ഡോണൾഡ്‌ ട്രംപിനെ ഇം‌പീ‌ച്ച്‌ ചെയ്തിരിക്കുന്നു. 

എന്നുവെച്ചാൽ? 

ഒരു അമേരിക്കൻ പ്രസിഡന്റ് ചെയ്തുകൂടാത്ത പ്രവൃത്തികൾ ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി എന്നുള്ള തോന്നലിൽ അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് തീരുമാനമായി. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ഈ തോന്നലിന് ഉണ്ടായാൽ, സുദീർഘമായ ഒരു അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവിൽ ചിലപ്പോൾ ട്രംപിന് സ്ഥാനമൊഴിയേണ്ടി വന്നേക്കാം. 

എന്തിന് ?

എല്ലാം ബന്ധപ്പെട്ടിരിക്കുന്നത് ഉക്രെയിൻ എന്ന രാജ്യവുമായിട്ടാണ്. 2020 -ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകൾക്ക് ഊർജ്ജം പകരാന്‍ വേണ്ടി ട്രംപ് ഉക്രെയിന്റെ വഴിവിട്ട സഹായം തേടിയോ ഇല്ലയോ എന്നതാണ് ചോദ്യം. അതിനുള്ള ഉത്തരമാണ് ഈ ഇം‌പീ‌ച്ച്‌മെന്റിൽ തെളിയാനിരിക്കുന്നത്.

ഇതിന് മുമ്പ് ആരൊക്കെ? 

238 വർഷത്തെ പ്രസിഡന്റ് ഭരണ ചരിത്രത്തിൽ ആദ്യ പ്രസിഡന്റായ ജോർജ് വാഷിംഗ്ടൺ മുതൽ ഇന്ന് ട്രംപ് വരെ, 45 പ്രസിഡന്റുമാർ വന്നുപോയിട്ടുണ്ട് അമേരിക്കയിൽ. അതിൽ ഇം‌പീ‌ച്ച്‌ ചെയ്യപ്പെടുന്ന മൂന്നാമത്തെ മാത്രം പ്രസിഡന്റാണ് ട്രംപ്. ഇതിനുമുമ്പ് രണ്ടേരണ്ടുപേർ മാത്രം. ഒന്ന്, 1868 -ൽ ആൻഡ്രൂ ജോൺസൻ, 1998 -ൽ ബിൽ ക്ലിന്റൺ, ഇപ്പോൾ ഇതാ 2019 -ൽ ഡോണൾഡ്‌ ട്രംപും. സ്വന്തം സെക്രട്ടറിയെ പിരിച്ചു വിട്ടതിനാണ് ആൻഡ്രൂ ജോൺസൻ ഇം‌പീ‌ച്ച്‌ ചെയ്യപ്പെട്ടതെങ്കിൽ, ഗ്രാൻഡ് ജൂറിക്ക് മുന്നിൽ മോണിക്ക ലെവിൻസ്കി കേസിൽ നുണ പറഞ്ഞതിനായിരുന്നു ബിൽ ക്ലിന്റന്റെ ഇം‌പീ‌ച്ച്‌മെന്റ്. ഇരുവരും പിന്നീട് കുറ്റവിമുക്തരാക്കപ്പെടുകയും, അധികാരം നഷ്ടപ്പെടുന്നതിൽ നിന്ന് ഒഴിവാകുകയും ചെയ്തു. 

 

 

എന്താണ് ഉക്രെയിൻ ബന്ധം? 

2020 പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ എതിർ സ്ഥാനാർഥിയായ ഡെമോക്രറ്റിക് പാർട്ടിയിലെ ജോ ബൈഡനും മകൻ ഹണ്ടറിനും എതിരെ അപകീർത്തികരമായ വിവരങ്ങൾ തപ്പിയെടുക്കാൻ ഉക്രെയിനുമേൽ സമ്മർദ്ദം ചെലുത്തി എന്നതാണ് ട്രംപിന് മേലുള്ള ആരോപണം. ജോ ബൈഡൻ അമേരിക്കൻ വൈസ്പ്രസിഡന്റായിരുന്ന കാലത്ത്  മകൻ ഹണ്ടർ ഉക്രെയിനിലെ ഒരു കമ്പനിയിൽ  ജോലി ചെയ്തിരുന്നതാണ്  ഉക്രെയിൻ ചിത്രത്തിൽ വരാനുള്ള കാരണം. ഉക്രെയിനെ ഇക്കാര്യത്തിന് നിർബന്ധിക്കാൻ വേണ്ടി, അമേരിക്കൻ കോൺഗ്രസ് അടുത്തിടെ ഉക്രെയിന് അനുവദിച്ച  400 മില്യൺ ഡോളറിന്റെ പട്ടാളസഹായം തടഞ്ഞുവച്ച് ട്രംപ് വിലപേശിയത്രേ. ഇത് പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരങ്ങളുടെ ദുര്‍വിനിയോഗമാണ് എന്നാണ് ഡെമോക്രാറ്റുകളുടെ ആക്ഷേപം.  

 

 

എന്തെങ്കിലും തെളിവുണ്ടോ? 

