Asianet News MalayalamAsianet News Malayalam

'അനുഭവിക്കാവുന്നതിന്‍റെ പരമാവധി അനുഭവിച്ചു, എന്‍റെ മകള്‍ക്ക് അങ്ങനെയൊരു നരകജീവിതമുണ്ടാവരുത്'

ഗൈനക്കോളജിസ്റ്റിനെ കാണാന്‍ കൂടെ വരാന്‍ പോലും എന്‍റെ ഭര്‍ത്താവിനെ അമ്മായിഅമ്മ അനുവദിച്ചിരുന്നില്ല. എനിക്കെപ്പോഴും തനിച്ച് പോകേണ്ടി വന്നു. പലപ്പോഴും എനിക്ക് കഴിക്കാന്‍ ഭക്ഷണം വരെ ഉണ്ടായിരുന്നില്ല. എന്നിട്ടും വീട്ടുജോലികളെല്ലാം ഞാന്‍ തന്നെ തീര്‍ക്കേണ്ടി വന്നു.

humans of bombay  post domestic violence experience
Author
Mumbai, First Published Jun 30, 2019, 4:01 PM IST

ഓര്‍മ്മയില്ലേ ഓയൂരില്‍ തുഷാര എന്ന യുവതിയെ സ്ത്രീധനത്തുക നല്‍കാത്തതിന് ഭര്‍ത്താവും ഭര്‍ത്താവിന്‍റെ അമ്മയും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊന്നത്. ഇതുപോലെയുള്ള നിരവധി സംഭവങ്ങള്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. ചിലത് പുറത്തറിയും ചിലത് പുറത്തറിയില്ല. ചിലതില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടും ചില സംഭവങ്ങളില്‍ പ്രതികള്‍ രക്ഷപ്പെടും. തുഷാരയുടെ കാര്യം തന്നെ ഒന്നോര്‍ത്ത് നോക്കൂ. അവളനുഭവിക്കുന്നതറിയാന്‍ ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍, ധൈര്യപൂര്‍വം അവള്‍ക്ക് ആ വീടിന് വെളിയിലേക്ക് വരാനായിരുന്നുവെങ്കില്‍ ഇന്നും അവള്‍ ജീവിച്ചിരുന്നേനെ.  

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ആരിലും വലിയ ഞെട്ടലൊന്നുമുണ്ടാക്കാത്തത് പലപ്പോഴും സ്ത്രീകളോട് ഇതൊക്കെയാവാം എന്ന ചിന്തയുടെ ഭാഗമായാണ്. മാത്രവുമല്ല, എന്തൊക്കെ അനുഭവിച്ചാലും ഭര്‍ത്താവിന്‍റെ വീട്ടില്‍ പിടിച്ചുനിന്നേ തീരൂ. വിവാഹമോചനമൊന്നും അത്ര നല്ല കാര്യം അല്ല എന്ന ചിന്താഗതിയും നമുക്കുണ്ട്. അത്തരം ഒരു അനുഭവം പങ്കുവെക്കുകയാണ് ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍. നിരന്തരം നടക്കുന്ന പീഡനങ്ങളില്‍ പിടിച്ചുനിന്നുവെങ്കിലും ഒടുവില്‍ അവള്‍ പ്രതികരിക്കുകയും ആ വീട് വിട്ട് പുറത്തു വരികയും മകളെ വളര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട്, അവളും മകളും ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു. 

ഹ്യുമന്‍സ് ഓഫ് ബോംബെ പങ്കുവെച്ച അനുഭവക്കുറിപ്പില്‍ നിന്ന്: 

ഒരു ഇടത്തരം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അതുകൊണ്ടു തന്നെ നല്ല ഒരു ജോലി വാങ്ങണമെന്ന് എപ്പോഴും ഞാനാഗ്രഹിച്ചിരുന്നു. 

പക്ഷെ, ബിരുദം നേടിയതോടെ തന്നെ നാട്ടുകാര്‍ പതിവുപോലെ തന്നെ കാര്യങ്ങള്‍ തുടങ്ങി. ഞാന്‍ നല്ല നീളം വെച്ചിട്ടായിരുന്നു. പെട്ടെന്ന് തന്നെ എന്‍റെ കല്ല്യാണം നടത്തണം. ഇല്ലെങ്കില്‍, പിന്നീട് കല്ല്യാണം നടക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് പറഞ്ഞു തുടങ്ങി. അങ്ങനെ ചേരുമെന്ന് തോന്നിയ ഒരു കുടുംബം കല്ല്യാണാലോചനയുമായി എത്തി. ജോലി ചെയ്യുന്നതിലൊന്നും കുഴപ്പമില്ലായെന്നൊക്കെ അയാള്‍ പറയുകയു ചെയ്തു. 

നിശ്ചയസമയത്ത് തന്നെ പ്രശ്നങ്ങള്‍ ചെറുതായി ആരംഭിച്ചിരുന്നു. ചടങ്ങിന് ഒരുപാട് എത്തുമെന്നും വില കൂടിയ മദ്യവും മറ്റും വിളമ്പണവുമെന്നൊക്കെ അവര്‍ ഡിമാന്‍ഡ് ചെയ്ത് തുടങ്ങി. പക്ഷെ, അതിനൊന്നുമുള്ള പണമൊന്നും എന്‍റെ മാതാപിതാക്കളുടെ കയ്യിലില്ലായിരുന്നു. എന്നിട്ടും അവര്‍ അതെല്ലാം അംഗീകരിച്ചു. 

വിവാഹം കഴിഞ്ഞതോടെ എന്‍റെ സാലറി മുഴുവന്‍ നാത്തൂന്മാര്‍ വാങ്ങിത്തുടങ്ങി. എന്നെ ഒരു വേലക്കാരിയെ പോലെയാണ് കണ്ടത്. ഭക്ഷണം പാകം ചെയ്യാന്‍, അലക്കാന്‍, ടോയിലെറ്റുകള്‍ കഴുകാന്‍ എല്ലാം എന്നോടവര്‍ നിര്‍ദ്ദേശിച്ചുകൊണ്ടിരുന്നു. നാല് മണിക്ക് ഞാനുണരും. എന്നിട്ട് ഈ ജോലിയെല്ലാം തീര്‍ത്ത് ഓഫീസില്‍ പോകും. എന്‍റെ ഭര്‍ത്താവ് എനിക്ക് വേണ്ടി ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ല. 

സുഹൃത്തുക്കളെയോ കുടുംബക്കാരെയോ കാണാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. ആഴ്ചാവസാനങ്ങളിലെല്ലാം വീട്ടിലെ കാര്യങ്ങള്‍ നോക്കി തീര്‍ക്കേണ്ടതുണ്ടായിരുന്നു. അതിനിടയില്‍ ഗര്‍ഭിണിയാകണമെന്ന ഭീഷണിയുമുണ്ടായിരുന്നു. അവസാനം ഞാന്‍ ഗര്‍ഭിണിയായി. ഗൈനക്കോളജിസ്റ്റിനെ കാണാന്‍ കൂടെ വരാന്‍ പോലും എന്‍റെ ഭര്‍ത്താവിനെ അമ്മായിഅമ്മ അനുവദിച്ചിരുന്നില്ല. എനിക്കെപ്പോഴും തനിച്ച് പോകേണ്ടി വന്നു. പലപ്പോഴും എനിക്ക് കഴിക്കാന്‍ ഭക്ഷണം വരെ ഉണ്ടായിരുന്നില്ല. എന്നിട്ടും വീട്ടുജോലികളെല്ലാം ഞാന്‍ തന്നെ തീര്‍ക്കേണ്ടി വന്നു. 

ഒരു ദിവസം, സഹോദരിയുടെ മകള്‍ മണിക്കൂറുകളോളം ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ 'കുറച്ച് നേരം അത് ഓഫ് ചെയ്തിട്ട് വെറെന്തെങ്കിലും ചെയ്യൂ' എന്ന് ഞാന്‍ പറഞ്ഞു. അത് നാത്തൂന്‍മാരറിഞ്ഞു. അവരെന്നെ ചീത്ത പറഞ്ഞു തുടങ്ങി. ഭര്‍ത്താവും അവര്‍ക്കൊപ്പം ചേര്‍ന്നു. സഹിച്ചെനിക്ക് മടുത്തിരുന്നു. അതുകൊണ്ട് ഞാനും തിരിച്ച് പ്രതികരിച്ചു. അതോടെ അവരെന്‍റെ അച്ഛനേയും അമ്മയേയും വിളിച്ചു. എന്നെ തിരികെ കൊണ്ടുപോകണമെന്ന് പറഞ്ഞു. 

അവര്‍ എത്തി. എന്നെ കണ്ടപ്പോള്‍ തന്നെ അവര്‍ക്ക് ഞാന്‍ അനുഭവിക്കുന്നത് മനസിലായി. ആ സമയത്ത് ഞാന്‍ പൂര്‍ണഗര്‍ഭിണിയായിരുന്നു. ബാഗും സാധനങ്ങളുമെല്ലാമെടുത്ത് ഞാന്‍ തിരികെ വീട്ടിലേക്ക് മടങ്ങി. എന്നിട്ടും ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ നിര്‍ത്തിയില്ല. എന്‍റെ വയറ്റിലുള്ള കുഞ്ഞ് ഭര്‍ത്താവിന്‍റേതല്ല എന്നുവരെ കാണുന്നവരോടെല്ലാം പറഞ്ഞു. അതൊന്നും എന്നെ തളര്‍ത്തിയില്ല. ഇനിയെങ്കിലും സ്വന്തം ജീവിതം സ്വന്തം നിയന്ത്രണത്തിലായിരിക്കണമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. 

ഇപ്പോള്‍ മൂന്ന് വര്‍ഷമായി എന്‍റെ മകള്‍ക്ക് ഞാന്‍ ജന്മം നല്‍കിയിട്ട്. ഞാന്‍ എന്‍റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നു. ജോലി ചെയ്യുന്നു. സിംഗിള്‍ മദറായി തുടരുന്നു. അവളേറെയാഗ്രഹിക്കുന്ന ഈ കളിപ്പാട്ടം വാങ്ങാന്‍ കുറേനാളായി ഞാന്‍ പണം കൂട്ടിവെക്കുന്നു. അത് അവള്‍ക്ക് വേണ്ടി വാങ്ങുമ്പോള്‍ ഞാനെത്ര സന്തോഷവതിയാണെന്ന് എനിക്ക് പറഞ്ഞറിയിക്കാനാവുന്നില്ല.  

ചിലപ്പോള്‍ എനിക്ക് ആശങ്കയുണ്ടാകും, എന്‍റെ മകള്‍ അച്ഛനടുത്തില്ലാതെ വളരുന്നതിനെ കുറിച്ചോര്‍ക്കുമ്പോള്‍. അപ്പോള്‍ ഞാന്‍ എന്‍റെ കുടുംബത്തെ കുറിച്ച് ഓര്‍ക്കും. പിന്നെ, അവളുടെ അച്ഛനും അമ്മയുമായി നിന്ന് അവള്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കാനാകുമെന്ന് ഉറപ്പിക്കും. കാരണം, സ്ത്രീയാണെന്നതുകൊണ്ടു മാത്രം  ഞാനനുഭവിച്ച നരകജീവിതം ഒരിക്കല്‍ പോലും അവളനുഭവിക്കേണ്ടി വരരുത്. 
 

കടപ്പാട്: ഹ്യുമന്‍സ് ഓഫ് ബോംബെ

Follow Us:
Download App:
  • android
  • ios