വീഡിയോയിൽ ലബുബു പാവ കയ്യിൽ പിടിച്ചു കൊണ്ടിരിക്കുന്ന അമ്മയോട് അവൾ 'അത് ചൈനീസ് ദൈവമാണെ'ന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം.
അടുത്തകാലത്ത് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് ചൈനയിൽ നിന്നുള്ള ലബുബു പാവ. സാധാരണ പാവകളെ പോലെ കാഴ്ചയിൽ അത്ര മനോഹരമായ രൂപമല്ല എങ്കിലും ഈ പാവ വ്യാപകമായ ജനപ്രീതി നേടിയിട്ടുണ്ട്. ഇന്ത്യൻ വീടുകളിൽ പോലും ഇപ്പോൾ ഈ പാവം ഇടം പിടിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലബുബു പാവ ഒരു ചൈനീസ് ദൈവമാണെന്ന് ഒരു പെൺകുട്ടി അമ്മയോട് പറയുന്നതും തുടർന്ന് അമ്മ അതിനെ ആരാധിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.
വീഡിയോയിൽ ലബുബു പാവ കയ്യിൽ പിടിച്ചു കൊണ്ടിരിക്കുന്ന അമ്മയോട് അവൾ 'അത് ചൈനീസ് ദൈവമാണെ'ന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം. തുടർന്ന് ആ സ്ത്രീ പാവയുമായി പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രത്തിനു മുൻപിൽ നിന്ന് പ്രാർത്ഥിക്കുന്നു. ശേഷം പാവയെ വീട്ടിലെ മറ്റുള്ള വ്യക്തികൾക്കു മുൻപിലൂടെ കൊണ്ട് ചെല്ലുമ്പോൾ അവർ അതിനെ കൈകൊണ്ട് തൊട്ടു വണങ്ങി ആരാധിക്കുന്നതുമായ രംഗങ്ങൾ ആണ് വീഡിയോയിലുള്ളത്.
വീഡിയോ വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അതിന് താഴെ തങ്ങളുടെ കമന്റുകൾ നൽകിയിട്ടുണ്ട്. 'നിഷ്കളങ്കയായ അമ്മയെ മകൾ പറ്റിച്ചു' എന്നായിരുന്നു ഒരാൾ കുറിച്ചത്. 'യഥാർത്ഥ ഇന്ത്യ ചൈന ബന്ധം ഇതാണെ'ന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഇന്ത്യക്കാർ ഇങ്ങനെയാണെന്നും ജാതിയോ മതമോ ദേശമോ ഭാഷയോ നോക്കാതെ എല്ലാ ദൈവങ്ങളെയും ഒരുപോലെ ആരാധിക്കാനും ബഹുമാനിക്കാനും ഉള്ള മനസ്സ് ഉണ്ടെന്നുമായിരുന്നു' മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.
