Asianet News MalayalamAsianet News Malayalam

സ്ക്രീൻ ടൈം കുറക്കാം, ഇന്നുതന്നെ വായിച്ച് തുടങ്ങാം; ഒരിക്കൽ നിലച്ച വായനാശീലം വീണ്ടെടുക്കാൻ

ഒരിക്കൽ കടുകട്ടിയായ പുസ്തകങ്ങൾ പോലും വളരെ എളുപ്പം വായിച്ചു തീർത്ത ഒരാളായിരിക്കാം നിങ്ങൾ. എന്നാൽ, നിരന്തരം ഫോൺ നോക്കിയും റീലുകളും മറ്റും കണ്ടും നമ്മുടെ ആസ്വാദനരീതി ഒരുപക്ഷേ മാറിപ്പോയിട്ടുണ്ടാകാം. അതിനാൽ, എളുപ്പത്തിൽ വായിക്കാനാവുന്ന, അധികം ബുദ്ധിമുട്ടില്ലാത്ത ഏതെങ്കിലും പുസ്തകം തിരഞ്ഞെടുക്കുന്നതാണ് വായന വീണ്ടും തുടങ്ങാൻ നല്ലത്.

how to get back reading again reading day story
Author
First Published Jun 19, 2024, 1:27 PM IST

“That's the thing about books. They let you travel without moving your feet.”
― Jhumpa Lahiri, The Namesake

ഒരുപാട് വായിച്ചിരുന്ന ഒരാളാണ് നിങ്ങളെങ്കിൽ, പെട്ടെന്നോ പതിയെപ്പതിയെയോ ആ വായന നിന്നുപോയെങ്കിൽ അത് നിങ്ങളെ വല്ലാതെ വേദനിപ്പിക്കും. പണ്ട്, എന്തൊരാർത്തിയോടെയാണ് പുസ്തകം വായിച്ചിരുന്നത്, ഇപ്പോഴതിന് കഴിയുന്നില്ലല്ലോ എന്ന് ഇടയ്ക്ക് കുറ്റബോധവും തോന്നും. 

വായിക്കുന്ന കാലവും വായിക്കാത്ത കാലവും ഉറപ്പായും രണ്ടാണ്. വായിക്കുന്ന കാലത്ത് നമ്മുടെ ചിന്തകൾക്ക് പോലും ഒരു തെളിച്ചവും വെളിച്ചവുമുണ്ടാകും. നമ്മുടെ ഭാവനകൾ കൂടുതലുണരും. എന്തിന്, സുഹൃത്തുക്കളടുത്തില്ലെങ്കിൽ പോലും കൂട്ടിനൊരു പുസ്തകമുണ്ടെങ്കിൽ നാം തനിച്ചാകില്ല. വായന നിന്നുപോകുമ്പോൾ അതിനാൽ തന്നെ ആ വ്യത്യാസം നമുക്ക് തിരിച്ചറിയാൻ പറ്റും.

how to get back reading again reading day story

മൊബൈലുകൾ നമ്മുടെ അടുത്ത സുഹൃത്തുക്കളായതോടെ വായന മിക്കവാറും നിന്നുപോയിട്ടുണ്ട്. വായിക്കാൻ തുടങ്ങിയാലും എളുപ്പത്തിൽ ശ്രദ്ധ മാറിപ്പോവുകയും വീണ്ടും മൊബൈൽ കയ്യിലെത്തുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഏറെക്കുറെ പൂർണമായും നിങ്ങളുടെ വായന നിലച്ചു പോയെങ്കിൽ അത് തിരികെ കിട്ടാൻ കുറച്ച് പാടുതന്നെയാണ്. അല്പം ശ്രമകരമായ ജോലി കൂടിയാണ് വായിക്കുന്ന നിങ്ങളെ തിരികെയെടുക്കുക എന്നത്. 

എന്നാൽ, ഒരിക്കൽ പയ്യെപ്പയ്യെ വീണ്ടും വായനയിലേക്ക് തിരികെ വന്നാൽ ഈ അവസ്ഥ മാറുകയും നമ്മെ നമുക്ക് തന്നെ തിരിച്ചു കിട്ടുകയും ചെയ്യും. ഒരിക്കൽ നിലച്ചുപോയ വായന തിരികെ കൊണ്ടുവരാൻ എന്താണ് ചെയ്യാനാവുക? കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വായനയുടെ ലോകത്തിലേക്കെത്തിച്ചേരാം. 

