Asianet News MalayalamAsianet News Malayalam

എന്തിനിത്ര ക്രൂരത? മനുഷ്യന്‍റെ സ്വാര്‍ത്ഥത വെളിവാക്കുന്ന ചിത്രം, അതുകണ്ട് മരവിച്ച് ലോകം...

നിരോധനം നീക്കി വെറും ഒരുമാസം പിന്നിടുമ്പോള്‍ തന്നെ പുറത്തുവരുന്ന ഇത്തരം ഭീതിദവും ക്രൂരവുമായ കാഴ്ചകള്‍ ആശങ്കാജനകമാണെന്ന വാദവും ഉയര്‍ന്നു തുടങ്ങി. 

horrifying picture of African elephant
Author
Botswana, First Published Jul 22, 2019, 5:59 PM IST

നുഷ്യനും വന്യജീവികളും തമ്മിലുള്ള പോരാട്ടം മനുഷ്യനുണ്ടായ കാലം മുതലെ ഉള്ളതാണ്. നിലനില്‍പ്പിന്, അതിജീവനത്തിന് എന്നൊക്കെ കാരണം പറയുമെങ്കിലും മനുഷ്യന്‍ അവന്‍റെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് കൂടിവേണ്ടി മൃഗങ്ങളെ കൊല്ലുന്നത് സാധാരണമായി മാറിയിരിക്കുകയാണ്. കൊമ്പുകള്‍ക്ക് വേണ്ടി വേട്ടയാടപ്പെടുന്ന ആഫ്രിക്കന്‍ ആനകളുടെ ദൈന്യതയിലേക്ക് ശ്രദ്ധ തിരിക്കുന്ന ഒരു ചിത്രമാണ് കുറച്ച് നാളുകള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിയത്. 

മനസ് മരവിച്ചു പോകുന്ന ചിത്രമാണ് ഡോക്യുമെന്‍ററി ഫിലിം മേക്കറായ ജസ്റ്റിന്‍ സുള്ളിവന്‍ പകര്‍ത്തിയ ഈ ചിത്രം. ബോട്സ്വാനയിലെ ആനവേട്ടയുടെ ക്രൂരത വെളിവാക്കുന്ന ചിത്രമാണിത്. സുള്ളിവന്‍ പകര്‍ത്തിയ ഈ ചിത്രത്തില്‍ ഒരു ആന കിടക്കുന്നത് കാണാം. സമീപത്തായി അതിന്‍റെ തുമ്പിക്കൈ അറുത്തുമാറ്റിയ നിലയില്‍ കിടപ്പുണ്ട്. 'ഡിസ്കണക്ഷന്‍' ('Disconnection') എന്ന് പേരിട്ടിരിക്കുന്ന ഡ്രോണ്‍ ചിത്രം ഒരുപാട് ശ്രദ്ധേയമായിരുന്നു. വേട്ടയ്ക്ക് ശേഷം തുമ്പിക്കയ്യും മറ്റും വെട്ടിമാറ്റിയ നിലയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നു ആനയുടെ മൃതദേഹം. വേട്ടക്കാര്‍ ചെയിന്‍സോ ഉപയോഗിച്ചാണ് ആനയുടെ തുമ്പിക്കൈ അറുത്തുമാറ്റിയതും പിന്നീട് കൊമ്പുകളെടുത്തതും എന്ന് പറയപ്പെടുന്നു. 

Andrei Stenin International Press Photo Contest -ലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. സുള്ളിവന്‍ തന്‍റെ ഷൂട്ടിങ്ങിനിടയിലാണ് ബോട്സ്വാനയില്‍ ഒരു ആനയെ വേട്ടയാടിക്കൊലപ്പെടുത്തിയതും പിന്നീട് ശരീരം ഉപേക്ഷിച്ചതും അറിയുന്നത്. ആ വിവരം അറിയിച്ചവരോട് ആനയുടെ മൃതദേഹം കിടക്കുന്ന ആ സ്ഥലത്തേക്ക് തന്നെ എത്തിക്കാമോ എന്ന് ചോദിക്കുകയായിരുന്നു സുള്ളിവന്‍. സ്ഥലത്തെത്തിയതോടെ ഡ്രോണ്‍ ഉപയോഗിച്ച് ആ ദാരുണകൊലയുടെ ശേഷിപ്പായ ചിത്രം പകര്‍ത്തുകയായിരുന്നു. 

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെ സൂചിപ്പിക്കാനാണ് സുള്ളിവന്‍ തന്‍റെ ചിത്രത്തിന് ഡിസ്കണക്ഷന്‍ എന്ന് പേരിട്ടത്. ആഫ്രിക്കന്‍ ആനകള്‍ വര്‍ധിച്ച തോതിലുള്ള സ്ഥലമാണ് ബോട്സ്വാന. 2019 മേയ് മാസം മുതലാണ് ഇവിടെ ആനയെ വേട്ടയാടുന്നതിലുള്ള വിലക്ക് നീക്കിയത്. കര്‍ഷകര്‍ക്ക് ഈ ആനകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അവരുടെ ജീവിതമാര്‍ഗം ഇല്ലാതാക്കുന്നുവെന്നും കാണിച്ചായിരുന്നു നിരോധനം നീക്കിയത്. എന്നാല്‍, ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടാവുകയും അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. 

നിരോധനം നീക്കി വെറും ഒരുമാസം പിന്നിടുമ്പോള്‍ തന്നെ പുറത്തുവരുന്ന ഇത്തരം ഭീതിദവും ക്രൂരവുമായ കാഴ്ചകള്‍ ആശങ്കാജനകമാണെന്ന വാദവും ഉയര്‍ന്നു തുടങ്ങി. എലഫെന്‍റ് വിത്തൗട്ട് ബോര്‍ഡേര്‍സ് (Elephants Without Borders) സമീപകാലത്തായി  നടത്തിയ പഠനം പറയുന്നത് വേട്ടയ്ക്ക് നിരോധനം നിലനില്‍ക്കെത്തന്നെ 2017-2018 വര്‍ഷത്തിനുള്ളില്‍ 400 ആനകളാണ് ഇവിടെ കൊല്ലപ്പെട്ടത് എന്നാണ്.  കറന്‍റ് ബയോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. നിരോധനം നീക്കുക കൂടി ചെയ്തതോടെ ആ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും ഇവര്‍ പറയുന്നു. നൂറുകണക്കിന് ആനകള്‍ ഓരോ വര്‍ഷവും വേട്ടയാടപ്പെടാമെന്ന സത്യത്തിലേക്കും റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നുണ്ട്. 

ഏതായാലും മനുഷ്യരുടെ സ്വാര്‍ത്ഥത വെളിവാക്കുന്ന ചിത്രം ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇത് ആനകളെ സംരക്ഷിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ നയിക്കുമെന്ന പ്രതീക്ഷയിലാണ് ഫോട്ടോഗ്രാഫര്‍ ജസ്റ്റിന്‍ സുള്ളിവനടക്കമുള്ളവര്‍. 

Follow Us:
Download App:
  • android
  • ios