വെള്ളപ്പൊക്കവും മണ്ണൊലിപ്പും മൂലം ചെളി കെട്ടിക്കിടന്ന പ്രദേശങ്ങളിലൂടെ യാതൊരു മടിയും കൂടാതെ അവർ നഗ്നപാദയായി നടന്നു. പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരുമായി സംവദിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്തു.
തോരാത്ത മഴയും, വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും അസമി(Assam)ന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ചു. സംസ്ഥാനത്തെ 20 ജില്ലകളിലായി 5 ലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ദുരിതങ്ങൾ അസമിലെ ജില്ലകളിലൊന്നായ കച്ചാറിലാണ് ഉണ്ടായത്. പ്രളയക്കെടുതിയിൽ സ്വന്തം വീടും ജീവിതവും ഒലിച്ചുപോയ ജനങ്ങൾക്ക് കൈത്താങ്ങായി നിന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥയുടെ (Indian Administrative Service (IAS) officer)ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഡെപ്യൂട്ടി കമ്മീഷണറായ കീർത്തി ജല്ലി(Keerthi Jalli)യുടെ ചിത്രങ്ങളാണ് അവ.
ചതുപ്പുനിലങ്ങളായി മാറിയ റോഡിലൂടെ ചെരുപ്പ് പോലും ഇടാതെ അവർ നടന്നു. വെള്ളപ്പൊക്കത്തിൽ തകർന്ന ജനങ്ങളെ നേരിൽ കാണാനായി ഒരു സാധാരണ സാരിയുമുടുത്ത്, ബോട്ടിൽ അവർ വന്നിറങ്ങി. ജനങ്ങളിൽ ഒരാളായി നിന്ന് അവരുടെ വേദനയിൽ പങ്കുചേർന്നു. ചെളിയിൽ നഗ്നപാദയായി നടന്ന് നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്ന കീർത്തിയുടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. അതുപോലെ 'നല്ല വെള്ളം ഒന്നും വേണ്ട, കാല് കഴുകാൻ ഈ ചെളിവെള്ളം തന്നെ ധാരാളമെന്ന്' അവർ പറയുന്ന മറ്റൊരു വീഡിയോയും വൈറലാണ്. അവരുടെ ഈ ലാളിത്യവും, ആത്മാർത്ഥതയും ആളുകളെ അത്ഭുതപ്പെടുത്തുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം മെയ് 25 -ന് ബോർഖോള വികസന ബ്ലോക്കിന് കീഴിലുള്ള ഛുത്രസംഗൻ ഗ്രാമത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളാണ് അവർ സന്ദർശിച്ചത്. വെള്ളപ്പൊക്കവും മണ്ണൊലിപ്പും മൂലം ചെളി കെട്ടിക്കിടന്ന പ്രദേശങ്ങളിലൂടെ യാതൊരു മടിയും കൂടാതെ അവർ നഗ്നപാദയായി നടന്നു. പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരുമായി സംവദിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്തു. മണ്ണൊലിപ്പിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ, പ്രളയബാധിതർക്ക് ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്തു. ഇതോടെ അവരെ കുറിച്ച് കൂടുതൽ അറിയാൻ ആളുകൾക്ക് കൗതുകമായി.
ഹൈദരാബാദിലെ ബറേംഗൽ ജില്ലയിലാണ് കീർത്തിയുടെ ജനനം. 1989-ൽ ജനിച്ച കീർത്തി 2012-ലാണ് ഐഎഎസ് ഓഫീസറാകുന്നത്. അസം ബരാക് താഴ്‌വരയിലെ ഹൈലകണ്ടി ജില്ലയിലെ ആദ്യ വനിതാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറായി അവർ ചുമതലയേറ്റു. 2020-ൽ, ജില്ലയിലെ വിവിധ വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടുകയും, മികച്ച നടപടികൾ കൈക്കൊള്ളുകയും ചെയ്തതിന്റെ പേരിൽ ‘മികച്ച ഭരണാധികാരി’ എന്ന പദവി ലഭിച്ചു.
കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അവർ പ്രകടിപ്പിച്ച മികവ് കണ്ട് സർക്കാർ അവരെ അസമിലെ കച്ചാർ ജില്ലയിലേക്ക് മാറ്റി. കാച്ചാർ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ എന്ന ചുമതല കീർത്തി നന്നായി നിർവഹിച്ചു. കച്ചാർ ജില്ലയിൽ നിന്നുള്ള ആദിത്യ ശശികാന്തിനെയാണ് കീർത്തി വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ കീർത്തി തിരികെ ഓഫീസിൽ എത്തിയെന്ന് പറയുമ്പോൾ അവരുടെ ജോലിയോടുള്ള ആത്മാർത്ഥത ഊഹിക്കാവുന്നതേയുള്ളൂ. കൊവിഡ് അധികരിച്ച സമയത്തും കീർത്തി വളരെ സജീവമായിരുന്നു.
