാഗാ അവശിഷ്ടങ്ങളും ഓക്സ്ഫഡിൽ എത്തിയത്. നരവംശശാസ്ത്രജ്ഞർ കൂടിയായിരുന്ന രണ്ട് ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളാണ് ഇവയിൽ ഭൂരിഭാഗവും ശേഖരിച്ചത്. ലണ്ടനിലെത്തിയ നാഗാ പ്രതിനിധിസംഘം ഈ അവശിഷ്ടങ്ങൾ ശേഖരിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പിൻതലമുറക്കാരെയും സന്ദർശിച്ചു. "സ്വന്തം പിതാവിന്റെയോ മുത്തച്ഛന്റെയോ തലയോട്ടി മറ്റൊരാൾക്ക് സമ്മാനമായി നൽകാൻ ആരും തയ്യാറാകില്ല. അതിനാൽ ചരിത്രത്തിൽ നടന്ന നീതികേടുകളെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്," നാഗാ നേതാവ് തെജാവോ വിഹിന്യൂനോ വ്യക്തമാക്കി.
നാഗാ സമുദായത്തിൽ മുൻകാലങ്ങളിൽ ശത്രുക്കളുടെ തല വെട്ടിയെടുക്കുന്ന 'ശിരച്ഛേദന' രീതി നിലനിന്നിരുന്നുവെങ്കിലും, സ്വന്തം ഗോത്രത്തലവന്മാരുടെ തലയോട്ടികൾ ഗ്രാമങ്ങൾക്ക് നടുവിൽ ആദരവോടെ സൂക്ഷിക്കുന്ന ആചാരവും ഉണ്ടായിരുന്നുവെന്ന് ലോത്ത-നാഗാ സമുദായാംഗവും നരവംശശാസ്ത്രജ്ഞയുമായ ഡോളി കിക്കോൺ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ തിരികെ നൽകിയവയിൽ ഒരു ഗോത്രത്തലവന്റെ തലയോട്ടി ഉൾപ്പെടുന്നുണ്ട്. സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തുന്ന ഈ പൂർവികരുടെ ഭൗതികാവശിഷ്ടങ്ങൾ പൂർണ ആദരവോടെ സംസ്കരിക്കാനാണ് നാഗാ സമുദായത്തിന്റെ തീരുമാനം.














