‘അത്തരമൊരു അന്തരീക്ഷത്തിൽ, ഞാൻ സ്വപ്നം കാണാനുള്ള ധൈര്യം കാണിച്ചു. എന്റെ സ്വപ്നം ചെറുതായിരുന്നു, എന്റെ മകനെ അന്തസ്സോടെ വളർത്തുക, അന്തസ്സോടെ ജീവിക്കുക എന്നതായിരുന്നു അത്. പക്ഷേ അതിന് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു.’
വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ജീവിച്ച താൻ എങ്ങനെയാണ് പൊലീസ് യൂണിഫോമെന്ന സ്വപ്നം സാക്ഷാത്കരിച്ചത് എന്ന ഒരു യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്. പരമ്പരാഗതമായ വസ്ത്രം ധരിച്ചുകൊണ്ടുള്ളതും പൊലീസ് യൂണിഫോം ധരിച്ചുകൊണ്ടുള്ളതുമായ തന്റെ രണ്ട് ചിത്രങ്ങളുടെ കൊളാഷ് പങ്കുവെച്ചുകൊണ്ടാണ് വനിതാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP) ആയ അഞ്ജു യാദവ് പോസ്റ്റ് ഷെയർ ചെയ്തത്. എല്ലാ തടസങ്ങളെയും തരണം ചെയ്തുകൊണ്ട് എങ്ങനെ താൻ ഈ സ്വപ്നം നേടിയെടുത്തു എന്ന് അഞ്ജു പോസ്റ്റിൽ വിവരിക്കുന്നു.
'ആദ്യത്തെ ചിത്രം എടുത്തപ്പോൾ, ഞാൻ എന്തെങ്കിലുമായിത്തീരും എന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല, ഡിഎസ്പി എന്ന വാക്ക് ഞാനന്ന് കേട്ടിട്ടുപോലുമില്ല. രാവിലെ മുതൽ രാത്രി വരെ വീട്ടുജോലികൾ ചെയ്ത്, അടുത്ത ദിവസം വരുന്നതുവരെ കാത്തിരുന്ന ഒരു സ്ത്രീ മാത്രമായിരുന്നു ഞാൻ' എന്ന് അഞ്ജു കുറിക്കുന്നു.
'പല ഗ്രാമങ്ങളിലെയും ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് സ്വപ്നം കാണാൻ പോലും അർഹതയുണ്ടാവാറില്ല. അവർക്ക് അതിനുള്ള ധൈര്യമുണ്ടായാൽ, പരിഹാസം, അധിക്ഷേപം, ദുരുപയോഗം, അക്രമം അല്ലെങ്കിൽ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കപ്പെടുമെന്ന ഭീഷണി എന്നിവയെല്ലാം നേരിടാൻ അവർ തയ്യാറായിരിക്കേണ്ടി വരു'മെന്നും അവർ പറയുന്നു.
'അത്തരമൊരു അന്തരീക്ഷത്തിൽ, ഞാൻ സ്വപ്നം കാണാനുള്ള ധൈര്യം കാണിച്ചു. എന്റെ സ്വപ്നം ചെറുതായിരുന്നു, എന്റെ മകനെ അന്തസ്സോടെ വളർത്തുക, അന്തസ്സോടെ ജീവിക്കുക എന്നതായിരുന്നു അത്. പക്ഷേ അതിന് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. എന്റെ മാതാപിതാക്കൾക്കും മകനും എനിക്കും ഒരു നീണ്ട പോരാട്ടം തന്നെ അതിനായി നടത്തേണ്ടി വന്നു'.
'വേദനയും ഭീഷണിയും ഉപദ്രവവും എല്ലാം സഹിച്ചാണ് താൻ തന്റെയീ സ്വപ്നം നേടിയെടുത്തത്. ഒറ്റരാത്രികൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യമല്ല ഇത്. അതിനായി സഹിച്ച കഷ്ടപ്പാടുകൾ വളരെ വലുതാണ്' എന്നാണ് അഞ്ജു തന്റെ പോസ്റ്റിൽ പറയുന്നത്. 'പക്ഷേ ഒടുവിൽ, സ്നേഹവും ബഹുമാനവും അന്തസ്സും എനിക്ക് മുന്നിൽ വന്നു തുടങ്ങി. അങ്ങനെയാണ് ആദ്യത്തെ ചിത്രത്തിലെ സ്ത്രീയിൽ നിന്ന് രണ്ടാമത്തെ ചിത്രത്തിലെ സ്ത്രീയായി ഞാൻ മാറിയത്' എന്നും അഞ്ജു കുറിച്ചു. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഇന്നും സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും വിരൽ ചൂണ്ടുന്നതാണ് അഞ്ജുവിന്റെ പോസ്റ്റ്. ഒരുപാടുപേർ അഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകി.


