Asianet News MalayalamAsianet News Malayalam

26 ദിവസത്തിനുള്ളിൽ ഇറാൻ നടപ്പിലാക്കിയത് 55 പേരുടെ വധശിക്ഷ

നിരന്തരം വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇറാൻ ശ്രമിക്കുന്നത് രാജ്യത്ത് സാമൂഹികമായ ഭയവും ഭീകരതയും സൃഷ്ടിക്കാനാണ് എന്നും ഐഎച്ച്ആർ കുറ്റപ്പെടുത്തി.

in Iran 55 people executed in this year
Author
First Published Jan 29, 2023, 1:45 PM IST

വെറും 26 ദിവസത്തിനുള്ളിൽ ഇറാനിലെ അധികാരികൾ നടപ്പിലാക്കിയത് 55 വധശിക്ഷ. നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യുമൻ റൈറ്റ്സാണ് (IHR) ഈ വിവരം പുറത്ത് വിട്ടത്. അതിൽ സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചവരുടെ വധശിക്ഷയും ഉൾപ്പെടുന്നു. രാജ്യത്ത് പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രക്ഷോഭകർക്ക് വധശിക്ഷ വിധിക്കുന്നത് എന്നും IHR പറഞ്ഞു. 

അതേസമയം തന്നെ 18 വയസുള്ള യുവാവടക്കം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടങ്കലിൽ കഴിയുന്നവർക്ക് ക്രൂരമായ പീഡനത്തിന് വിധേയരാവേണ്ടി വന്നതായി റൈറ്റ്സ് ​ഗ്രൂപ്പായ ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. ഈ വർഷം തന്നെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 55 പേരുടെ വധശിക്ഷയാണ് ഇറാൻ നടപ്പിലാക്കിയത് എന്ന് ഐഎച്ച്ആർ പറയുന്നു. 

പ്രതിഷേധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചാർത്തി വധിച്ചത് നാലുപേരെയാണ്. ബാക്കിയധികവും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയിരിക്കുന്നത്. 107 പേരെങ്കിലും അടുത്ത് തന്നെ വധശിക്ഷ നടപ്പിലാക്കാൻ സാധ്യതയുള്ളവരായി ഉണ്ട് എന്നും പുറത്ത് വരുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നു. 

നിരന്തരം വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇറാൻ ശ്രമിക്കുന്നത് രാജ്യത്ത് സാമൂഹികമായ ഭയവും ഭീകരതയും സൃഷ്ടിക്കാനാണ് എന്നും ഐഎച്ച്ആർ കുറ്റപ്പെടുത്തി. രാഷ്ട്രീയപരമായാലും അല്ലെങ്കിലും ഇത്തരം വധശിക്ഷകൾ അം​ഗീകരിക്കാനാവില്ല എന്നും നിരന്തരമുള്ള ഈ വധശിക്ഷ നടപ്പിലാക്കൽ അവസാനിപ്പിക്കണം എന്നും IHR ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദാം പറഞ്ഞു. പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് ത‌ടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്നും ആ ഇടപെടൽ ഇത്തരം വധശിക്ഷാ നടപടികൾ കുറയ്ക്കുന്നതിന് സഹായകമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് സപ്തംബറോടെയാണ് ഇറാൻ വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച് തുടങ്ങിയത്. ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് കസ്റ്റഡിയിലെടുത്ത 22 -കാരിയായ അമിനി പിന്നീട് മരണപ്പെടുകയായിരുന്നു. പിന്നാലെ, നിരവധി പ്ര​ക്ഷോഭകർ തടവിലാവുകയും അനേകം പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. നാലുപേരുടെ വധശിക്ഷ ഇതോടകം തന്നെ ഇറാൻ നടപ്പിലാക്കി കഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios