Asianet News MalayalamAsianet News Malayalam

ഭാര്യ തല്ലും, ഉപദ്രവിക്കും, ഡിവോഴ്‍സ് വേണം; തടാകത്തിൽ ചാടി മരിക്കാനൊരുങ്ങി യുവാവ്, കരയ്‍ക്ക് കയറ്റി നാട്ടുകാർ

ഭാര്യ ഉപദ്രവിച്ചതാണ് എന്നും പറഞ്ഞ് തന്റെ കൈകളിലെ പാടുകളും യുവാവ് കാണിക്കുന്നുണ്ട്. എന്തായാലും, പിന്നീട് പൊലീസും സ്ഥലത്തെത്തി എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്.

Hyderabad man want divorce threatens to jump lake
Author
First Published Apr 21, 2024, 1:09 PM IST

സുഖത്തിലും ദുഃഖത്തിലും പങ്കാളികളാകാനാണ് വിവാഹം കഴിക്കുന്നത് എന്നാണ് പറയാറ്. എന്നാൽ, ചിലർക്ക് വിവാഹജീവിതം നരകതുല്ല്യമായി മാറാറുണ്ട്. അതിന് പലതരം കാരണങ്ങളും കാണും. ചിലരൊക്കെ വിവാഹമോചിതരാവും, ചിലർ ആ ജീവിതത്തിൽ തന്നെ തുടരും. എന്തായാലും, ഹൈദ്രാബാദിലെ കൊമ്പള്ളിയിലുള്ള ഒരു യുവാവ് പറയുന്നത് തനിക്ക് ഭാര്യയിൽ നിന്നും എത്രയും വേ​ഗം വിവാഹമോചനം വേണം ഇല്ലെങ്കിൽ താൻ ആത്മഹത്യ ചെയ്തുകളയും എന്നാണ്. 

കഴിഞ്ഞ ദിവസം ഇക്കാര്യവും പറഞ്ഞ് യുവാവ് ആത്മഹത്യാശ്രമവും നടത്തി. എന്തായാലും നാട്ടുകാർ തക്ക സമയത്ത് ഇടപെട്ടതിനെ തുടർന്ന് യുവാവിനെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം നാഗേഷ് എന്ന യുവാവാണ് പ്രദേശത്തെ ജയഭേരി പാർക്ക് തടാകത്തിൽ ചാടി മരിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഈ ശ്രമം സമീപത്തുണ്ടായിരുന്ന ആളുകൾ തടയുകയായിരുന്നു. നാട്ടുകാരുടെ ഏറെ നേരത്തെ സംസാരത്തിന് ശേഷം യുവാവ് തടാകത്തിൽ നിന്നും മുകളിലേക്ക് കയറി വരാൻ സമ്മതിക്കുകയായിരുന്നു. 

സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവാവ് തടാകത്തിന് പുറത്തുള്ള കല്ലുകൾക്കിടയിലൂടെ നാട്ടുകാർ ഇട്ടുകൊടുത്ത കയറിൽ പിടിച്ച് കയറി വരുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. മുകളിലെത്തിയ ശേഷം യുവാവ് തന്റെ സങ്കടങ്ങളും പറയുന്നുണ്ട്. ഭാര്യയെ കൊണ്ട് വലിയ ഉപദ്രവമാണ് എന്നും തനിക്ക് അവളുടെ കൂടെ ജീവിക്കാൻ സാധിക്കില്ല എന്നുമാണ് യുവാവ് പറയുന്നത്. 

ഒപ്പം ഭാര്യ ഉപദ്രവിച്ചതാണ് എന്നും പറഞ്ഞ് തന്റെ കൈകളിലെ പാടുകളും യുവാവ് കാണിക്കുന്നുണ്ട്. എന്തായാലും, പിന്നീട് പൊലീസും സ്ഥലത്തെത്തി എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് യുവാവിനെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

Follow Us:
Download App:
  • android
  • ios