മൃഗങ്ങളുടെ മാസ്കുകൾ, പിന്നിൽ കൃത്രിമ വാലുകൾ, ഇഴഞ്ഞും നാല് കാലിൽ ഓടിയുമുള്ള നടത്തം, ഒരു നിമിഷം വല്ല കാട്ടിലുമാണോ എന്ന് നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ സംഗതി സീരിയസാണ്. അർജന്റീനയിലെ നഗരങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ‘തേരിയൻ’ എന്ന ട്രെൻഡാണിത്..

മുഖത്ത് വന്യമൃഗങ്ങളുടെ മാസ്കുകൾ, പിന്നിൽ കൃത്രിമ വാലുകൾ, ഇഴഞ്ഞും നാലുകാലിൽ ഓടിയുമുള്ള നടത്തം, ഇത് വല്ല സിനിമ ഷൂട്ടിങ്ങോ ഫാൻസി ഡ്രസ്സോ ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. സംഗതി സീരിയസാണ്. അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ പാർക്കുകളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന 'തേരിയൻ' എന്ന വിചിത്രമായ കൗമാരക്കാരുടെ ട്രെൻഡാണിത്.

ആരാണ് ഈ തേരിയൻസ്?

​തങ്ങൾ മാനസികമായോ ആത്മീയമായോ മനഃശാസ്ത്രപരമായോ മനുഷ്യരല്ല, മറിച്ച് ഒരു പ്രത്യേക മൃഗമാണെന്ന് സ്വയം തിരിച്ചറിയുന്ന വ്യക്തികളെയാണ് 'തേരിയൻസ്' എന്ന് വിളിക്കുന്നത്. ഇത് വെറുമൊരു വേഷം കെട്ടലല്ല എന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇവർക്ക് മൃഗങ്ങളുടെ സ്വഭാവവും രീതികളും ഉണ്ടെന്നും, ചില പ്രത്യേക നിമിഷങ്ങളിൽ തങ്ങൾ പൂർണ്ണമായും ആ മൃഗമായി മാറുന്നുവെന്നുമാണ് ഇവരുടെ വിശ്വാസം.

​അർജന്റീനയിലെ പാർക്കുകളിൽ അടുത്തിടെ നടന്ന ഒരു ഒത്തുചേരലിൽ കണ്ട കാഴ്ചകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു പെൺകുട്ടി നായയുടെ മാസ്ക് ധരിച്ച് നാലുകാലിൽ പുല്ലിലൂടെ ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൂച്ചകളെയും കുറുക്കന്മാരെയും പോലെ വേഷം ധരിച്ച മറ്റ് കൗമാരക്കാർ മരക്കൊമ്പുകളിൽ ഇരുന്ന് കാഴ്ചക്കാരെ നിരീക്ഷിക്കുന്നു.

സോഷ്യൽ മീഡിയയിലെ 'തേരിയൻ' തരംഗം

ടിക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ #therian എന്ന ഹാഷ്‌ടാഗ് ഇപ്പോൾ മില്യൺസ് കടന്നിരിക്കുകയാണ്. ലത്തീൻ അമേരിക്കൻ രാജ്യങ്ങളിൽ അർജന്റീനയാണ് ഈ ട്രെൻഡിൽ ഇപ്പോൾ ഒന്നാമത്. സാധാരണ ജീവിതത്തിലെ സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ കൗമാരക്കാർ കണ്ടെത്തിയ ഈ വഴി പക്ഷെ വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്. വെറുമൊരു വേഷംകെട്ടലല്ല, മറിച്ച് മൃഗങ്ങളുടെ പെരുമാറ്റ രീതികൾ കൃത്യമായി അനുകരിക്കാനാണ് ഇവർ ശ്രമിക്കുന്നത്.

​ഒരു നായയായി ജീവിക്കുന്ന അഗുവാര

​ഈ ഗ്രൂപ്പിന്റെ ലീഡറായ അഗുവാര ഒരു ബെൽജിയൻ മലിനോയിസ് ഇനം നായയായാണ് സ്വയം അടയാളപ്പെടുത്തുന്നത്. തന്റെ പ്രായം പോലും നായകളുടെ കണക്കനുസരിച്ച് രണ്ട് വയസ്സും രണ്ട് മാസവും ആണെന്നാണ് അവൾ പറയുന്നത്. ടിക് ടോക്കിൽ ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തിലധികം ഫോളോവേഴ്‌സ് ഉള്ള അഗുവാരയാണ് ബ്യൂണസ് അയേഴ്സിലെ ഇത്തരം ഒത്തുചേരലുകൾക്ക് നേതൃത്വം നൽകുന്നത്.

​'ഞാൻ രാവിലെ എഴുന്നേൽക്കുന്നതും ജീവിക്കുന്നതും ഒരു സാധാരണ മനുഷ്യനെപ്പോലെ തന്നെയാണ്. പക്ഷെ ചില നിമിഷങ്ങളിൽ എനിക്ക് ഒരു നായയായി ഇരിക്കാനാണ് ഇഷ്ടം,' അഗുവാര ഒരു അഭിമുഖത്തിൽ പറയുന്നു. തന്റെ ഗ്രൂപ്പിനെ അവൾ വിശേഷിപ്പിക്കുന്നത് 'പാക്ക്' അഥവാ മൃഗക്കൂട്ടം എന്നാണ്.

വിദഗ്ധരുടെ മുന്നറിയിപ്പ്

സംഗതി കാണാൻ കൗതുകമാണെങ്കിലും ഇതിലൊരു അപകടമുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വന്തം വ്യക്തിത്വം മറന്ന് മറ്റൊരു ജീവിയായി ജീവിക്കാൻ ശ്രമിക്കുന്നത് ഭാവിയിൽ ചില മാനസിക പ്രശ്നങ്ങൾക്ക് കാരണമായേക്കാം. യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഇത്തരം വിചിത്രമായ വഴികൾ തേടുന്നത് ജാഗ്രതയോടെ കാണണമെന്നാണ് ഇവരുടെ പക്ഷം.