പണം തിരികെ ലഭിച്ചതിന് എക്സിന് നന്ദി പറഞ്ഞുകൊണ്ടാണ് മഹിമ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. 

നോയിഡയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിന്നും താൻ എങ്ങനെയാണ് 10 ലക്ഷം രൂപ തിരിച്ചുപിടിച്ചത് എന്നതിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി യുവതിയുടെ പോസ്റ്റ്. എക്സിൽ കമ്പനി ഡയറക്ടർക്ക് മെസ്സേജ് അയച്ചതിന് പിന്നാലെയാണ് തനിക്ക് പണം തിരികെ കിട്ടിയത് എന്നും മഹിമ ജലൻ എന്ന യുവതിയുടെ പോസ്റ്റിൽ പറയുന്നു. കമ്പനി ഡയറക്ടർ എക്സിൽ സജീവമായ ആളാണ് എന്നാണ് മ​ഹിമ പറയുന്നത്. മെസ്സേജ് അയച്ച് ദിവസങ്ങൾക്കുള്ളിൽ തനിക്ക് പണം തിരികെ ലഭിച്ചു എന്നും അവർ പറഞ്ഞു. ന്യൂഡൽഹിയിൽ നിന്നുള്ള സംരംഭകയും കണ്ടന്റ് ക്രിയേറ്ററുമാണ് മഹിമ.

Scroll to load tweet…

'എൻ‌സി‌ആറിലെ ഒരു വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ തനിക്ക് നഷ്ടപ്പെട്ടത് ഏകദേശം 10 ലക്ഷം രൂപയാണ്. പക്ഷേ എക്സ് (ട്വിറ്റർ) ആ പണം തിരികെ ലഭിക്കാൻ തന്നെ സഹായിച്ചു' എന്നാണ് യുവതി പറയുന്നത്. മഹിമയും അച്ഛനും ചേർന്നാണ് നോയിഡയിലെ ഒരു കൊമേഷ്യൽ പ്രൊജക്ടിൽ പണം നിക്ഷേപിച്ചത്. എന്നാൽ, കമ്പനി പിന്നീട് ആ പ്രൊജക്ട് ഉപേക്ഷിച്ചു. പക്ഷേ, പണം തിരികെ ചോദിച്ചപ്പോൾ പലതരം ഫോർമാലിറ്റികളെ കുറിച്ചാണ് പറഞ്ഞത്. നാലുമാസം നിരന്തരം കമ്പനിയുമായി പണം തിരികെ ലഭിക്കാൻ വേണ്ടി ബന്ധപ്പെട്ടു. എന്നാൽ, പിന്നീട് കോളുകൾ എടുക്കാതെയായി. യുവതിയുടെ പിതാവ് റിയൽ എസ്റ്റേറ്റ് ഓഫീസിൽ പോയി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

പിന്നാലെ, കമ്പനി ഡയറക്ടർക്ക് ഇമെയിൽ അയയ്ക്കുകയും കമ്പനിയുടെ സീനിയർ എക്സിക്യൂട്ടീവുകളെ ലിങ്ക്ഡ്ഇനിൽ ബന്ധപ്പെടുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. അങ്ങനെയാണ് എക്സിലൂടെ കാര്യങ്ങൾ ചെയ്യാൻ തീരുമാനിക്കുന്നത്. കമ്പനി ഡയറക്ടർക്ക് താൻ ഡിഎം ചെയ്തെന്നും യുവതി പറയുന്നു. യുവതി എക്സില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭയന്നാവണം അടുത്ത ദിവസം തന്നെ അവര്‍ക്ക് കമ്പനി ഡയറക്ടറുടെ ടീമിൽ നിന്ന് ഒരു കോൾ ലഭിച്ചു. 10 ദിവസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തു. 10 -ാം ദിവസം, തന്റെ അക്കൗണ്ടിൽ പണം കിട്ടി. മാത്രമല്ല, 4 ദിവസത്തിനുള്ളിൽ അവർ തന്റെ സ്ഥലത്ത് ചെക്ക് എത്തിച്ചുവെന്നും യുവതി പറയുന്നു.

പണം തിരികെ ലഭിച്ചതിന് എക്സിന് നന്ദി പറഞ്ഞുകൊണ്ടാണ് മഹിമ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. കമ്പനി ഡയറക്ടറെ ടാ​ഗ് ചെയ്യണമെന്നും കൂടുതൽപ്പേർ ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ അത് സഹായിക്കുമെന്നും ആളുകൾ കമന്റ് നൽകി.