പുസ്തകം തിരഞ്ഞെടുക്കുമ്പോൾ

ഒരിക്കൽ കടുകട്ടിയായ പുസ്തകങ്ങൾ പോലും വളരെ എളുപ്പം വായിച്ചു തീർത്ത ഒരാളായിരിക്കാം നിങ്ങൾ. എന്നാൽ, നിരന്തരം ഫോൺ നോക്കിയും റീലുകളും മറ്റും കണ്ടും നമ്മുടെ ആസ്വാദനരീതി ഒരുപക്ഷേ മാറിപ്പോയിട്ടുണ്ടാകാം. അതിനാൽ, എളുപ്പത്തിൽ വായിക്കാനാവുന്ന, അധികം ബുദ്ധിമുട്ടില്ലാത്ത ഏതെങ്കിലും പുസ്തകം തിരഞ്ഞെടുക്കുന്നതാണ് വായന വീണ്ടും തുടങ്ങാൻ നല്ലത്. അതേസമയം തന്നെ നല്ല ഒഴുക്കുള്ള, നല്ല ഭാഷയുള്ള പുസ്തകമാവാനും ശ്രദ്ധിക്കാം. 

ഫിക്ഷൻ വേണോ നോൺ ഫിക്ഷൻ വേണോ?

ഫിക്ഷൻ വായിച്ച് തുടങ്ങണോ, നോൺ ഫിക്ഷൻ വായിച്ചു തുടങ്ങണോ എന്നത് നിങ്ങളുടെ വായനയിലെ ഇഷ്ടത്തെ ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങൾക്ക് ഏതുതരം പുസ്തകമാണോ വായിക്കാൻ ഇഷ്ടം ആ ​ഗണത്തിൽ പെട്ട പുസ്തകങ്ങൾ തന്നെ തിരഞ്ഞെടുക്കാം. അതിലെ കുറച്ചുകൂടി ഈസി റീഡിം​ഗ് ആയിട്ടുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം.

how to get back reading again reading day story

അതുപോലെ, കുട്ടികളുടെ പുസ്തകങ്ങളോ, ത്രില്ലറോ, ആത്മകഥകളോ എന്തുമാവാം അത്. പയ്യെപ്പയ്യെ നമ്മുടെ പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് നമ്മുടെ പഴയകാല തിരഞ്ഞെടുപ്പുകളിലേക്ക് എത്തിക്കോളും. 

സമയം ക്രമീകരിച്ചേ തീരൂ

വായിക്കാൻ വേണ്ടി ഉറപ്പായും കുറച്ച് സമയം ചെലവഴിക്കണം എന്ന് ആദ്യം ഒരു തീരുമാനമെടുക്കേണ്ടി വരും. അത് നിർബന്ധപൂർവം ചെയ്താൽ മാത്രമേ പയ്യപ്പയ്യെ നമ്മൾ സ്വാഭാവികമായി വായനയിലെത്തിച്ചേരൂ. ഒരു ദിവസം ഇത്ര മണിക്കൂർ വായനയ്ക്ക് വേണ്ടി മാറ്റിവയ്ക്കും. അല്ലെങ്കിൽ ഇത്ര പേജ് ഞാൻ വായിച്ചു തീർക്കും എന്ന് മനസിലുറപ്പിക്കാം. ആ സമയം തെറ്റാതെ വായിക്കാം. 

സ്ക്രീൻടൈം കുറക്കണം

എപ്പോഴും മൊബൈൽ കയ്യിൽ വേണ്ടവർ ഒരുപാടുണ്ട്. ഉണ്ണുമ്പോഴും, ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വരെയും, ബാത്ത്റൂമിൽ പോകുമ്പോഴും ഒക്കെ മൊബൈൽ കയ്യിൽ വേണ്ടുന്നവർ. നമ്മളറിയാതെ തന്നെ നമ്മുടെ സ്ക്രീൻ‌ ടൈം വളരെ അധികമാവുകയാണ് ഇതുവഴി ചെയ്യുന്നത്. അത് കുറക്കാം. എപ്പോഴൊക്കെ നമുക്ക് വായന സാധ്യമാണോ അപ്പോഴൊക്കെ വായിക്കാം. 

how to get back reading again reading day story

ഉദാഹരണത്തിന് പാചകത്തിന്റെ ഇടവേളയിലും വെറുതെ ഇരിക്കുമ്പോഴും ഒക്കെ ഈസിയായി വായിച്ചുപോകാവുന്ന ഒരു പുസ്തകം കയ്യിൽ കരുതാം. പതിയെ നമ്മുടെ സമയം നാം പുസ്തകത്തിന് വേണ്ടി മാറ്റിവച്ചുകൊള്ളും. അത് നമ്മെ മൊത്തത്തിൽ ഒന്ന് ശാന്തരാക്കും. 

