ഹൈദ്രാബാദില്‍ എയര്‍പോര്‍ട്ടിലേക്ക് രാവിലെ കാബ് ബുക്ക് ചെയ്ത യുവാവിന്‍റെ അവസ്ഥ. വൈറലായി റെഡ്ഡിറ്റിലെ പോസ്റ്റ്.

അതിരാവിലെ എയർപോർട്ടിലേക്ക് ടാക്സി വിളിക്കുമ്പോൾ വലിയ തുകയാണ് ഡ്രൈവർമാർ ഈടാക്കുന്നതെന്ന് യുവാവിന്റെ പോസ്റ്റ്. റെഡ്ഡിറ്റിലാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ അനുഭവമാണ് യുവാവ് കുറിച്ചിരിക്കുന്നത്. രാവിലെ 7 മണിക്കായിരുന്നു യുവാവിന്റെ ഫ്ലൈറ്റ്. 4 മണിക്കാണ് കാബ് ബുക്ക് ചെയ്തത്. എന്നാൽ, ആപ്പിൽ കാണിച്ചതിനേക്കാൾ കൂടുതൽ തുക നൽകേണ്ടി വരും എന്ന് ഡ്രൈവർ വിളിച്ചപ്പോൾ തന്നെ പറഞ്ഞതായിട്ടാണ് യുവാവ് കുറിക്കുന്നത്. ഇതുപോലെ എയർപോർട്ടിലേക്ക് കാബ് ബുക്ക് ചെയ്യുമ്പോൾ സംഭവിക്കാറുണ്ടോ? അതോ ഡ്രൈവർമാർ അവർക്ക് തോന്നുന്നത് പോലെ കാശ് വാങ്ങുകയാണോ ചെയ്യുന്നത് എന്നാണ് യുവാവിന്റെ സംശയം.

യുവാവിന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്; 'ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു എനിക്ക് ഫ്ലൈറ്റ്. രാവിലെ നാല് മണിക്ക് തന്നെ ഞാൻ ഒരു കാബ് ബുക്ക് ചെയ്തു. കാബ് ഡ്രൈവർ വിളിച്ച് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ചു. എയർപോർട്ട് എന്ന് ഞാൻ മറുപടിയും നൽകി. അയാൾ അമ്പരന്നതുപോലെ തോന്നി. പിന്നീട് പറഞ്ഞത്, കുറച്ചധികം പൈസ കൊടുക്കേണ്ടി വരും എന്നാണ്. ആപ്പിൽ കാണിച്ചിരിക്കുന്ന തുകയേ തരൂ എന്ന് ഞാൻ പറഞ്ഞു.'

'വഴി പ്രശ്നമാണ് എന്നും വൈകാൻ സാധ്യതയുണ്ട് എന്നുമാണ് ഡ്രൈവർ പറഞ്ഞത്. 5000 രൂപയും ചോദിച്ചു. മറ്റ് കാബ് ഡ്രൈവർമാരെ നോക്കിയപ്പോൾ അവിടേയും ഇത് തന്നെയായിരുന്നു സ്ഥിതി. 2000 -ത്തിനും 6000 -ത്തിനും ഇടയിലുള്ള തുകയാണ് അവർ പറയുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. അവസാനം ഞാൻ എന്റെ ഒരു സുഹൃത്തിനോട് കൊണ്ടുവിടാൻ പറഞ്ഞു. വഴിയിൽ ട്രാഫിക് ഉണ്ടായിരുന്നു, പക്ഷേ പെട്ടെന്ന് തന്നെ അവൻ എന്നെ അവിടെ എത്തിച്ചു' എന്നാണ് യുവാവ് കുറിക്കുന്നത്.

ഇത് സാധാരണ സംഭവിക്കുന്നതാണോ എന്നാണ് യുവാവിന്റെ ചോദ്യം. ഇത് വെറും തട്ടിപ്പാണ് എന്നാണ് പലരും കമന്റിൽ സൂചിപ്പിച്ചത്. സമാനമായ അനുഭവമുണ്ടായതായി കമന്റിൽ പറഞ്ഞവരുമുണ്ട്. 1000 -ത്തിൽ താഴെ മാത്രം ടാക്സിക്കൂലി വരുന്നിടത്താണ് ഡ്രൈവർമാർ യുവാവിനോട് ഈ കാശ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് കരുതുന്നത്.