ഒന്നും രണ്ടുമല്ല 18 കോടി; ഇല്ലാത്ത 22 പേർക്ക് ജോലി കൊടുത്ത് എച്ച് ആർ മാനേജരുടെ തട്ടിപ്പ്, സംഭവം ചൈനയിൽ

2014 -ൽ തുടങ്ങിയ ഈ തട്ടിപ്പ് പിന്നീടയാൾ വിപുലീകരിച്ചു. ഇത്രയും വർഷത്തിനുള്ളിൽ ഇത് പോലെ വ്യാജമായി, ഇല്ലാത്ത 22 ജോലിക്കാരെ സൃഷ്ടിച്ചു. തുകയെല്ലാം സ്വന്തം കയ്യിലാക്കി. 

human resources manager in China creates 22 fake employees and steal 18 crore

ഇല്ലാത്ത 22 ജീവനക്കാരെ വ്യാജമായി സൃഷ്ടിച്ച് കോടികൾ തട്ടി എച്ച് ആർ മാനേജർ. ചൈനയിലാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. ഇല്ലാത്ത 22 ജീവനക്കാരുടെ പേരിൽ ഇയാൾ തട്ടിയെടുത്തത് 16 മില്ല്യൺ യുവാൻ, അതായത് 18 കോടി രൂപയാണത്രെ. 

ഇവരുടെ ശമ്പളം, ആനുകൂല്യം എന്നൊക്കെ കാണിച്ചാണ് ഇയാൾ പണം കൈക്കലാക്കിക്കൊണ്ടിരുന്നത്. ഷാങ്ഹായിലെ ഒരു ലേബർ സർവീസസ് കമ്പനിയിലാണ് യാങ് എന്ന ഇയാൾ ജോലി ചെയ്തിരുന്നത്. അവിടെ ഒരു ടെക് സ്ഥാപനത്തിലേക്ക് ജോലിക്ക് ചേർത്ത തൊഴിലാളികളുടെ ശമ്പളം കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം ഇയാൾക്കായിരുന്നു. 

ഈ ജീവനക്കാരുടെ നിയമനത്തിൽ തനിക്ക് മാത്രമാണ് നിയന്ത്രണമെന്നും ശമ്പളത്തെ കുറിച്ചുള്ള വിശദമായ പരിശോധനകൾ ഒന്നും നടക്കുന്നില്ല എന്നും യാങ് കണ്ടെത്തി. ഈ പഴുതുപയോഗിച്ചാണ് ഇയാൾ ആദ്യം സൺ എന്ന പേരിൽ ഒരു സാങ്കൽപ്പിക ജീവനക്കാരനെ ഉണ്ടാക്കിയത്. പിന്നീട്, ഇയാളുടെ ശമ്പളം തന്റെ പേരിലേക്കാക്കി. ശമ്പളം സണിന്റെ അക്കൗണ്ടിലേക്ക് പോകുന്നതിന് പകരം, തന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത, എന്നാൽ തന്റെ നിയന്ത്രണത്തിലുള്ള ഒരു ബാങ്ക് കാർഡിലേക്ക് മാറ്റുകയും ചെയ്തു.

സൺ ന്റെ അക്കൗണ്ടിലേക്ക് പണം പോയിട്ടില്ല എന്ന് ലേബർ സർവീസിൽ നിന്നും പറഞ്ഞപ്പോൾ പേയ്മെന്റ് താമസിക്കുന്നതാണ് എന്നാണ് ഇയാൾ വിശദീകരിച്ചത്. 2014 -ൽ തുടങ്ങിയ ഈ തട്ടിപ്പ് പിന്നീടയാൾ വിപുലീകരിച്ചു. ഇത്രയും വർഷത്തിനുള്ളിൽ ഇത് പോലെ വ്യാജമായി, ഇല്ലാത്ത 22 ജോലിക്കാരെ സൃഷ്ടിച്ചു. തുകയെല്ലാം സ്വന്തം കയ്യിലാക്കി. 

2022 -ലാണ് ഈ തട്ടിപ്പ് പുറത്ത് വന്നത്. കൃത്യമായ ഹാജറുള്ള, ശമ്പളം വാങ്ങുന്ന സൺ എന്ന ജോലിക്കാരനെ ആരും കണ്ടിട്ടില്ലല്ലോ എന്ന സംശയം ഉയർന്നതിന് പിന്നാലെയാണ് വിശദമായ പരിശോധന നടന്നത്. അതിലാണ് യാങ്ങിന്റെ തട്ടിപ്പ് കണ്ടെത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഇപ്പോൾ 10 വർഷവും രണ്ട് മാസവും തടവാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്. പിഴ ഒടുക്കുന്നതടക്കമുള്ള നടപടികളും ഇയാൾക്ക് നേരെയുണ്ട്. 

എന്തായാലും, ഇത്രയും വർഷങ്ങളായി ഇത്ര വലിയ തട്ടിപ്പ് ഇയാൾ നടത്തിയിട്ടും ആരും അറിഞ്ഞില്ലല്ലോ എന്നത് ആളുകളെ അത്ഭുതപ്പെടുത്തി. 

കോടീശ്വരിയാണ്, സ്വന്തം കമ്പനിയിൽ ഒരു ജോലിക്കുവേണ്ടി മണിക്കൂറുകളോളം ക്യൂ നിന്നു, ആരുമറിയാതെ ജോലി ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios