തനിക്ക്‌ തോക്ക്‌ വാങ്ങിത്തരാന്‍ വേണ്ടി അച്ഛന്‍ സ്വന്തം വീട്‌ വിറ്റ കാര്യമാണ്‌ ഗഗന്‍ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്‌.

ദില്ലി: പിതൃദിനത്തില്‍ അച്ഛനെക്കുറിച്ച്‌ വികാരാധീനനായി ഇന്ത്യന്‍ ഷൂട്ടറും ഒളിമ്പിക്‌ മെഡല്‍ ജേതാവുമായ ഗഗന്‍ നാരംഗ്‌. തനിക്ക്‌ തോക്ക്‌ വാങ്ങിത്തരാന്‍ വേണ്ടി അച്ഛന്‍ സ്വന്തം വീട്‌ വിറ്റ കാര്യമാണ്‌ ഗഗന്‍ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്‌. 20 വര്‍ഷമായി തങ്ങള്‍ വാടകവീട്ടിലാണ്‌ താമസമെന്നും ഗഗന്‍ പറയുന്നു.

'20 വര്‍ഷം മുമ്പ്‌, എനിക്ക്‌ തോക്ക്‌ വാങ്ങിത്തരാന്‍ വേണ്ടി ഈ മനുഷ്യന്‍ സ്വന്തം വീട്‌ വിറ്റു. ഒരു ദിവസം ഞാന്‍ രാജ്യത്തിന്‌ വേണ്ടി മെഡല്‍ നേടുമെന്ന്‌ മുന്‍കൂട്ടി അറിഞ്ഞു ചെയ്‌തതല്ല. ഞാന്‍ പരിശീലനത്തിനുപയോഗിച്ചിരുന്ന തോക്ക്‌ അതിന്റെ ഉടമസ്ഥന്‍ വിറ്റത്‌ അറിഞ്ഞ്‌ കരഞ്ഞുകൊണ്ട്‌ ഷൂട്ടിംഗ്‌ റേഞ്ചില്‍ നിന്ന്‌ തിരിച്ചെത്തിയ എന്റെ സങ്കടം കണ്ടിട്ടാണ്‌. 20 വര്‍ഷമായി ഞങ്ങള്‍ വാടകവീട്ടിലാണ്‌ താമസം. കായികരംഗത്ത്‌ എത്രദൂരം ഞാന്‍ പോകുമെന്നോ ലോകറെക്കോഡ്‌ സ്ഥാപിക്കുമെന്നോ ഒളിമ്പിക്‌ മെഡല്‍ നേടുമെന്നോ ഒന്നും അദ്ദേഹത്തിനറിയില്ലായിരുന്നു. മകന്റെ മുഖത്ത്‌ പുഞ്ചിരി വിരിയിക്കാന്‍ വേണ്ടി പിതാവ്‌ ചെയ്‌തത്‌ മാത്രമാണത്‌.'- ഗഗന്‍ പറയുന്നു. ഈ കടപ്പാട്‌ ഒരിക്കലും വീട്ടാനാവാത്തതാണെന്നും പിതൃദിനാശംസകള്‍ നേര്‍ന്ന്‌ ഗഗന്‍ പറഞ്ഞിട്ടുണ്ട്‌.

View post on Instagram