വായനയ്ക്ക് ഒരിടം

വീട്ടിൽ എവിടെയെങ്കിലും മറ്റ് ശല്ല്യങ്ങളൊന്നുമില്ലാതെ ഇരുന്ന് വായിക്കാനാവുന്ന ഒരിടം നമ്മുടെ വായനയ്ക്ക് വേണ്ടി ക്രമീകരിക്കാം.

how to get back reading again reading day story

നമുക്ക് കൂടുതൽ നേരം ഇരിക്കാനാവുന്ന തരത്തിൽ കംഫർട്ടായ കസേരയോ, ബീൻ ബാ​ഗോ, സ്റ്റൂളോ ഒക്കെ അവിടെ വയ്ക്കാം. ഇഷ്ടപ്പെടുന്ന ക്വോട്ടുകളും മറ്റും എഴുതിവച്ചും ചെടികൾ വച്ചും ഈ ഇടം കൂടുതൽ മനോഹരമാക്കാം. 

കൂടെയുള്ളവരോട് പറയാം

നിങ്ങളുടെ വായനയുടെ സമയത്ത് ഇടപെടരുതെന്നും അനാവശ്യമായി വിളിച്ച് ശ്രദ്ധ കളയരുതെന്നും കൂടെ താമസിക്കുന്നവരോട് ആവശ്യപ്പെടാം. ഉദാഹരണത്തിന് രസകരമായ ഒരു വീഡിയോ നിങ്ങളെ കാണിക്കാൻ ആ​ഗ്രഹിക്കുന്ന കൂട്ടുകാരാണെങ്കിൽ അവരോട് നേരത്തെ തന്നെ പറയുക, അല്പം വായിക്കാൻ പോവുകയാണ്, അതിനിടയിൽ ശ്രദ്ധ കളയരുതേ എന്ന്. 

എഴുതിവയ്ക്കാം

എഴുതിയ പുസ്തകങ്ങളുടെ പേരുകളും അതിനെ കുറിച്ചുള്ള വിവരങ്ങളും ഒരു പുസ്തകത്തിൽ ചുരുങ്ങിയ വാക്കുകളിൽ എഴുതി വയ്ക്കാം. ഇത് ഒരു അടുക്കും ചിട്ടയും വരാനും കൂടുതൽ വായിക്കാനും സ്വയം അഭിമാനം തോന്നാനും നിങ്ങളെ സഹായിക്കും. 

ലൈബ്രറിയിൽ അം​ഗമാകാം

എല്ലാ പുസ്തകവും വാങ്ങി വായിക്കണം എന്നില്ല. വായിച്ച് തുടങ്ങി നല്ലതല്ലെങ്കിൽ പൈസ പോയി എന്ന് സങ്കടപ്പെടണ്ടല്ലോ? അതിനായി ഒരു ലൈബ്രറിയിൽ അം​ഗത്വമെടുക്കാം. അവിടെ നിന്നും പുസ്തകങ്ങളെടുത്ത് വായിക്കാം. നല്ല പുസ്തകമാണ് എന്നും നമ്മുടെ കളക്ഷനിലേക്ക് ചേർക്കണമെന്നും തോന്നിയാൽ പിന്നീട് വാങ്ങി വയ്ക്കാമല്ലോ. 

how to get back reading again reading day story

അതുപോലെ, പുസ്തകങ്ങൾ വായിക്കുന്ന കൂട്ടുകാരുണ്ടെങ്കിൽ അവരോട് പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുകയും പുസ്തകങ്ങൾ കടം വാങ്ങി വായിക്കുകയും ചെയ്യാം. 

(ജൂൺ 19 വായനദിനം: കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. സ്വന്തം നാട്ടിൽ 'സനാതനധർമം' എന്ന വായനശാല ആരംഭിച്ചാണ് അദ്ദേഹം ​ഗ്രന്ഥശാല പ്രസ്ഥാനം ആരംഭിച്ചത്. വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം അവരെ വായിക്കാൻ പ്രേരിപ്പിച്ചു. 1947 -ലാണ് ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തത്. പിന്നീട് ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രാവാക്യമുയർത്തി പാറശ്ശാല മുതൽ കാസർ​ഗോഡ് വരെ അദ്ദേഹം 1970 -ൽ കാൽനടയായി സാംസ്കാരിക ജാഥ നടത്തി.)

Latest Videos
Follow Us:
Download App:
  • android
  • ios