മത്സരത്തിനിടയിൽ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി നാല് രാത്രികൾ ഉറങ്ങാതിരിക്കുക എന്നതാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമുള്ള മാരത്തോൺ ആയി അറിയപ്പെടുന്ന ഓസ്ട്രേലിയയിലെ ഡെലീറിയസ് വെസ്റ്റ് വിജയകരമായി പൂർത്തിയാക്കി ചരിത്രനേട്ടം കരസ്ഥമാക്കി ഇന്ത്യക്കാരൻ. 33 -കാരനായ സുകാന്ത് സിംഗ് സുകി 102 മണിക്കൂറും 27 മിനിറ്റും കൊണ്ട് 350 കിലോമീറ്റർ ഓടിത്തീർത്തത്. ഏറ്റവും പരിചയസമ്പന്നരായ ഓട്ടക്കാരെപ്പോലും വെല്ലുവിളിക്കുന്ന കഠിനമായ മാരത്തോൺ മത്സരമാണ് ഡെലിറിയസ് വെസ്റ്റ്. ഫെബ്രുവരി 8 മുതൽ ഫെബ്രുവരി 12 വരെ നടന്ന മത്സരം സുകാന്ത് സിംഗ് വിജയകരമായി പൂർത്തിയാക്കി.

ലോകത്തിലെ തന്നെ ഏറ്റവും കാഠിന്യമേറിയ മാരത്തോൺ മത്സരങ്ങളിൽ ഒന്ന് താൻ വിജയകരമായി പൂർത്തിയാക്കിയ സന്തോഷം സുകാന്ത് സിംഗ് സുകി തൻറെ യൂട്യൂബ് ചാനലിലൂടെയാണ് പ്രിയപ്പെട്ടവരുമായി പങ്കുവെച്ചത്. തൻറെ ജീവിതത്തിൽ ഇന്നോളം ചെയ്തതിൽ വെച്ച് ഏറ്റവും കഠിനമായ പ്രവൃത്തിയാണ് ഇതെന്നും ജീവിതത്തിൽ ഇനി എന്തും സാധ്യമാണ് എന്നൊരു ആത്മവിശ്വാസം ഇപ്പോൾ കൈവന്നിരിക്കുന്നതായും ഇദ്ദേഹം പറയുന്നു. മാരകമായ കാടിനുള്ളിലൂടെ 350 കിലോമീറ്റർ ദൂരം ഓടാൻ സാധിച്ചാൽ ജീവിതത്തിൽ ഇനി വരാൻ പോകുന്ന എല്ലാ പ്രതിസന്ധികളും നിസ്സാരമാണെന്നും അദ്ദേഹം പറയുന്നു. 

മത്സരത്തിനിടയിൽ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി നാല് രാത്രികൾ ഉറങ്ങാതിരിക്കുക എന്നതാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. രണ്ടാം ദിവസം പിന്നിടുമ്പോൾ തന്നെ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ഉറക്ക ക്ഷീണം ബാധിച്ച് തുടങ്ങുമെന്ന് പിന്നീട് വോളണ്ടിയേഴ്സിനെ സഹായത്തോടെയാണ് മുന്നോട്ടുള്ള യാത്ര സാധ്യമാകുന്നത് ഇദ്ദേഹം പറയുന്നു. ആറുമാസക്കാലം നീണ്ടുതന്നെ കഠിനമായ പരിശീലനത്തിന് ശേഷമാണ് സുകാന്ത് സിംഗ് മത്സരത്തിൽ പങ്കെടുത്തത്. മത്സരം വിജയകരമായ പൂർത്തിയാക്കിയ നാലുപേരിൽ ഒരാളാണ് ഇദ്ദേഹം.