Asianet News MalayalamAsianet News Malayalam

ഒഴുകിപ്പോയ ഒരു നാട്, കാലിനടിയില്‍ മണ്ണില്ലാതായ മനുഷ്യര്‍, വിലങ്ങാട് ഇപ്പോള്‍ ഇതുപോലാണ്!

ഇക്കഴിഞ്ഞ ദിവസം അതേ പുഴയുടെ കരയില്‍ വീണ്ടും ചെന്നുനിന്നു. അന്ന് കണ്ട വിസ്മയം അവിടെയില്ലായിരുന്നു. അവയെല്ലാം ഉരുളെടുത്തുപോയി. പേടിപ്പെടുത്തും വിധം കരകളും മരങ്ങളും കല്ലുകളും കുത്തിയൊലിച്ചു പോയി.

how Vilangad a steep village in Kozhikode survives after the devastating landslide
Author
First Published Aug 23, 2024, 1:51 PM IST | Last Updated Aug 23, 2024, 1:51 PM IST

കമ്പിളിപ്പാറയില്‍ മഴയ്ക്ക് മുന്‍പേ താല്‍ക്കാലികമായി ഖനനം നിര്‍ത്തിവെച്ചിട്ടുണ്ട്. മഴയടങ്ങിയാല്‍, വെയില്‍പരക്കുന്ന സമയത്ത് മലതുരക്കാന്‍ ഹിംസ്രജന്തുക്കളെപ്പോലെ കൂറ്റന്‍ യന്ത്രങ്ങളെത്തും. ആകാശം ഭേദിക്കുന്ന അമിട്ടുകള്‍ പാറകളെ പിളര്‍ത്തും, നിരനിരയായെത്തുന്ന ടിപ്പറുകള്‍ മലകയറി വരുകയും ഭാരം വഹിച്ചു മലയിറങ്ങുകയും ചെയ്യും. 

 

how Vilangad a steep village in Kozhikode survives after the devastating landslide

 

പാനോംപുഴയുടെ പ്രഭവസ്ഥാനത്ത്, വയനാടുമായി അതിര്‍ത്തി പങ്കിടുന്ന വനമേഖലയില്‍ ശലഭങ്ങളുടെ സങ്കേതമാണെന്നറിഞ്ഞ് കുടുംബത്തോടൊപ്പം പോയത് അഞ്ച് വര്‍ഷം മുന്‍പാണ്. ഇരുവശവും പച്ചപ്പിന്റെ വൈവിധ്യവുമായി ഉയരങ്ങളോളം വളര്‍ന്നുപൊങ്ങിയ മലകള്‍. അവയ്ക്കിടയില്‍ പുഴയുടെ തെളിരാശി. മനുഷ്യസാന്നിധ്യമറിഞ്ഞു പുഴങ്കല്ലുകളില്‍ ഉപ്പ് നുണയുകയായിരുന്നു, അനേകമനേകം പൂമ്പാറ്റകള്‍ ജീവന്‍വെച്ച പൂത്തിരികണക്കെ അവ മേലേക്ക് ഉയര്‍ന്നുപൊങ്ങി. കര്‍ണാടകയിലെ ഇരുപ്പ് വെള്ളച്ചാട്ടത്തിനടുത്ത് ഇതുപോലൊരു ശലഭക്കാഴ്ച കണ്ടത് ഓര്‍മ്മ വന്നു. എന്നാല്‍ ഇത് അതുപോലായിരുന്നില്ല. അമ്പരപ്പിക്കുംവിധം എണ്ണമറ്റതും വ്യത്യസ്ത ഇനങ്ങളിലും പെട്ടതായിരുന്നു. 

ഇക്കഴിഞ്ഞ ദിവസം അതേ പുഴയുടെ കരയില്‍ വീണ്ടും ചെന്നുനിന്നു. അന്ന് കണ്ട വിസ്മയം അവിടെയില്ലായിരുന്നു. അവയെല്ലാം ഉരുളെടുത്തുപോയി. പേടിപ്പെടുത്തും വിധം കരകളും മരങ്ങളും കല്ലുകളും കുത്തിയൊലിച്ചു പോയി. ആ ബലിനിലത്തു നിന്നും തിരിച്ചുപോരുമ്പോള്‍ അഞ്ചുവര്‍ഷം മുമ്പുള്ള ശലഭസ്മൃതികള്‍ മനസ്സില്‍ ഉയര്‍ന്നുപൊങ്ങി സങ്കടമായി. 

