നിരത്തുകളിൽ നിറയെ വാഹനങ്ങളുണ്ടെങ്കിലും ഇവിടെ ഹോൺ മുഴക്കുന്ന ശീലമില്ല എന്നും യുവാവ് പറയുന്നത്

ഇന്ത്യയിലെ റോഡുകളിൽ ഇറങ്ങിയാൽ പ്രധാനമായും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഹോണടി. ഈ ശബ്ദം കൊണ്ട് വലയാത്തവരായി ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു കാരണവും ഇല്ലെങ്കിൽ പോലും ഹോണടിക്കുന്ന ആളുകളെ വരെ ഇവിടുത്തെ നിരത്തുകളിൽ നമുക്ക് കാണാം. വിദേശത്ത് പോകുമ്പോഴാണ് മിക്കവാറും ഇതിന്റെ വ്യത്യാസം ആളുകൾക്ക് മനസിലാകുന്നത്. അതുപോലെ പോളണ്ടിൽ നിന്നും ഇന്ത്യക്കാരനായ ഒരു യുവാവ് ഇന്ത്യയിലെ ഹോണടി ശബ്ദം താരതമ്യം ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

കുനാൽ ദത്ത് എന്ന യൂസറാണ് വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. പോളണ്ടിലെ നിരത്തുകളിൽ കൂടി ഹോൺ മുഴക്കാതെ എങ്ങനെയാണ് വാഹനങ്ങൾ ഓരോന്നും സുഗമമായി നീങ്ങുന്നുവെന്നത് എടുത്തുകാണിക്കുന്നതാണ് വീഡിയോ. ഇത് ഇന്ത്യയിലെ എപ്പോഴും ഹോൺ മുഴക്കമുള്ള തെരുവുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്ന് കാണാം. ഇവിടെ ഹോൺ കേൾക്കില്ല എന്നും ഹോൺ കേട്ടാൽ പറയൂ എന്നും പറഞ്ഞാണ് കുനാൽ ദത്ത് തന്റെ വീഡിയോ തുടങ്ങുന്നത്.

View post on Instagram

പിന്നീട്, ക്യാമറ തിരിച്ചുകൊണ്ട് തിരക്കേറിയ റോഡ് കാണിക്കുന്നത് കാണാം. നിരത്തുകളിൽ നിറയെ വാഹനങ്ങളുണ്ടെങ്കിലും ഇവിടെ ഹോൺ മുഴക്കുന്ന ശീലമില്ല എന്നും യുവാവ് പറയുന്നത് കേൾക്കാം. ആളുകൾ പോളണ്ടിൽ അനാവശ്യമായി ഹോൺ മുഴക്കാറില്ല, ആക്രമസ്വഭാവം നിറഞ്ഞതായിട്ടാണ് അത് കണക്കാക്കുന്നത്. അത്യാവശ്യത്തിന് മാത്രമേ ആളുകൾ ഹോൺ മുഴക്കാറുള്ളൂ എന്നും യുവാവ് പറയുന്നു. അത് ശരിയാണ് എന്ന് ഈ വീഡിയോ കാണുമ്പോൾ നമുക്ക് മനസിലാവുകയും ചെയ്യും. എന്തായാലും, യുവാവ് ഷെയർ ചെയ്ത് വീഡിയോയ്ക്ക് നിരവധിപ്പേർ കമന്റുകൾ നൽകി. നമ്മൾ കുറച്ചുകൂടി റോഡിലും പൊതുസ്ഥലങ്ങളിലും മര്യാദയോടെ പെരുമാറേണ്ടതുണ്ട് എന്ന് ആളുകൾ അഭിപ്രായപ്പെട്ടു.