Asianet News MalayalamAsianet News Malayalam

ഒരു സുപ്രഭാതത്തിൽ വീട് തന്നെ 'മോഷണം' പോയി, അന്തം വിട്ട് ഉടമ!

പൊലീസ് ഇപ്പോൾ അന്വേഷണം തുടരുകയാണെന്നും, കൂടുതൽ അഭിപ്രായം ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും വസ്തു ഇടപാടിൽ ഉൾപ്പെട്ട അഭിഭാഷകൻ പറഞ്ഞു. 

house 'stolen' in Luton
Author
Luton, First Published Nov 3, 2021, 12:29 PM IST
  • Facebook
  • Twitter
  • Whatsapp

പകൽ വീടും പരിസരവും നോക്കിവച്ച് രാത്രി വീട്ടിൽ മോഷ്ടിക്കാൻ കയറുന്ന കള്ളന്മാരെ കുറിച്ച് നമുക്കറിയാം. എന്നാൽ, ഒരു വീട്(house) തന്നെ അങ്ങ് മോഷണം(stolen) പോയാൽ എന്തായിരിക്കും അവസ്ഥ. ഒരു സുപ്രഭാതത്തിൽ വീട്ടിലെത്തുന്ന നിങ്ങൾ വീട്ടിൽ മറ്റൊരു ഉടമയെ കണ്ടാൽ എന്ത് ചെയ്യും? ബെഡ്‌ഫോർഡ്‌ഷെയറിലെ ലൂട്ടണിൽ ഒരു കള്ളൻ വ്യാജരേഖകൾ ഉണ്ടാക്കി വീട് മറ്റൊരാൾക്ക് വിൽക്കുകയുണ്ടായി. റെവറന്റ് മൈക്ക് ഹാളിന്റെ വീടാണ് അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ ആൾമാറാട്ടം നടത്തി കള്ളൻ മറ്റൊരാൾക്ക് വിറ്റത്. അദ്ദേഹം വെയിൽസിൽ ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ വീടിനുള്ളിൽ ആരോ ഉണ്ടെന്ന് പറഞ്ഞ് അയൽക്കാർ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു.  

വീട്ടിൽ ആരോ ഉണ്ടെന്നും എല്ലാ ലൈറ്റുകളും ഓണാണെന്നും അവർ പറഞ്ഞു. ഇത് കേട്ടയുടൻ അദ്ദേഹം വീട്ടിലേയ്ക്ക് പാഞ്ഞു. അവിടെയെത്തിയ അദ്ദേഹം അമ്പരന്ന് പോയി. വീട്ടിൽ അദ്ദേഹം വാങ്ങിയിട്ടിരുന്ന ഫർണിച്ചറുകൾ ഒന്നും കാണാനില്ലായിരുന്നു. കൂടാതെ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായും അദ്ദേഹം കണ്ടെത്തി. മൈക്കിന്റെ ഐഡന്റിറ്റി മോഷ്ടിക്കപ്പെട്ടതായും അതുപയോഗിച്ച് ഒരു കള്ളൻ മൈക്കിന്റെ വീട് മറ്റൊരാൾക്ക് വിറ്റതായും ബിബിസി അന്വേഷണത്തിൽ കണ്ടെത്തി. പൊലീസ് ആദ്യം ഇത് അംഗീകരിച്ചില്ലെങ്കിലും, ഇപ്പോൾ ഇതിനെ കുറിച്ച് അന്വേഷിച്ച് വരികയാണ്.  

"ഞാൻ താക്കോൽ ഉപയോഗിച്ച് മുൻവാതിൽ തുറക്കാൻ ശ്രമിച്ചു. എന്നാൽ, സാധിച്ചില്ല. പകരം ഒരാൾ വാതിൽ തുറന്ന് പുറത്ത് വന്നു. ഞാൻ അയാളെ തള്ളിയിട്ട് അകത്ത് കയറി. അയാൾ അവിടെ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അകത്ത് കടന്ന് നോക്കുമ്പോൾ, വീട്ടിലെ ഫർണിച്ചറുകൾ, പരവതാനികളും, കർട്ടനുകളും എല്ലാം അപ്രത്യക്ഷമായിരുന്നു" അദ്ദേഹം ബിബിസിയോട് പറഞ്ഞു. അവിടെയുണ്ടായിരുന്ന പണിക്കാരൻ പുതിയ ഉടമയുടെ പിതാവിനെ വിളിച്ചുവരുത്തി. താൻ ജൂലൈയിൽ ഈ വീട് വാങ്ങിയതാണെന്ന് അയാൾ മൈക്കിനോട് പറഞ്ഞു. "ഇത് ഇപ്പോൾ എന്റെ സ്വത്താണ്, നിങ്ങൾ ഇപ്പോൾ അതിക്രമിച്ചു കയറുകയാണ്, കടക്ക് പുറത്ത്" അയാൾ ആക്രോശിച്ചു. സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട മൈക്ക് ഉടനെ തന്നെ പൊലീസിൽ വിവരം അറിയിച്ചു.

പിന്നീട് വീടിന്റെ ഉടമസ്ഥാവകാശം ആരുടെ പേരിലാണ് എന്നറിയാൻ ലാൻഡ് രജിസ്ട്രി ഡോക്യുമെന്റേഷൻ സൈറ്റിൽ കയറി നോക്കിയ അദ്ദേഹം ഞെട്ടിപ്പോയി. വാസ്തവത്തിൽ, ഓഗസ്റ്റ് നാല് മുതൽ ഇത് പുതിയ ഉടമയുടെ പേരിലാണ്. അത് കണ്ടതോടെ ഇനി ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കൈമലർത്തി. എന്നാൽ, പിന്നീട് അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് പൊലീസ് കേസ് അന്വേഷിക്കാൻ തയ്യാറായി. അവരുടെ അന്വേഷണത്തിന്റെ ഭാഗമായി, കള്ളൻ ആൾമാറാട്ടം നടത്താൻ മൈക്കിന്റെ ഡ്രൈവിംഗ് ലൈസൻസും അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ഉപയോഗിച്ചുവെന്ന് കണ്ടെത്തി. വീടു വിൽപന നടത്തിയതിലെ വ്യാജ ഇടപാടുകളുടെ ഫോൺ റെക്കോർഡിംഗും അവർ ശേഖരിച്ചു. മൈക്കായി ആൾമാറാട്ടം നടത്തിയ കള്ളൻ പുതിയ ഉടമയ്ക്ക് 131,000 പൗണ്ടിനാണ് വീട് വിറ്റത്. ഒരിക്കൽ വിറ്റുകഴിഞ്ഞാൽ, പിന്നെ വീട് നിയമപരമായി പുതിയ ഉടമയുടേതാണ്.  

പൊലീസ് ഇപ്പോൾ അന്വേഷണം തുടരുകയാണെന്നും, കൂടുതൽ അഭിപ്രായം ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും വസ്തു ഇടപാടിൽ ഉൾപ്പെട്ട അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ വർഷം ഇത്തരം കള്ള രേഖകൾ ചമച്ച് നടത്തിയ വ്യാജ ഇടപാടുകളിൽ ലാൻഡ് രജിസ്‌ട്രിയ്ക്ക് മൊത്തം 3.5 മില്യൺ പൗണ്ട് നഷ്ടപരിഹാരമായി നൽകേണ്ടി വന്നിരുന്നു. എല്ലാ വർഷവും ഇത്തരം ഇടപാടുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് അവർ പറയുന്നു. 

Follow Us:
Download App:
  • android
  • ios