മധ്യ-പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും മധ്യ-കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും പ്രതിവര്‍ഷം താപനിലയില്‍ ഉണ്ടാവുന്ന വ്യത്യാസത്തെയാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (ഐഓഡി) അഥവാ ഇന്ത്യന്‍ സമുദ്രത്തിലെ ദ്വി-ധ്രുവ താപനിലാവ്യത്യാസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ വ്യത്യാസങ്ങള്‍ ഇന്ത്യന്‍ സമുദ്രത്തിലെയും ചുറ്റപ്പെട്ട പ്രദേശങ്ങളിലെയും അന്തരീക്ഷാവസ്ഥ വ്യതിയാനങ്ങള്‍ക്ക് കാരണമാകും. ഐഒഡി ലോകമെമ്പാടുമുള്ള കാലാവസ്ഥയെയും മഴയെയും സാരമായി ബാധിക്കുന്നു, കൂടുതല്‍ തീവ്രമായി ബാധിക്കുന്നത്  ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങളിലാണ്.

മൂന്നു ഘട്ടങ്ങളില്‍ ആയാണ് ഐഒഡി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത് - പോസിറ്റീവ്, നെഗറ്റീവ് പിന്നെ ന്യൂട്രല്‍ ഘട്ടങ്ങള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യ-പടിഞ്ഞാറന്‍ മേഖലയില്‍ മധ്യ-കിഴക്കന്‍ മേഖലയെക്കാള്‍ താപനില കൂടുന്നതാണ് ഐഓഡിയുടെ പോസിറ്റീവ് ഘട്ടം. കഴിഞ്ഞ വര്‍ഷം അതിതീവ്രതയിലുള്ള പോസിറ്റീവ് ഘട്ടമായിരുന്നു നിലനിന്നിരുന്നത്. അതിന്റെ ഭാഗമായി പല അന്തരീക്ഷവസ്ഥ മാറ്റങ്ങളും  കണ്ടിരുന്നു. അറബിക്കടലില്‍ അസാധാരണമായി ഉണ്ടായ കൂടുതല്‍ തീവ്രമായ ചുഴലിക്കാറ്റുകള്‍, ഓസ്ട്രേലിയയില്‍ ഉണ്ടായ വരള്‍ച്ച, അതിനെത്തുടര്‍ന്ന് രൂപപ്പെട്ട വ്യാപകമായ കാട്ടുതീ എന്നിവയെയൊക്കെ ഐഓഡി വലിയരീതിയില്‍ സ്വാധീനിച്ചിരുന്നു.

നേച്ചറില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ റിപ്പോര്‍ട്ട് , ഐഓഡിയുടെ ആവൃത്തിയെക്കുറിച്ചു ശാസ്ത്രലോകത്തിന് ഞെട്ടിക്കുന്ന അറിവുകളാണ് നല്‍കുന്നത്. നാഷണല്‍ ഓസ്ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനായ ഡോ. നെറൈല്‍ അബ്രഹാമിന്റെ നേതൃത്തത്തിലാണ് ഈ പഠനം നടന്നത്. 1960ന് മുന്‍പ് അപൂര്‍വമായി മാത്രം ഉണ്ടായിരുന്ന പോസിറ്റീവ് ഐഓഡി സംഭവങ്ങളുടെ ആവൃത്തിയും തീവ്രതയും ഇരുപതാം നൂറ്റാണ്ടായപ്പോളേക്കും വളരെ അധികം വര്‍ധിച്ചതായി പഠനം വിലയിരുത്തുന്നു. വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഹരിതഗൃഹ വാതക പുറംതള്ളല്‍ മൂലമുണ്ടാകുന്ന ആഗോളതാപനം ഐഓഡി തീവ്രമാകുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. അതിനാല്‍, വരും വര്‍ഷങ്ങളില്‍ ഈ സ്ഥിതി കൂടുതല്‍ വഷളാകുമെന്നു പ്രതീക്ഷിക്കുന്നതായും പഠനം പറയുന്നു.