മഞ്ഞ് മൂടിയ കരയില്‍ നില്‍ക്കുന്ന വെളുത്ത ധ്രുവക്കരടിയുടെ മൂക്കില്‍ നിന്നും ഇളം തീ പറക്കുന്നത് പോലെയാണ് ചിത്രം കണ്ടാല്‍പ്പെട്ടെന്ന് തോന്നുക.
ധ്രുവക്കരടികള്‍ എന്നും മനുഷ്യന്‍റെ പ്രത്യേക ശ്രദ്ധനേടിയിട്ടുണ്ട്. പൊതുവെ ശാന്തശീലരായ ധ്രുവക്കരടികള്‍ അടുത്തകാലത്ത് അക്രമവാസന കാണിച്ചതായുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ധ്രുവക്കരടിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഞ്ഞുമൂടിയ ആര്‍ട്ടിക്കില്‍ ഗാംഭീര്യമുള്ള ഒരു ധ്രുവക്കരടിയുടെ ചിത്രമായിരുന്നു അത്. ചിത്രത്തിന്‍റെ പ്രത്യേകത ധ്രുവക്കരടിയുടെ ഉച്ഛ്വാസം ചുവന്ന നിറത്തിലാണ് കാണപ്പെട്ടതെന്നതായിരുന്നു.
കൂടുതല്‍ വായിക്കാന്‍: നഗ്നരായി കടലില്‍ കുളിച്ച് മാത്രമേ ഈ ദ്വീപില്‍ പ്രവേശിക്കാന്‍ കഴിയൂ, അതും പുരുഷന്മാര്‍ക്ക് മാത്രം!
2015 ൽ പകര്‍ത്തിയ ചിത്രം കഴിഞ്ഞ ഫെബ്രുവരി 7ന് ഒരു ട്വിറ്റർ ഉപയോക്താവ് ഷെയർ ചെയ്തതോടെയാണ് വീണ്ടും തരംഗമായത്. ട്വിറ്റർ ഉപയോക്താവായ മാസിമോ ചിത്രം പങ്കുവച്ച് കൊണ്ട് ഫോട്ടോഗ്രാഫർ ജോഷ് അനോൺ പകർത്തിയ ചിത്രത്തില്‍ ഉദയസൂര്യന്‍, ധ്രുവക്കരടിയുടെ ഉച്ഛ്വാസത്തെ തീ പോലെ ആക്കിമാറ്റിയെന്ന് കുറിച്ചു. മഞ്ഞ് മൂടിയ കരയില്‍ നില്‍ക്കുന്ന വെളുത്ത ധ്രുവക്കരടിയുടെ മൂക്കില്‍ നിന്നും ഇളം തീ പറക്കുന്നത് പോലെയാണ് ചിത്രം കണ്ടാല്‍പ്പെട്ടെന്ന് തോന്നുക. മൂടൽമഞ്ഞുള്ള സമയത്ത് ധ്രുവക്കരടിയുടെ ഉച്ഛ്വാസ വായുവിലൂടെ സൂര്യന്‍റെ നേരിയ ഓറഞ്ച് കലര്‍ന്ന വെളിച്ചം കടന്ന് പോകുമ്പോഴാണ് ഈ മാന്ത്രിക പ്രഭാവം സൃഷ്ടിക്കപ്പെട്ടത്. 2015 -ൽ ഒരു ഏകദിന ആർട്ടിക് പര്യവേഷണത്തിനെത്തിയപ്പോഴാണ് അനോൺ ഈ ചിത്രം പകര്‍ത്തിയത്. പത്തിലക്ഷത്തിലധികം പേര്‍ ഇതിനകം ചിത്രം കണ്ടു.
കൂടുതല്‍ വായിക്കാന്‍: വായിക്കാന്‍ പുസ്തകം സൗജന്യമായി നല്‍കിയ പ്രൊഫസറെ താലിബാന്‍ അറസ്റ്റ് ചെയ്തു; പിന്നാലെ ക്രൂരമര്‍ദ്ദനം
ചിത്രം ഇതിന് മുമ്പ് തന്നെ പലരും കണ്ടതായിരുന്നെങ്കിലും നിരവധി പേരാണ് ഈ ചിത്രം പങ്കിട്ടത്. നിരവധി കമന്‍റുകളും ചിത്രത്തിന് ലഭിച്ചു. മിക്കയാളുകളും ഫോട്ടോഗ്രാഫറുടെ ക്ഷമയെ അഭിനന്ദിച്ചു. '' അത് ഗംഭീരമാണ്! അത്തരമൊരു മാന്ത്രിക നിമിഷം പകർത്തി പങ്കുവെച്ച ഫോട്ടോഗ്രാഫർക്ക് നന്ദി!'' ഒരാള്‍ കുറിച്ചു. മറ്റൊരാള്‍ എഴുതിയത്, 'ഫോട്ടോഗ്രാഫര്‍മാരുടെ ക്ഷമ വിസ്മയിപ്പിക്കുന്നതാണ്. നമ്മുക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിക്കാന്‍ അവര്‍ മണിക്കൂറുകള്‍ ഒരു ചിത്രത്തിനായി കാത്തിരിക്കുന്നു,' ചിലര്‍ ധ്രുവക്കരടിയെ തീ തുപ്പുന്ന ഡ്രാഗണ്‍ സങ്കല്‍പ്പത്തോടൊണ് ഉപമിച്ചത്. ആർട്ടിക്, കാനഡ, അലാസ്ക, ഗ്രീൻലാൻഡ്, റഷ്യ, നോർവേ എന്നിവിടങ്ങളിലെ തണുത്തുറഞ്ഞ കാട്ടുപ്രദേശങ്ങളിലാണ് സാധാരണയായി ധ്രുവക്കരടികൾ കാണപ്പെടുന്നത്.
കൂടുതല്‍ വായനയ്ക്ക്: സ്ത്രീകള്‍ക്ക് പള്ളിയില്‍ നിസ്കരിക്കാന്‍ അനുമതിയുണ്ട്. പക്ഷേ; സുപ്രീംകോടതിയില്‍ മുസ്ലീം ബോർഡിന്‍റെ സത്യവാങ്മൂലം
