13 ഓളം ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമേ ഇരകള്‍ക്ക് നിര്‍ബന്ധിച്ച് ലഹരി നല്‍കി, കുറ്റകൃത്യത്തിനായി പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ഉന്നയിക്കപ്പെട്ടു. 


ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ വിചാരണ നേരിടുകയാണ്. ഇയാള്‍ 13 ഓളം സ്ത്രീകളെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ഇരയാക്കിയവരുടെ പേര് വിവരങ്ങള്‍ അടങ്ങിയ ലഡ്ജര്‍ സൂക്ഷിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, ഇയാള്‍ തന്‍റെ ഇരകളെ പീഡിപ്പിക്കുന്നതിന്‍റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. അങ്ങേയറ്റം വെറുപ്പുളവാക്കുന്നവയാണ് വീഡിയോകളെന്ന് ജൂറി ജഡ്ജി അഭിപ്രായപ്പെട്ടു. ബാലേഷ് ധൻഖർ എന്ന് പേരുള്ള ഇയാള്‍ ഓസ്ട്രേലിയയില്‍ 13 ബലാത്സംഗക്കേസുകളിൽ വിചാരണ നേരിടുകയാണ്. 

സിഡ്നി മോര്‍ണിങ്ങ് ഹെറാഡിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ബാലേഷ് ധൻഖർ, കൊറിയന്‍ സ്ത്രീകളോട് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. തന്‍റെ ഇരയെ ഇയാള്‍ ജോലി നല്‍കാമെന്നും പറഞ്ഞാണ് ആദ്യം സമീപിക്കുന്നത്. തുടര്‍ന്ന് ഇന്‍റര്‍വ്യൂവിന് വേണ്ടി വിളിച്ച് വരുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ന്യൂ സൗത്ത് വെയിൽസിലെ ജില്ലാ കോടതിയിലാണ് ഇയാള്‍ വിചാരണ നേരിടുന്നത്. 13 ഓളം ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമേ ഇരകള്‍ക്ക് നിര്‍ബന്ധിച്ച് ലഹരി നല്‍കി, കുറ്റകൃത്യത്തിനായി പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ഉന്നയിക്കപ്പെട്ടു. എന്നാല്‍, തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളിലൊന്നിലും ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ജനുവരിക്കും ഒക്‌ടോബറിനും ഇടയിലാണ് ഇയാള്‍ തന്‍റെ ലൈംഗികാതിക്രമങ്ങളില്‍ ഭൂരിപക്ഷവും നടത്തിയിട്ടുള്ളത്. 

പ്രോസിക്യുഷന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് കൊറിയന്‍ - ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കായി ഇയാള്‍ ജോലികള്‍ വാഗ്ദാനം ചെയ്ത് പരസ്യം ചെയ്തു. ഇങ്ങനെ എത്തിചേരുന്ന സ്ത്രീകള്‍ക്ക് ഇയാള്‍ ലഹരി പദാര്‍ത്ഥം നല്‍കിയാണ് ബലാത്സംഗം ചെയ്തത്. മാത്രമല്ല ഇതിന്‍റെ വീഡിയോയും ചിത്രീകരിച്ചു. കൊറിയന്‍ സ്ത്രീകളോട് ഇയാള്‍ക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ജൂറി പറഞ്ഞു. ഇയാളുടെ ഇരയാക്കപ്പെട്ട സ്ത്രീകള്‍, ഇയാള്‍ നല്‍കിയ മദ്യം കുടിച്ച ശേഷം തലകറക്കം അനുഭവപ്പെടുന്നുണ്ടെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പ് ഒന്നും ഓർമ്മയില്ലാതാകുമെന്നും ജൂറിയെ അറിയിച്ചു. തങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടതായി കരുതിയിരുന്നില്ലെന്നായിരുന്നു പലരും ജൂറിയെ അറിയിച്ചത്. എന്നാല്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്ത 47 വീഡിയോകള്‍ ഇയാള്‍ നടത്തിയ അതിക്രൂരമായ ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങളാണെന്ന് കേസിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥ സർജന്‍റ് കത്രീന ഗൈഡ് കോടതിയെ അറിയിച്ചു.