നാട്ടില്‍ നിന്നും വരുന്ന സുഹൃത്തുക്കളെ കാത്ത് വിലങ്ങാട് വില്ലേജ് ഓഫീസിന്റെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ഓഫീസിലേക്ക് ആളുകള്‍ വന്നുകൊണ്ടിരുന്നു. വീടും കിടപ്പാടവും കടകളും സമ്പാദ്യവും നഷ്ടപ്പെട്ടവര്‍. അവരുടെ മുഖങ്ങളില്‍ നിസ്സഹായതയുടെ നിഴല്‍. ചിരിക്കുന്ന മുഖങ്ങള്‍ കാണാനേയില്ല. അപേക്ഷകള്‍ സ്വീകരിച്ച് അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുകയാണ് ജീവനക്കാര്‍.
കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, റോഡ് നിര്‍മ്മാണം, പുനരധിവാസം, സര്‍വ്വേ, നഷ്ടപ്പെട്ട വീടുകള്‍, വാഹനങ്ങള്‍, രേഖകള്‍, അതിരുകള്‍... ഭരണകൂടവും റവന്യൂ വകുപ്പും അഭിമുഖീകരിക്കുന്ന പെടാപ്പാട് ചില്ലറയല്ല. അപ്പോഴും എല്ലാ അധ്വാനങ്ങളും അപൂര്‍ണ്ണമായും അനന്തമായും തുടരുകയാണ്. ജീവനക്കാര്‍ ഓടിനടക്കുകയാണ്. മലമുകളിലെ ഇനിയുള്ള ജീവിതംപോലെ ഉത്തരമില്ലാതെ അത് നീണ്ടുനീണ്ടുപോകും. ഒരു ദുരന്തമേഖലയെയും പൂര്‍ണ്ണമായും പുനരുജ്ജീവിപ്പിക്കുക എളുപ്പമല്ല, ആ നിലയ്ക്ക് അത് അസാധ്യവുമാണ്. നഷ്ടങ്ങളെ തിരിച്ചുനല്‍കാന്‍ ദൈവത്തിനുപോലും കഴിയില്ല. ബാക്കിവന്ന ഭൂമിയെ നോക്കി, വരാന്‍ പോകുന്ന ഭാവിയെ നോക്കി ഒരായുഷ്‌ക്കാലം ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് അവര്‍. 

പുനഃസ്ഥാപിച്ചു എന്ന് പറയാവുന്ന, ചെളിയും പാറകളും മരങ്ങളും നിറഞ്ഞ താല്‍ക്കാലിക റോഡിലൂടെ ഇടയ്ക്കിടെ തങ്ങളുടെ അവശേഷിപ്പുകളുമായി എങ്ങോട്ടോ പോകുന്ന പിക്കപ്പുകള്‍. വഴി തടസ്സമാകുമ്പോള്‍ അവരുടെ മുഖത്ത് രോഷമുണ്ട്. അതുവരെ ആരോടും കയര്‍ത്തു സംസാരിച്ചിട്ടില്ലാത്ത ഈ മനുഷ്യര്‍ എത്ര പെട്ടന്നാണ് പ്രകോപിതരാവുന്നത്...!

വിലങ്ങാട് അങ്ങാടിയോടു ചേര്‍ന്നൊഴുകുന്ന പാനോം പുഴ ഇരച്ചു കയറി മരങ്ങളും പാറക്കൂട്ടങ്ങളും ചെളിയും നിക്ഷേപിച്ച് അലറിയാര്‍ത്ത് കടന്നുപോയ കാഴ്ച കണ്ടു നില്‍ക്കാന്‍ ആവില്ല. പോകുന്നിടതൊക്കെ അതിന്റെ രൗദ്രഭാവം. വരുന്നവഴിക്ക് മുടിക്കല്‍ പുഴവരെ അതിന്റെ സംഹാരതാണ്ഡവം കണ്ടു. പാനോം പുഴ മുടിക്കല്‍ പുഴയായും വാണിമേല്‍ പുഴയായും പെരിങ്ങത്തൂര്‍ പുഴയായും ഒടുക്കം മയ്യഴിയായും മാറി എത്രയെത്ര വീടുകളെ, കൃഷിയിടങ്ങളെ, വാഹനങ്ങളെ, കടകളെ, വളര്‍ത്തുമൃഗങ്ങളെ അറബിക്കടലോളം കൊണ്ടുപോയിട്ടുണ്ടായിരിക്കും! മഴവെള്ളം ആര്‍ത്തലച്ചുവന്ന് അതിശയിപ്പിക്കും വിധം ജലനിരപ്പ് ഇട്ടേച്ചുപോയ അടയാളങ്ങള്‍ ഭീതിപ്പെടുത്തുന്നു.

