Asianet News MalayalamAsianet News Malayalam

കറുത്ത പെണ്ണിന് എന്താ എയര്‍ഹോസ്റ്റസ് ആയിക്കൂടേ?

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഞാന്‍ കൂടുതല്‍ പഠിക്കാനാഗ്രഹിച്ചു. പക്ഷെ, അതിനുള്ള സ്ഥിതിയില്ലെന്ന് പറഞ്ഞ് അച്ഛനെന്നെ പിന്തിരിപ്പിച്ചു. എനിക്കെപ്പോഴും ഒരു എയര്‍ഹോസ്റ്റസ് ആവാനായിരുന്നു താല്‍പര്യം. അങ്ങനെ ലോകം മുഴുവന്‍ പറക്കാമെന്നും ഞാന്‍ കരുതിയിരുന്നു. 

humans of bombay facebook post on color discrimination
Author
Bombay, First Published Mar 15, 2019, 3:47 PM IST

നിറത്തിന്‍റെയും രൂപത്തിന്‍റെയും പേരില്‍ പരിഹസിക്കുന്നത് പതിവാണ്. ബോഡി ഷെയ്മിങ്ങ് ജീവിതത്തിന്‍റെ ഭാഗം എന്ന നിലയിലാണ് പലരും കാണുന്നത്. വെറുതെയെങ്കിലും ചുറ്റുമുള്ളവരെ പരിഹസിച്ചില്ലെങ്കില്‍ ഒരു സമാധാനമില്ലാത്ത പോലെ.. അങ്ങനെ പരിഹസിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അനുഭവമാണ് 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. എയര്‍ഹോസ്റ്റാകാന്‍ ആഗ്രഹിച്ചിരുന്നൊരു പെണ്‍കുട്ടി നിറത്തിന്‍റെ പേരില്‍ പരിഹസിക്കപ്പെട്ട അനുഭവമാണിത്.

അത് അവളുടെ ആത്മവിശ്വാസം തകര്‍ത്തുകളഞ്ഞു. പക്ഷെ, അവള്‍ തോറ്റുപോയില്ല. അവള്‍ക്ക് എയര്‍ഹോസ്റ്റസ് ആയിത്തന്നെ ജോലികിട്ടി. ഇന്നവള്‍ ലോകം മുഴുവന്‍ പറക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: ഞാന്‍ ഒരു ജാട്ട് കുടുംബത്തില്‍ നിന്നാണ് വരുന്നത്. അവര്‍ വിശ്വസിക്കുന്നത് യു.എസ്സില്‍ നിന്നുള്ള ഒരു പയ്യനെ വിവാഹം കഴിച്ചാല്‍ മറ്റൊന്നും വേണ്ട. ജീവിതം സെറ്റില്‍ഡായി എന്നാണ്. വീട്ടില്‍ കറുത്ത ഒരാള്‍ ഞാനായിരുന്നു. ഞാനത് പറയാന്‍ കാരണമുണ്ട്. എന്‍റെ കുടുംബത്തില്‍ മറ്റെല്ലാവരും, കസിന്‍സടക്കം നല്ല വെളുത്തിട്ടായിരുന്നു. മങ്ങിയിരിക്കുന്നതിന് കളിയാക്കലുകള്‍ നേരിട്ടിട്ടുള്ള ഒരാളാണ് ഞാന്‍. പുറത്ത് കളിക്കാന്‍ പോകുമ്പോള്‍ പോലും എന്നോട് വീട്ടുകാര്‍ ശ്രദ്ധിക്കാന്‍ പറയും. കാരണം, ഇനിയും കറുത്തു പോയാല്‍ എന്നെ ആര് വിവാഹം കഴിക്കാനാണ് എന്നാണ് അവര്‍ പറഞ്ഞിരുന്നത്. 

പതിനെട്ടാമത്തെ വയസ്സില്‍ അച്ഛന്‍റെ സുഹൃത്തിന്‍റെ മകനുമായി എന്‍റെ വിവാഹം നടത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അയാള്‍ കാനഡയിലായിരുന്നു. വിവാഹശേഷം അവിടെ പഠനം തുടരാമെന്ന് പറയുകയും ചെയ്തു. അന്നുരാത്രി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി, സുഹൃത്തുക്കളുടെ കൂടെ താമസിച്ചു. പിറ്റേന്ന് അച്ഛനെത്തി. ഞാനും അച്ഛനും വഴക്കായി. ഞാനദ്ദേഹത്തോട് പറഞ്ഞു, 'വിദേശത്ത് പോകണമെങ്കില്‍ ഞാന്‍ പോയിക്കോളാം, അത് എന്‍റെ സ്വന്തം നിലയ്ക്ക്, അല്ലാതെ മറ്റൊരാളുടെ ഭാര്യയായി പോകാന്‍ താല്‍പര്യമില്ല' എന്ന്. 

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഞാന്‍ കൂടുതല്‍ പഠിക്കാനാഗ്രഹിച്ചു. പക്ഷെ, അതിനുള്ള സ്ഥിതിയില്ലെന്ന് പറഞ്ഞ് അച്ഛനെന്നെ പിന്തിരിപ്പിച്ചു. എനിക്കെപ്പോഴും ഒരു എയര്‍ഹോസ്റ്റസ് ആവാനായിരുന്നു താല്‍പര്യം. അങ്ങനെ ലോകം മുഴുവന്‍ പറക്കാമെന്നും ഞാന്‍ കരുതിയിരുന്നു. എന്‍റെ മുറിയില്‍ ഒരു മാപ്പ് പോലും ഉണ്ടായിരുന്നു. ഞാനതില്‍ സന്ദര്‍ശിക്കാനിഷ്ടപ്പെടുന്ന സ്ഥലം നോക്കിവെച്ചു. പക്ഷെ, എന്‍റെ ഈ നിറം എയര്‍ഹോസ്റ്റസ് ആവാന്‍ ചേര്‍ന്നതല്ല എന്നതെന്നെ നിരാശപ്പെടുത്തി.

എന്‍റെ കുടുംബം ആ സമയത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അങ്ങനെ ഞാന്‍ താല്‍ക്കാലികമായി ഒരു ജോലി നോക്കി. കുറച്ച് നാളുകള്‍ക്ക് ശേഷം അമ്മയെന്നെ വിളിച്ചു. അമ്മ എനിക്കായി ഒരു ഫോറം വാങ്ങിയിട്ടുണ്ടെന്നും അത് പൂരിപ്പിക്കണം എന്നും പറഞ്ഞു. അത് എയര്‍ഹോസ്റ്റസിനുള്ള അഭിമുഖമായിരുന്നു. എനിക്കപ്പോഴും പ്രതീക്ഷയുണ്ടായിരുന്നില്ല. ഞാന്‍ വല്ലാത്ത അരക്ഷിതാവസ്ഥയിലായിരുന്നു. അഭിമുഖത്തില്‍ പങ്കെടുത്തത് പോലും ആരോടും പറയാതെയാണ്. പക്ഷെ, ആഴ്ചകള്‍ക്ക് ശേഷം അച്ഛന്‍ വിളിച്ചു, എനിക്ക് വീട്ടില്‍ ഒരു ഓഫര്‍ ലെറ്റര്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഞാനതിന് മുമ്പ് ഒരു വിമാനത്തില്‍ കയറിയിട്ടുണ്ടായിരുന്നില്ല. ആദ്യമായി കയറുന്നത് തന്നെ ഒരു ക്ര്യൂ അംഗമായി.. 

ഞാന്‍ ജര്‍മ്മനിയിലേക്ക് പറന്നു. അപ്പോഴും എന്‍റെ ബന്ധുക്കളില്‍ പലര്‍ക്കും അത് വിശ്വസിക്കാനാവുമായിരുന്നില്ല. ഇവള്‍ക്കെങ്ങനെ ആ ജോലി കിട്ടും എന്നൊക്കെ പലരും പറഞ്ഞു. പക്ഷെ, ജര്‍മ്മനിയിലെത്തി. ജോലി എനിക്ക് വല്ലാത്ത ആത്മവിശ്വാസം തന്നു. ജീവനക്കാരും, യാത്രക്കാരും എന്‍റെ മങ്ങിയ നിറത്തെ അഭിനന്ദിക്കുകയായിരുന്നു. 

പക്ഷെ, എനിക്ക് ഏറ്റവും സന്തോഷമായത് അച്ഛനെ ഞാന്‍ യു.എസ്സിലേക്ക് ഒരു യാത്ര കൊണ്ടു പോയപ്പോഴാണ്. പെട്ടിയൊരുക്കുമ്പോള്‍ അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അച്ഛന്‍ അമ്മയോട് പറഞ്ഞു, അവളെന്നോട് അവളുടെ നിലയ്ക്ക് ലോകം കാണുമെന്ന് പറഞ്ഞു, ഇന്ന് അവളെന്നെ ലോകം കാണിക്കുന്നു എന്ന്. ഇത്രയധികം സന്തോഷം വേറൊരിക്കലും എനിക്ക് തോന്നിയിട്ടില്ല. ഈ ലോകം എന്‍റേതാണ് എന്നെനിക്ക് തോന്നി. ആത്മവിശ്വാസമുണ്ടെങ്കില്‍ നിറമോ മറ്റെന്തെങ്കിലുമോ ഒരു തടസ്സമേ അല്ല.. 
 

Follow Us:
Download App:
  • android
  • ios