Asianet News MalayalamAsianet News Malayalam

അന്ന് അച്ഛന്‍ പോലും പറഞ്ഞു, 'നീ വിരൂപയാണ് ഒരാളും നിന്നെ സ്നേഹിക്കില്ല'

കാര്യങ്ങള്‍ പിന്നെയും വഷളായതേ ഉള്ളൂ. ഒരിക്കല്‍ ഒരു സുഹൃത്തിന്‍റെ അച്ഛനെന്നോട് മോശമായി പെരുമാറി. അത് വീട്ടിലറിയിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത്, നീ മര്യാദയ്ക്ക് വസ്ത്രം ധരിക്കാത്തതിനാലാണ് എന്നാണ്. അതിലെ ഏറ്റവും മോശമായ കാര്യം ഞാനവരെ വിശ്വസിച്ചു എന്നതാണ്. 

humans of bombay facebook post about body shaming
Author
Bombay, First Published Apr 12, 2019, 4:07 PM IST

ബോഡി ഷെയ്മിങ്ങ് എപ്പോഴും പലരും നേരിടുന്നൊരു പ്രശ്നമാണ്. മനുഷ്യന് മറ്റുള്ളവരുടെ തടിയെ കുറിച്ച്, നിറത്തെ കുറിച്ച്, നീളത്തെ കുറിച്ച് ഒക്കെ കമന്‍റ് പറഞ്ഞില്ലെങ്കില്‍ സമാധാനമുണ്ടാകില്ല. അത്തരം അനുഭവം തുറന്നെഴുതുകയാണ് ഒരു യുവതി ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജില്‍.. 

'നിന്നെ കാണാന്‍ ഭയങ്കര മോശമാണ്. ഒരാണും നിന്നെ സ്നേഹിക്കില്ല..' എന്ന് അച്ഛന്‍ പോലും പറഞ്ഞപ്പോള്‍ എന്‍റെ ഹൃദയം തകര്‍ന്നുപോയി എന്ന് അവളെഴുതുന്നു. കാണാന്‍ ഭംഗിയില്ല എന്ന് പറഞ്ഞ് കാമുകനും ഉപേക്ഷിച്ചു. പക്ഷെ, തടി കുറച്ചപ്പോള്‍ അവന്‍ തിരികെ വന്നു. പക്ഷെ, സ്വീകരിച്ചില്ല എന്നും അവള്‍ പറയുന്നു. ഒടുവില്‍ ശരീരത്തിലോ നിറത്തിലോ ഒന്നുമല്ല കാര്യം എന്നും അവള്‍ തിരിച്ചറിയുന്നുണ്ട്. 'അവസാനം ഞാന്‍ ഒന്നുകൂടി പഠിച്ചു. ഞാന്‍ തന്നെ എന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തില്ലെങ്കില്‍ മറ്റാരും അത് ചെയ്യില്ല. എന്‍റെ കുടുംബം പോലും' എന്നും അവള്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: 
എന്‍റെ കുടുംബം എപ്പോഴും വെളുത്ത നിറത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരുന്നു. ആ നിറം കാത്തുസൂക്ഷിക്കാനായി വെയിലേല്‍‌ക്കാതിരിക്കാന്‍ കവര്‍ ചെയ്യാതെ പുറത്തുപോകാന്‍ അമ്മ സമ്മതിക്കാറേയില്ലായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് ഫുട്ബോളിനോടായിരുന്നു ഇഷ്ടം. ഞാനതില്‍ കഴിവും തെളിയിച്ചിരുന്നു. പക്ഷെ, എന്‍റെ മാതാപിതാക്കള്‍ അത് വെറുത്തു. ഒരു മാച്ചിന് തൊട്ടുമുമ്പ് അച്ഛനെന്നോട് പറഞ്ഞു, 'നിന്നെ കാണാന്‍ ഭയങ്കര മോശമാണ്. ഒരാണും നിന്നെ സ്നേഹിക്കില്ല..' എന്‍റെ ഹൃദയം തകര്‍ന്നുപോയി. അതിനുശേഷം ഞാനൊരിക്കലും ഫുട്ബോള്‍ കളിച്ചിട്ടില്ല. ഒരിക്കലും എന്നെ കാണാന്‍ സ്ത്രീകളെ പോലെ ഉണ്ടെന്നും ആരും പറഞ്ഞില്ല. കാരണം 14 വയസ്സു വരെ എനിക്ക് സ്തനവളര്‍ച്ചയും ഇല്ലായിരുന്നു. അതെന്തെങ്കിലും എന്‍റെ കുറ്റമായിരുന്നോ?

കാര്യങ്ങള്‍ പിന്നെയും വഷളായതേ ഉള്ളൂ. ഒരിക്കല്‍ ഒരു സുഹൃത്തിന്‍റെ അച്ഛനെന്നോട് മോശമായി പെരുമാറി. അത് വീട്ടിലറിയിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത്, നീ മര്യാദയ്ക്ക് വസ്ത്രം ധരിക്കാത്തതിനാലാണ് എന്നാണ്. അതിലെ ഏറ്റവും മോശമായ കാര്യം ഞാനവരെ വിശ്വസിച്ചു എന്നതാണ്. 

പിന്നീട് ഞാനൊരാളുമായി അടുപ്പത്തിലായി. അയാളെന്നെ മാനസികമായി ഉപദ്രവിച്ചു കൊണ്ടിരുന്നു. അവസാനം ഞങ്ങള്‍ പിരിഞ്ഞു. കാരണം പറഞ്ഞത് ഞാന്‍ കാണാന്‍ ഭംഗിയില്ലാത്തവളാണ് എന്നതാണ്. ഞാനും അവനും രണ്ട് വര്‍ഷത്തോളം ഇഷ്ടത്തിലായിരുന്നു. എന്നെയും ആരെങ്കിലും പ്രണയിക്കുമെന്ന് അച്ഛനെ കാണിച്ചു കൊടുക്കുക എന്ന ലക്ഷ്യം കൂടി എനിക്കുണ്ടായിരുന്നു. പക്ഷെ, അവന്‍ എല്ലായ്പ്പോഴും പലതും പറഞ്ഞെന്നെ മാനസികമായി തളര്‍ത്തി. എനിക്കുപോലും എന്നില്‍ വിശ്വാസമില്ലാതാക്കി. അവന് ഞാന്‍ വെറുമൊരു ഇന്‍ഷുറന്‍സ് പോളിസി പോലെ ആയിരുന്നു. ഇനിയും സഹിക്കാനാകില്ല എന്നായപ്പോള്‍ ഞാനും അവനും പിരിഞ്ഞു. 

ഞാനാകെ തകര്‍ന്നു പോയി. വിഷാദത്തിലാണ്ടു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. അതോടെ അമ്മ എന്നെ തെറാപ്പിക്ക് കൊണ്ടുപോയിത്തുടങ്ങി. അതെന്നെ സഹായിച്ചില്ല. ഞാന്‍ കാണാന്‍ മോശമാണ് എന്ന് പറഞ്ഞതു കേട്ട് എനിക്ക് മടുത്തിരുന്നു. അങ്ങനെ ഞാന്‍ ഭക്ഷണം കുറച്ചു. ജ്യൂസിലും ചീസിലും മാത്രമാണ് ഞാന്‍ പിടിച്ചുനിന്നത്. പതുക്കെ പതുക്കെ തടി കുറഞ്ഞു തുടങ്ങി. സൈസ് ടു ആയപ്പോള്‍ ആണ്‍കുട്ടികള്‍ പ്രണയമറിയിച്ചു തുടങ്ങി. എന്‍റെ എക്സും തിരികെ എന്നെ തേടി വന്നു. 

പക്ഷെ, ഇനിയും ഞാന്‍ തടിച്ചാല്‍ ഇവരൊക്കെ വീണ്ടും എന്നെ ഉപേക്ഷിക്കില്ലേ എന്ന ചിന്ത എന്നിലുണ്ടായിരുന്നു. വീണ്ടും അവരെന്നെ വിരൂപയായവള്‍ എന്ന് വിളിച്ചേക്കാം എന്ന ഭയവുമുണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം എന്‍റെ സുഹൃത്ത് എന്നെ ഒരു ചിത്രം കാണിച്ചു, ആഷ്ലി ഗ്രഹാം റാംപിലൂടെ നടക്കുന്ന ചിത്രമായിരുന്നു അത്. ആദ്യമായിട്ടാണ് പ്ലസ് സൈസിലുള്ള ഒരു സ്ത്രീയെ ഇങ്ങനെ ഒരിടത്ത് ഞാന്‍ കാണുന്നത്. അതെന്‍റെ ജീവിതത്തിലെ വഴിത്തിരിവായി. ഞാനെന്‍റെ അച്ഛനോട് പറഞ്ഞു, 'അദ്ദേഹത്തിന്‍റെ എന്നെ കുറിച്ചുള്ള അഭിപ്രായം എനിക്ക് വിഷയമേ അല്ല. അതെന്നെ ബാധിക്കുകയുമില്ല. എന്‍റെ ജീവിതത്തില്‍ അദ്ദേഹത്തിനിനി ഒരു റോളുമില്ല' എന്ന്.  

ജീവിതം അങ്ങനെയാണ്. ഇപ്പോഴും പലരും എന്നെ കളിയാക്കുന്നുണ്ട്. ബോഡി ഷെയിമിങ്ങ് നേരിടുന്നുണ്ട്, ഒറ്റപ്പെടുത്തുന്നുണ്ട്. പക്ഷെ, എന്നെ സ്വാധീനിക്കാന്‍ അതിനെയൊന്നും ഞാന്‍ അനുവദിക്കാറില്ല. ഒരുപാട് കാലമെടുത്തു എന്‍റെ സന്തോഷം മറ്റാരുടേയും അഭിപ്രായത്തിലല്ല നിലനില്‍ക്കുന്നത് എന്ന് മനസിലാക്കാന്‍. എന്‍റെ ശരീരം, അതിലെ പാടുകള്‍ ഇവയൊക്കെ ഞാനാരാണ് എന്നതില്‍ വളരെ ചെറിയ അളവ് മാത്രമാണ്. അവസാനം ഞാന്‍ ഒന്നുകൂടി പഠിച്ചു. ഞാന്‍ തന്നെ എന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തില്ലെങ്കില്‍ മറ്റാരും അത് ചെയ്യില്ല. എന്‍റെ കുടുംബം പോലും.. 

(കടപ്പാട്: ഹ്യുമന്‍സ് ഓഫ് ബോംബെ)


 

Follow Us:
Download App:
  • android
  • ios