വിലങ്ങാട് അങ്ങാടി സജീവമായിട്ടുണ്ട്. മലകയറാന്‍ കൂട്ടുകാരന്‍ മണിക്കുട്ടന്‍ ജീപ്പ് ഏര്‍പ്പാടാക്കി തന്നു. മുച്ചെങ്കുഴി വഴി പന്നിയൂര് വരെ ആറേഴു കിലോമീറ്റര്‍ മലകയറാനുണ്ട്. ഇടുങ്ങിയ റോഡാണ്. എമില്‍ സെബാസ്റ്റ്യന്‍ എന്ന ചെറുപ്പക്കാരന്‍ വിനയാന്വിതനായി വണ്ടിയോടിക്കുന്നു. എതിരെ അപൂര്‍വ്വമായി മാത്രം വാഹനങ്ങള്‍. പിറകില്‍ മലകയറാന്‍ ആരുമില്ല. അടിച്ചിപ്പാറ, വലിയ പാനോം, മാടാഞ്ചേരി, ഉടുമ്പിറങ്ങി, മലയങ്ങാട്, കമ്പിളിപ്പാറ, മാടാഞ്ചേരി, പാലൂര്, കുറ്റല്ലൂര്, പന്നിയേരി... മലകളുടെ അന്യാദൃശമായ നില്‍പ്പ്. കമ്പിളിപ്പാറയില്‍ മഴയ്ക്ക് മുന്‍പേ താല്‍ക്കാലികമായി ഖനനം നിര്‍ത്തിവെച്ചിട്ടുണ്ട്. മഴയടങ്ങിയാല്‍, വെയില്‍പരക്കുന്ന സമയത്ത് മലതുരക്കാന്‍ ഹിംസ്രജന്തുക്കളെപ്പോലെ കൂറ്റന്‍ യന്ത്രങ്ങളെത്തും. ആകാശം ഭേദിക്കുന്ന അമിട്ടുകള്‍ പാറകളെ പിളര്‍ത്തും, നിരനിരയായെത്തുന്ന ടിപ്പറുകള്‍ മലകയറി വരുകയും ഭാരം വഹിച്ചു മലയിറങ്ങുകയും ചെയ്യും. 

ആലിമൂലയിലെ പാലത്തിനുമുകളില്‍ വണ്ടി ഓരംചേര്‍ത്ത് നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി. താഴെ അഗാധമായ താഴ്വാരം. പ്രകൃതിയുടെ അമ്പരപ്പിക്കുന്ന സൗന്ദര്യം. നോക്കെത്താ ദൂരത്തോളം മലകള്‍. ''ഹം കിസിസേ കം നഹി' എന്ന ഭാവത്തില്‍. ഈ താഴ്‌വരയിലേക്കാണ് 2019 -ല്‍ ഇതുപോലൊരു മഴക്കാലത്ത് ഉരുള്‍പൊട്ടലില്‍ നാലുജീവനുകള്‍ ഊര്‍ന്നുപോയത്. 

 

how Vilangad a steep village in Kozhikode survives after the devastating landslide

വഴിനീളെ ചെറുതും വലുതുമായി അന്‍പതിലേറെ ഇടങ്ങള്‍ ഉരുള്‍പൊട്ടി കിടക്കുന്ന ഭീതിദമായ കാഴ്ച കണ്ടു. മലമുകളില്‍ നിന്നിറങ്ങിയ മണ്ണും മരങ്ങളും പാറകളും താഴ്‌വരയിലെക്ക് ഒഴുകിപ്പോയ വഴിയില്‍ ഇനിയൊരു പുല്ലുപോലും മുളയ്ക്കില്ല. വാരിയെടുത്ത ഫലഭൂയിഷ്ഠതയുമായി മലവെള്ളം എങ്ങോ പോയിരിക്കുന്നു.  