ഉക്രെയിനിലെ ഒരു ഇന്റലിജൻസ് ഓഫീസർ തന്നെയാണ്, സ്വന്തം പേര് പരസ്യമാക്കാതെ,  ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 25 -ന് ട്രംപ് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലിൻസ്കിയുമായി നടത്തിയ ഫോൺ സംഭാഷണം സംബന്ധിച്ച തന്റെ ആശങ്കകൾ വ്യക്തമാക്കിക്കൊണ്ട് അദ്ദേഹമെഴുതിയ കോൺഫിഡൻഷ്യൽ ലെറ്റർ ആണ് ഇപ്പോഴത്തെ ഇം‌പീ‌ച്ച്‌ പ്രക്രിയക്ക് തുടക്കം കുറിച്ചത്. ആ ഫോൺ സംഭാഷണത്തിൽ ട്രംപ്, ജോ ബൈഡനും ഹണ്ടർ ബൈഡനുമെതിരായ ആരോപണങ്ങൾ അന്വേഷിച്ച് വിവരം തരണം എന്ന് ആവശ്യപ്പെടുകയുണ്ടായി. ഉക്രെയിൻ വിശദമായി അന്വേഷണം നടത്തി വിവരങ്ങൾ പരമാവധി പരസ്യപ്പെടുത്തിയാൽ അത് ജോ ബൈഡന്റെ സാധ്യതകളെ ബാധിക്കും എന്നതായിരുന്നു ട്രംപിന്റെ കണക്കുകൂട്ടൽ. 

ഇതെങ്ങനെ വെളിച്ചത്തു വന്നു?

ഉക്രെയിനുള്ള സൈനികസഹായം റദ്ദുചെയ്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടതിന് മണിക്കൂറുകൾക്കകമാണ് ഈ രഹസ്യസംഭാഷണത്തെ സംബന്ധിച്ച വിവരങ്ങൾ ലീക്കായത്. ഉക്രെയിനുമായി ബന്ധപ്പെട്ട രഹസ്യ അജണ്ടകൾക്കെല്ലാം ചുക്കാൻ പിടിച്ചിരുന്നത് ട്രംപിന്റെ പേഴ്സണൽ അറ്റോർണി ആയ റൂഡി ഗുലിയാനി ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 

ആരോപണങ്ങളോട് ട്രംപിന്റെ പ്രതികരണം 

റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് തന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം ശക്തിയുക്തം നിഷേധിച്ചിരിക്കുകയാണ്. തനിക്കുനേരെ നടക്കുന്നത് വേട്ടയാടൽ ആണെന്നും, ആക്ഷേപങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും ട്രംപ് പറഞ്ഞു. ഇതൊക്കെ സൈനിക ധനസഹായം നിഷേധിച്ചതിൽ ഉക്രെയിനുള്ള ഇച്ഛാഭംഗം മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും താൻ ആവശ്യപ്പെട്ടത് ഊർജരംഗത്ത് ഉക്രെയിനിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ മേൽ ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെന്ന് മാത്രമാണെന്നും, അതിൽ വ്യക്തിപരമായ ഒരു താത്പര്യങ്ങളും ഇല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

 

 

ഇനി എന്താണ് ട്രംപിന്റെ ഭാവി?

ഇം‌പീ‌ച്ച്‌ ചെയ്യപ്പെടുക എന്നാൽ ആക്ഷേപങ്ങൾ കോൺഗ്രസിന് മുന്നിൽ വരിക എന്ന് മാത്രമാണർത്ഥം. പ്രസിഡന്റ് സ്ഥാനം നഷ്ടമാകണമെങ്കിൽ അന്വേഷണത്തിൽ കുറ്റക്കാരനാണ് എന്ന് തെളിയണം. "വഞ്ചന, അഴിമതി, കൈക്കൂലി, മറ്റുള്ള ഗുരുതര കുറ്റങ്ങൾ, പെരുമാറ്റ ദൂഷ്യങ്ങൾ" എന്നിവയ്ക്കാണ് അമേരിക്കൻ ഭരണഘടനാ ഇം‌പീ‌ച്ച്‌മെന്റ് നിർദേശിച്ചിട്ടുള്ളത്. അമേരിക്കൻ രാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യത്തിൽ അത് ഒരു 'ക്രിമിനൽ നടപടി' എന്നതിനേക്കാൾ ഒരു 'രാഷ്ട്രീയ പ്രക്രിയ' മാത്രമാണ്.  വിശദമായ അന്വേഷണം നടന്ന്, അതിന്റെ ഫലങ്ങളിൽ സെനറ്റ്  വോട്ടിങ് നടക്കണം. സെനറ്റിൽ മൂന്നിൽ രണ്ടു ഭാഗവും കുറ്റക്കാരൻ എന്ന് വിധിച്ചാൽ മാത്രമേ ട്രംപിന് അധികാരം നഷ്ടമാകൂ. അത് ഇതിനു മുമ്പ് രണ്ടു തവണ പ്രസിഡന്റുമാർ ഇം‌പീ‌ച്ച്‌ ചെയ്യപ്പെട്ടപ്പോഴും സംഭവിച്ചിട്ടില്ല. അഥവാ ഇനി അങ്ങനെ സംഭവിച്ചാൽ, വൈസ് പ്രസിഡന്റ് ആയ മൈക്ക് പെൻസ് ആയിരിക്കും ട്രംപിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക.