ഒഡീഷയിലെ ഭുവനേശ്വറിൽ ഒരു 3BHK ഫ്ലാറ്റിന് 3.3 കോടി രൂപ വിലയിട്ടത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ മാത്രമല്ല, ചെറുകിട നഗരങ്ങളിലും പ്രോപ്പർട്ടി വിലകൾ സാധാരണക്കാർക്ക് അപ്രാപ്യമാകുന്നതിന്‍റെ തെളിവാണിത്.
ഇന്ത്യയിൽ പ്രോപ്പർട്ടി വിലകൾ ഒരു നിയന്ത്രണവും ഇല്ലാതെ അതിവേഗത്തിലാണ് കുതിക്കുന്നത്. മുംബൈ, ദില്ലി എൻസിആർ, ബെംഗളൂരു പോലുള്ള പ്രധാനപ്പെട്ട ഇന്ത്യൻ മെട്രോ നഗരങ്ങളിൽ മാത്രമല്ല, ഇന്ത്യയിലെ ചെറുകിട നഗരങ്ങളില്‍ പോലും സ്ഥലവും വീടും ഫ്ലറ്റുകളും കൈ പോള്ളിക്കുന്ന വിലയിലേക്ക് പോകുവകാണ്. ഇന്ന് വീട് വാങ്ങുകയോ വീട് വയ്ക്കുകയോ എന്നത് സാധാരണക്കാരന് വലിയൊരു സ്വപ്നവും അതിനെക്കാൾ വലിയൊരു ലോണുമായി മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. ഒഡീഷയിൽ നിന്നുള്ള ഒരു വാര്‍ത്ത അത് സ്ഥിരീകരിക്കുന്നു.
വില കോടികൾ
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ ഗജപതി നഗറിലെ ഒരു പുതിയ ഭവന പദ്ധതി സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. നിർമ്മാണത്തിലിരിക്കുന്ന പ്രോജക്റ്റിലെ 3BHK അപ്പാർട്ട്മെന്‍റിന് ഏകദേശം 3.3 കോടി രൂപ വിലയുണ്ടെന്നും, 4BHK ന് 3.5 കോടി രൂപയ്ക്കും മുകളിലാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. അടുത്തിടെ ആരംഭിച്ച പ്രോജക്റ്റ് 2029 ഫെബ്രുവരിയിലാണ് പൂർത്തിയാക്കന്‍ ഉദ്ദേശിച്ചിരിക്കുന്നത്. മാനസ് മുഡുലി എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 'ഭുവനേശ്വറിലെ ഒരു 3BHK യുടെ വില ₹3.3 കോടി!', 'ഫ്ലാറ്റുകൾ വാങ്ങുന്നവർ കഴിഞ്ഞ 5 വർഷത്തെ പണത്തിന്‍റെ ഉറവിടവും നികുതി റിട്ടേണുകളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഒരു ബിൽ സർക്കാർ അവതരിപ്പിക്കണം. ഏതെങ്കിലും തരത്തിൽ നിയമലംഘനം നടന്നാൽ നിർമ്മാതാവിനും വാങ്ങുന്നയാൾക്കും 10 വർഷം വരെ തടവ് നൽതണം. എങ്കിൽ മാത്രമേ പ്രോപ്പർട്ടി വിലയിൽ 50 ശതമാനം കുറവു വരുത്താൻ കിഴയൂവെന്നും' മാനസ് എഴുതി.
ആര് വാങ്ങാനാണെന്ന് നെറ്റിസൻസ്
ഭുവനേശ്വറിൽ 3.3 കോടിയുടെ ഫ്ലാറ്റ് ആര് വാങ്ങാനാണെന്ന് ചിലര്‍ അതിശയത്തോടെ ചോദിച്ചു. പലരും പറഞ്ഞത് ഇത് കൊള്ളയും തട്ടിപ്പുമാണെന്ന് തന്നെ. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പ്രോപ്പർട്ടി നിരക്കുകൾ വളരെയധികം ഉയരത്തിലാണ്. ബിൽഡർമാർ ഓരോ തവണയും അത് വർദ്ധിപ്പിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. ചിലര്‍ ഈ വില വര്‍ദ്ധനയ്ക്കെതിരെ കർശന നിയന്ത്രണം ആവശ്യമാണെന്ന് എഴുതി. അനിയന്ത്രിതമായ വിലക്കയറ്റം സമൂഹത്തെ മൊത്തം ബാധിക്കുമെന്നും ഇതിന് നിയന്ത്രണം വേണമെന്നും മറ്റ് ചിലരും കുറിച്ചു. ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങളിലും ഇന്ത്യയിലുടനീളം ഒരേ വിലയ്ക്ക് ഫ്ലാറ്റുകൾ ഉണ്ട്. യുപിയിലും ബീഹാറിലും പോലും ഇത് സത്യമാണ്. ആരാണ് അവ വാങ്ങുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. ഭുവനേശ്വര്‍ ഗുഡ്ഗാവിനേക്കാൾ ഉയരത്തിലാണോയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം.