പന്നിയേരി ജില്ലാ അതിര്‍ത്തിയാണ്. അവിടെ വഴിയും വാഹനങ്ങള്‍ക്ക് പോകാനുള്ള റോഡും യാത്രയും അവസാനിക്കുന്നു. അപ്പുറം കണ്ണൂര്‍ ജില്ല. ഇടതൂര്‍ന്ന വനമാണ് മുന്നില്‍. പടുകൂറ്റന്‍ മരങ്ങള്‍ ആകാശത്തോളം പടര്‍ന്നുപൊങ്ങി തങ്ങളുടെ അവസാന ദിനങ്ങളെ കാത്തിരിക്കുന്നു. ഞങ്ങള്‍ ഓഫ് റോഡിലൂടെ മേലേക്ക് കയറിനോക്കി. പക്ഷികളുടെ നിര്‍ത്താത്ത ചിലമ്പല്‍. ചിവീടുകളുടെ അക്ഷൗഹിണി. 

ഇത്തിരി ദൂരം പോയതേയുള്ളു. ചുറ്റിലും ആനച്ചൂര്.  അടുത്തെവിടെയോ ആനക്കൂട്ടമുണ്ട്. മനുഷ്യന്റെ പത്തുചുവട് ആനയ്ക്ക് ഒറ്റച്ചുവടാണ്. ഈ കല്ലിലൂടെ ഓടിരക്ഷപ്പെടാന്‍ ആവില്ല. ഞങ്ങള്‍ തിരിച്ചിറങ്ങി.

പന്നിയേരി ആദിവാസി കോളനിക്ക് വൃത്തിയും വെടിപ്പും ഉണ്ട്. ഞങ്ങളെ കണ്ട് വീട്ടമ്മമാര്‍ മുറ്റത്തേക്കിറങ്ങി വന്നു. വൃദ്ധനായ ഒരച്ഛനല്ലാതെ ആണുങ്ങളായി ആരുമില്ല. അവരെല്ലാം ജോലിക്ക് പോയിരിക്കുന്നു. വിണ്ടുകീറിയ മുറ്റത്ത് വെള്ളമിറങ്ങി വീട് തകരാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുന്നു... 

ചെങ്കുത്തായ മലമുകളിലെ ഈ വീട്ടുമുറ്റത്ത് നിന്ന് താഴേക്ക് നോക്കാന്‍ ഉയരങ്ങളെയും ആഴങ്ങളെയും ഭയമുള്ളവര്‍ക്ക് ആവില്ല. മലഞ്ചെരുവില്‍ അനവധി വീടുകള്‍ കണ്ടു. അവരൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു. ബാക്കിയുള്ളവര്‍ മഴവരുമ്പോള്‍ അടുത്തവീട്ടിലേക്ക് ഓടിപ്പോകാറാണ് പതിവെന്ന് സ്ത്രീകള്‍. അവരുടെ വീട്ടുചുവര്‍ നിറയെ പറശ്ശിനി മുത്തപ്പന്റെ ചിത്രങ്ങള്‍.

മുത്തപ്പാ ഇവര്‍ക്ക്  നീ തുണയാവുക...

തിരിച്ചുപോകുമ്പോള്‍ അവര്‍ ബാബ്ലൂസ് നാരങ്ങ പറിച്ചുതന്നു. നല്ല വിശപ്പുണ്ട്. എന്നിട്ടും ആരും ഒന്നും കഴിച്ചില്ല. സമതലങ്ങളിലേക്ക് ഒഴുകിപ്പോയ ജീവിതത്തെ കടന്നു വണ്ടി വിലങ്ങാട്ടേക്ക് തിരിക്കുമ്പോള്‍ വലിയ അനിശ്ചിതത്വം ബാക്കിയായി. ആര്‍ക്കൊക്കെ എപ്പോഴാണ് ഇനിയും ദുരന്തങ്ങളെ പേറേണ്ടി വരിക? സുരക്ഷിതരെന്നു വിശ്വസിച്ച് സമതലങ്ങളില്‍ കഴിയുമ്പോഴും തൊട്ടടുത്തുള്ള മുണ്ടിയോട് മലയും നരിനിരങ്ങിയും പഷ്ണിക്കുന്നും ഉറിതൂക്കി മലയും അങ്ങനെ എത്രയോ മലകള്‍ ഭീഷണിയോടെ ഞങ്ങളുടെ മുന്നിലും ഉണ്ടല്ലോ എന്ന ആന്തല്‍...അത് ചെറുതല്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios