ജിം മെമ്പർഷിപ്പ്, മസാജുകൾ, വെൽനസ് സർവീസ് എന്നിവയ്ക്കായി കമ്പനികൾ 30,000 മുതൽ 40,000 രൂപ വരെ അലവൻസുകളും നൽകുന്നുണ്ടത്രെ.

പല വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നവർ അവിടെ തങ്ങൾ ആസ്വദിക്കുന്ന ചില സൗകര്യങ്ങളെ കുറിച്ചും മറ്റും വെളിപ്പെടുത്താറുണ്ട്. അതുപോലെ, സ്വീഡനിൽ താമസിക്കുന്ന ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ ഡെവലപ്പർ അവിടെ താനനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ചില സൗകര്യങ്ങളെ കുറിച്ച് പങ്കുവച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 

ഇത് വായിച്ച് നെറ്റിസൺസിന് അല്പം അസൂയ തോന്നിയാൽ കുറ്റപ്പെടുത്താനാവില്ല. 
സ്വീഡനിൽ താമസിക്കുന്ന അശുതോഷ്, എന്ന യുവാവാണ് രാജ്യത്തെ കോർപ്പറേറ്റ് മേഖലയിൽ നടപ്പിലാക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും മറ്റും ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്യുന്നത്. ദീർഘമായ അവധിക്കാലങ്ങൾ മുതൽ വെൽനസ് അലവൻസുകൾ വരെയുള്ള ആനുകൂല്യങ്ങളെ കുറിച്ചാണ് അശുതോഷ് പറയുന്നത്. 

അശുതോഷിന്റെ അഭിപ്രായത്തിൽ, സ്വീഡനിലെ ഫുൾ‌ ടൈം ജീവനക്കാർക്ക് എല്ലാ വർഷവും 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്. മാത്രമല്ല, പല ഓഫീസുകളും പൊതു അവധി ദിവസങ്ങൾക്ക് മുമ്പുള്ള ദിവസം ജീവനക്കാരെ നേരത്തെ പോകാനോ, ഹാഫ് ഡേ ലീവെടുക്കാനോ ഒക്കെ അനുവദിക്കാറുണ്ട്. അതുപോലെ, പുതുതായി നിയമിക്കപ്പെടുന്നവരെ ‌ഏറ്റവും പുതിയ ഐഫോണും ലാപ്‌ടോപ്പും നൽകിയാണ് ഓഫീസിലേക്ക് സ്വാ​ഗതം ചെയ്യുന്നത് എന്നും അശുതോഷ് വെളിപ്പെടുത്തുന്നു.

ജീവനക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്നു എന്നതിനാൽ തന്നെ ജിം മെമ്പർഷിപ്പ്, മസാജുകൾ, വെൽനസ് സർവീസ് എന്നിവയ്ക്കായി കമ്പനികൾ 30,000 മുതൽ 40,000 രൂപ വരെ അലവൻസുകളും നൽകുന്നുണ്ടത്രെ. അതുപോലെ, വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്ക്, സ്ഥാപനങ്ങൾ 50,000 രൂപ വരെ അലവൻസ് നൽകുന്നുണ്ട്.

അതുപോലെ, പ്രതിമാസം 10,000 രൂപ ഉച്ചഭക്ഷണത്തിനായുള്ള അലവൻസും വിവിധ കമ്പനികൾ നൽകുന്നുണ്ട്. ജീവനക്കാർക്ക് ഡിസ്കൗണ്ട് നിരക്കിൽ കാറുകൾ വാടകയ്‌ക്കെടുക്കാനും സാധിക്കും. അതേസമയം കുഞ്ഞുങ്ങളുണ്ടായാൽ അച്ഛനും അമ്മയ്ക്കും ശമ്പളത്തോടുകൂടിയ പാരന്റൽ ലീവും ലഭിക്കും. ശമ്പളത്തിന്റെ 80% കിട്ടും. 

View post on Instagram
 

ഒരാൾക്ക് ജോലി നഷ്ടപ്പെട്ടാൽ, സ്വീഡനിലെ യൂണിയൻ സംവിധാനം ഒമ്പത് മാസം വരെ സാമ്പത്തിക സഹായവും നൽകാമെന്നും അശുതോഷ് പറയുന്നു. അതുപോലെ വേനൽക്കാലത്ത്, ജോലി സമയത്തിൽ വ്യത്യാസം വരും, അവധികൾ അനുവദിക്കും. 

വെക്കേഷൻ ലീവുകൾക്ക് ജീവനക്കാർ അഭ്യർത്ഥനയുമായി ചെല്ലേണ്ടതുപോലുമില്ല, അത് അവകാശമായിട്ടാണ് കണക്കാക്കുന്നത് എന്നും വീഡിയോയിൽ അശുതോഷ് വ്യക്തമാക്കുന്നു. എന്തായാലും, വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ഏതൊരാളും ഇങ്ങനെ ഒരു ജോലിക്ക് വേണ്ടിയാണ് ആ​ഗ്രഹിക്കുന്നത് എന്നാണ് പലരും പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം