ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ, വാൻസി എന്ന ലാബ്രഡോർ നായ മൊബിലിറ്റി സ്കൂട്ടർ ഓടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ വൈറലായി. ഒരു മാസത്തെ പരിശീലനത്തിന് ശേഷമാണ് നായ റോഡിലിറങ്ങിയതെങ്കിലും, സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ട്രാഫിക് പോലീസ് ഇടപെട്ടു. 

ചൈനീസ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മൊബിലിറ്റി സ്കൂട്ടർ ഓടിക്കുന്ന നായയുടെ ദൃശ്യങ്ങൾ. വാൻസി എന്ന ലാബ്രഡോർ നായ സിചുവാൻ പ്രവിശ്യയിലെ മെയ്ഷാനിലെ ഒരു തെരുവിലൂടെ ഒരു മൊബിലിറ്റി സ്കൂട്ടർ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. പിന്‍കാലുകളില്‍ നിവ‍ർന്ന് നില്‍ക്കുന്ന വാൻസി, മുൻകാലുകൾ സ്റ്റിയറിംഗ് വീലിൽ വെച്ച്, സ്കൂട്ടർ ഓടിക്കുന്നത് ഏറെ കൗതുകകരമായ കാഴ്ചയാണ്.

സ്കൂട്ടർ ഓടിക്കുന്ന നായ

ഏറെ പ്രഗൽഭനായ ഒരു ഡ്രൈവറിനെ പോലെയാണ് നായ സ്കൂട്ടർ ഓടിച്ചു പോകുന്നത്. അത്യാവശം തിരക്കുള്ള റോഡിലൂടെ മറ്റ് വാഹനങ്ങൾ കടന്നു പോകുമ്പോഴും വളരെ ശ്രദ്ധയോടെയാണ് വാൻസി മുന്നോട്ടു നീങ്ങുന്നത്. നായയുടെ ഡ്രൈവിംഗ് പ്രാവീണ്യം കണ്ട് ആളുകൾ അമ്പരപ്പോടെ സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ വൈറലായതിന് പിന്നാലെ ഏകദേശം ഒരു മാസത്തോളമായി വാൻസിയെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നുണ്ടെന്ന് ഉടമ വെളിപ്പെടുത്തി. സ്കൂട്ടർ ഓടിക്കുന്നതിൽ മാത്രമല്ല വാൻസി പ്രാവീണ്യം തെളിയിച്ചിട്ടുള്ളത്. സ്കേറ്റിംഗ് ബോർഡിലും ആരെയും അമ്പരപ്പിക്കും വിധം സഞ്ചരിക്കാൻ വാൻസിക്ക് കഴിയും. കൂടാതെ വീട്ടിലെ ലൈറ്റുകൾ ഓൺ ചെയ്യുക, മാലിന്യം പുറത്തുവക്കുക തുടങ്ങിയ കാര്യങ്ങളും വാൻസി അനായാസേന കൈകാര്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

Scroll to load tweet…

ഇടപെട്ട് ട്രാഫിക്ക് പോലീസ്

നായയുടെ "ഡ്രൈവിംഗ്" സാധ്യമാക്കാൻ പവർ-കട്ട് ബ്രേക്ക് ഉൾപ്പെടെയുള്ള മാറ്റങ്ങളോടെയാണ് മൊബിലിറ്റി സ്കൂട്ടർ രൂപപ്പെടുത്തിയത്. എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ പ്രാദേശിക ട്രാഫിക് പോലീസ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഇത്തരം ഒരു കാര്യം ശ്രദ്ധയിൽപ്പെടുന്നത് ഇതാദ്യമാണെന്ന് ട്രാഫിക് മാനേജ്‌മെന്‍റ് ബ്യൂറോ പറഞ്ഞു. പൊതുനിരത്തുകളിൽ ഒരു നായയെ "വാഹനം ഓടിക്കാൻ" അനുവദിക്കുന്നത് നിയമപരമല്ലെന്നും അവർ വ്യക്തമാക്കി. നായയുടെ ഉടമയ്ക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പും നൽകി കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോ കണ്ട പല കാഴ്ചക്കാരെയും വാൻസിയുടെ ഈ ഡ്രൈവിംഗ് പ്രാവീണ്യം ആകർഷിച്ചുവെങ്കിലും, ഈ സംഭവം റോഡ് സുരക്ഷയെക്കുറിച്ചും ഇത്തരം പ്രകടനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകേണ്ടതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തി