അനീഷ് പാഡ് വാങ്ങുന്നതും അമ്മയ്‍ക്ക് ആവശ്യമുള്ള പാഡും ചോക്കളേറ്റും സ്കിൻ കെയർ പ്രൊഡക്ടും ചായയും ഒക്കെ കട്ടിലിൽ അമ്മയ്‍ക്ക് അരികിൽ എത്തിക്കുന്നതും വീഡിയോയിൽ കാണാം.

കാലം എത്രയൊക്കെ മാറി എന്ന് പറഞ്ഞാലും ഇന്നും ചില ഇടങ്ങളിലെല്ലാം സ്ത്രീകളുടെ ആർത്തവത്തെ അശുദ്ധിയായി കാണുന്നവരുണ്ട്. അത് സ്വാഭാവികമായ ഒരു പ്രക്രിയയായി കാണുന്നവരും ഉൾക്കൊള്ളുന്നവരും ഇന്നും കുറവാണ്. അതേ സമയം അമ്മയുടെ ആർത്തവ സമയത്ത് വീട്ടിലെ പുരുഷന്മാർ അവരെ രാജ്ഞിയെ പോലെയാണ് കാണുന്നത് എന്ന യുവാവിന്റെ പോസ്റ്റ് വൈറൽ ആവുകയാണ്. 

ഇൻസ്റ്റ​ഗ്രാം യൂസറായ അനീഷ് ഭ​ഗത് ആണ് ആർത്തവ സമയത്ത് അമ്മയെ താനും സഹോദരനും അച്ഛനും രാജ്ഞിയെ പോലെയാണ് പരി​ഗണിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം തന്നെ അനീഷ് ഒരു വീഡിയോയും പങ്ക് വച്ചിട്ടുണ്ട്. ആർത്തവത്തെ സ്വാഭാവിക പ്രക്രിയായി പരി​ഗണിക്കാൻ പ്രചോദിപ്പിക്കുന്നതാണ് വീഡിയോ. വീഡിയോയിൽ പറയുന്നത് 13 -ാമത്തെ വയസിൽ തന്നെ ആർത്തവത്തെ കുറിച്ച് തനിക്കും സഹോദരനും അച്ഛൻ പറഞ്ഞു തന്നിരുന്നു എന്നാണ്. ആ സമയത്ത് അമ്മ പരി​ഗണിക്കപ്പെടണം എന്ന് അച്ഛന് നിർബന്ധമായിരുന്നു എന്നും അനീഷ് പറയുന്നു. അതുപോലെ വീട്ടിലെ മൂന്ന് പുരുഷന്മാരും മാത്രമുള്ള ഒരു വാട്ട്സാപ്പ് ​ഗ്രൂപ്പും ഉണ്ട്. അതിൽ അമ്മയെ ആർത്തവ സമയത്തും അതുപോലെ അസുഖമുള്ള സമയത്തും പരിചരിക്കാനും ശ്രദ്ധിക്കാനുമുള്ള കാര്യങ്ങളാണ് പറയുന്നത്. 

View post on Instagram

അതുപോലെ വീഡിയോയിൽ ഓരോ മാസവും ഓരോരുത്തരായിട്ടാണ് അമ്മയെ ശ്രദ്ധിക്കുന്നത് എന്ന് പറയുന്നു. ഇത് അനീഷ് ശ്രദ്ധിക്കേണ്ട മാസമാണ് എന്നും വീഡിയോയിൽ പറയുന്നുണ്ട്. ഒപ്പം അനീഷ് പാഡ് വാങ്ങുന്നതും അമ്മയ്‍ക്ക് ആവശ്യമുള്ള പാഡും ചോക്കളേറ്റും സ്കിൻ കെയർ പ്രൊഡക്ടും ചായയും ഒക്കെ കട്ടിലിൽ അമ്മയ്‍ക്ക് അരികിൽ എത്തിക്കുന്നതും വീഡിയോയിൽ കാണാം. ഏതായാലും വീഡിയോ അനേകം പേരാണ് കണ്ടത്. നിരവധിപ്പേരാണ് അനീഷിനെയും സഹോദരനെയും അച്ഛനെയും അഭിനന്ദിച്ചത്.