ഒറ്റയ്ക്ക് ജീവിക്കുന്ന മനുഷ്യരുടെ എണ്ണം കൂടുകയാണ്. ഒരു യാത്രയ്ക്കിടെ മറ്റൊരു സാമീപ്യം കൂടിയുണ്ടെങ്കില്‍ അത് വളരെ നല്ലതാണെെന്നാണ് ഉപഭോക്താക്കളും പറയുന്നത്. 

ത്സരമാണ് എല്ലായിടത്തും. ജോലിയിലും വ്യാപാരത്തിലും എല്ലാം മത്സരം. ഈ മത്സരത്തില്‍ നിന്നും പിന്തള്ളപ്പെടാതിരിക്കാനും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വ്യാപാരികൾ പല തന്ത്രങ്ങളും പയറ്റുന്നു. ഇത്തരം തന്ത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്ന് കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നും പുറത്ത് വന്നു. ചൈനയിലെ വുഹാനിലെ കണ്‍ട്രി ഗാർഡൻ ഫോനിക്സ് ഹോട്ടലിന്‍റെ പുതിയ വിപണന തന്ത്രമാണ് ആളുകളുടെ ശ്രദ്ധ നേടിയത്. ഈ ഹോട്ടലില്‍ മുറി ബുക്ക് ചെയ്താല്‍ മുറിയോടൊപ്പം നിങ്ങൾക്ക് ഒരു നായയുടെ സേവനം കൂടി ലഭിക്കും. അതെ ഒരു നായയുടെ കൂട്ട് !നിങ്ങളുടെ നിങ്ങളുടെ സേവനത്തിനായി വിട്ടുതരുന്ന നായ നന്നായി പരിശീലനം സിദ്ധിച്ചതാകുമെന്നും ഹോട്ടൽ ഉറപ്പ് നല്‍കുന്നു.

കണ്‍ട്രി ഗാർഡൻ ഫോനിക്സ് ഹോട്ടലിൽ ഒരു രാത്രിക്ക് ഏകദേശം 4,700 രൂപയാണ് ഒരു സിംഗിൾ ബെഡ്റൂമിന് ഈടാക്കുന്നത്. ഈ പണത്തിന് നിങ്ങൾ മുറിയെടുക്കുമ്പോഴാണ് ഒപ്പം നല്ല രോമങ്ങളുള്ള ഒരു നായയെ കൂടി നിങ്ങൾക്ക് വിട്ടുതരിക. ഗോൾഡൻ റിട്രീവർ, ഹസ്കീസ്, വെസ്റ്റ് ഹൈലാൻഡ് ടെറിയർ തുടങ്ങിയ നായ ഇനങ്ങളിലൊന്നിനെ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഇതിലൂടെ ഒറ്റയ്ക്കാണെന്ന സങ്കടവും ഏകാന്തതയും മറികടക്കാമെന്നും ഹോട്ടലുടമകൾ അവകാശപ്പെടുന്നു. ജൂലൈയിൽ ആരംഭിച്ച ഈ സേവനത്തിന് ഇതിനകം 300-ലധികം ബുക്കിംഗുകൾ ലഭിച്ചെന്നും ഹോട്ടലുടമകൾ അവകാശപ്പെട്ടു. ഹോട്ടൽ മാനേജർ ഡോങ്ങ്, ഈ സേവനത്തില്‍ തങ്ങളുടെ ഉപഭോക്താക്കൾ സംപ്തരാണെന്നും ഹോട്ടലിലെ താമസത്തിനിടയിൽ പോലും 'വീട് പോലുള്ള ഊഷ്മളത' ലഭിക്കുന്നതിനാല്‍ മിക്കയാളുകളും ഈ ആശയത്തെ അഭിനന്ദിക്കുന്നുവെന്ന് അവകാശപ്പെട്ടു.

പുതിയ സംരംഭം, ഹോട്ടൽ വ്യവസായത്തെ മാത്രമല്ല, ചൈനയുടെ വളര്‍ന്നു വരുന്ന വളര്‍ത്തുമൃഗ സമ്പദ് വ്യവസ്ഥയ്ക്കും ടൂറിസത്തിനും ഏറെ ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 2024 -ൽ നഗരപ്രദേശങ്ങളിൽ മാത്രം 300 ബില്യൺ യുവാൻ വളർച്ചയാണ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ വളർത്തുമൃഗ സമ്പദ്‌വ്യവസ്ഥ നേടിയത്. ഇത് പ്രതിവര്‍ഷം 7.5 ശതമാനം വളർച്ചയാണ് കൈവരിക്കുന്നത്. 2027 ആകുമ്പോഴേക്കും ഇത് 400 ബില്യൺ യുവാനിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ചൈനയിൽ നായ കഫേകളും വളർത്തുമൃഗ യോഗയും മുതൽ ക്ലോണിംഗും ഗ്രൂമിംഗും വരെയായി വളർത്തുമൃഗ വ്യവസായം വളരുകയാണ്. ഇപ്പോൾ ഹോട്ടലുകളിൽ 'ഡോഗി റൂം' സേവനത്തിലേക്കും കടന്നിരിക്കുന്നു. നായ്ക്കുട്ടി പ്രശ്നമുണ്ടാക്കുമോയെന്ന ആശങ്കകൾ ചില അതിഥികൾ പങ്കുവച്ചിരുന്നു. എന്നാല്‍ നായ ശാന്തവും അനുസരണയുള്ളതും വാത്സല്യമുള്ളതുമാണെന്നായിരുന്നു അതിഥികളുടെ അനുഭവക്കുറിപ്പുകളെല്ലാം. ഇതോടെ കൂടുതല്‍ ആളുകളാണ് മുറിക്കൊപ്പം നായകളുടെ സേവനവും ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

നിലവില്‍ കണ്‍ട്രി ഗാർഡൻ ഫോനിക്സ് ഹോട്ടലിൽ ഗോൾഡൻ റിട്രീവർ, ഹസ്കീസ്, വെസ്റ്റ് ഹൈലാൻഡ് ടെറിയർ തുടങ്ങിയ ഇനങ്ങളിലായി പത്ത് നായ്ക്കളുടെ സേവനമാണ് ലഭ്യമായിട്ടുള്ളത്. ഇവയെല്ലാം തന്നെ പ്രത്യേക ട്രെയിനര്‍മാരുടെ സേവനം നേടിയവയോ സ്വകാര്യ ഉടമകളുടെതോ ആണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഹോട്ടലില്‍ എത്തുന്ന അതിഥികളുടെയും നായ്ക്കളുടെയും ആരോഗ്യം പരിശോധിക്കും. വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന എന്നാല്‍ പല കാരണങ്ങളാൽ വീട്ടില്‍ അവയെ വളര്‍ത്താന്‍ കഴിയാത്തവര്‍ക്ക് തങ്ങളുടെ സേവനം വലിയ ആശ്വാസമാകുമെന്നാണ് ഹോട്ടലുകാരും വാദിക്കുന്നത്.

എന്നാല്‍, ഈ സംരംഭത്തിന് ചില പ്രശ്നങ്ങളുണ്ടെന്നാണ് നിയമ വിഗദ്ഗര്‍ പറയുന്നത്. ഒരു നായ ഉൾപ്പെട്ട ഏതെങ്കിലും അപകടമുണ്ടായാൽ ഹോട്ടലായിരിക്കും അതിന് ഉത്തരവാദിയാകുകയെന്ന് അഭിഭാഷകൻ ഡു സിങ്യു അഭിപ്രായപ്പെട്ടു. അതിനാൽ, പ്രൊഫഷണൽ പരിശീലകരെ നിയമിക്കാനും സുരക്ഷയ്ക്ക് മുൻഗണന നൽകാനും വിദഗ്ധർ ഹോട്ടകളെ ഉപദേശിക്കുന്നു. അതിനിടെ ചൈനയില്‍ നിന്നും വന്ന ഒരു റിപ്പോര്‍ട്ട് പറയുന്നത്. ചൈനയില്‍ ഇപ്പോൾ കുട്ടികളെക്കാൾ വളര്‍ത്തുമൃഗങ്ങളാണ് കൂടുതലെന്നാണ്. 2024-ൽ, നാല് വയസ്സിന് താഴെയുള്ള കുട്ടികളെക്കാൾ വളർത്തുമൃഗങ്ങളുടെ എണ്ണം കൂടുതലായിരുന്നുവെന്ന് ചൈനീസ് സര്‍ക്കാറിന്‍റെ ഔദ്ധ്യോഗിക രേഖകൾ തന്നെ വ്യക്തമാക്കുന്നു. ചൈനീസ് നഗരങ്ങളില്‍ താമസിക്കുന്ന എട്ടിൽ ഒരാൾക്ക് വളർത്തുമൃഗങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ.