പട്ടായയിലെ ഒരു നിശാക്ലബ്ബിൽ ബില്ലിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ വിനോദസഞ്ചാരിക്ക് നേരെ ആക്രമണമുണ്ടായി. ബോഡിഗാർഡ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിച്ചു. പിന്നാലെ പോലീസ് ക്ലബ്ബ് അടച്ചുപൂട്ടി.
പട്ടായയിലെ പ്രശസ്തമായ ഒരു നിശാക്ലബ്ബിൽ ബില്ലിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ ഇന്ത്യൻ വിനോദ സഞ്ചാരിക്ക് നേരെ ക്ലബിനെ ബോഡിഗാര്‍ഡ് തോക്ക് ചൂണ്ടിയതായി പരാതി. പിന്നാലെ തായ്‌ലൻഡിലെ വിനോദ സഞ്ചാര കേന്ദ്രമായ പട്ടായയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് സമൂഹ മാധ്യമങ്ങളില്‍ ഉയർന്നത്. സംഭവത്തിന് പിന്നാലെ നിശാക്ലബ്ബിലെ ഇന്ത്യന്‍ മാനേജർ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകൾ പറയുന്നു. നഗരത്തിലെ നിരവധി ഇന്ത്യൻ ക്ലബ്ബുകളിലെ അറിയപ്പെടുന്ന വിഐപി ഉപഭോക്താവിന് നേരെയായിരുന്നു അക്രമണം നടന്നതെന്ന് പട്ടായയിലെ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ലക്ഷ്മണ്‍ സിംഗ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
എന്താണ് സംഭവിച്ചത്?
പട്ടായയിലെ നിശാക്ലബില്‍ സാധാരണയായി പ്രീമിയം ഉപഭോക്താക്കൾ നിശാക്ലബുകളില്‍ ഉണ്ടാകുന്ന കുടിശിക പിറ്റേ ദിവസം ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണ് പതിനായി തീര്‍ക്കാറ്. ഇത് തായ്‍ലന്‍ഡിലെ പ്രീമിയം ഉപഭോക്താക്കൾക്കിടയിൽ വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു രീതിയാണിതെന്ന് ഖോസോദിലെ ഒരു റിപ്പോർട്ട് പറയുന്നു. സംഭവ ദിവസം രാത്രി, പേര് വെളിപ്പെടുത്താത്ത ഇന്ത്യക്കാരനായി വിനോദ സഞ്ചാരിയെ ക്ലബ്ബിന്‍റെ ഇന്ത്യക്കാരനായ മാനേജർ ക്ലബ്ബിലേക്ക് ക്ഷണിച്ചു, അദ്ദേഹത്തിന്‍റെ സ്വർണ്ണമാല മാനേജർ കടം വാങ്ങിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അന്നേ ദിവസം വിനോദ സഞ്ചാരി തന്‍റെ സ്വര്‍ണ്ണ മാല മാനേജറോട് തിരികെ ചോദിച്ചു. ഈ സമയം മാനേജർ കുടിച്ച മദ്യത്തിന്‍റെ ബില്ല് അടയ്ക്കാതെ പുറത്ത് വിടില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഇത് പെട്ടെന്ന് തന്നെ പരസ്പരമുള്ള തർക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങി.
തോക്ക് ചൂണ്ടി ഭീഷണി
വാക്ക് തര്‍ക്കത്തിനിടെ നിശാക്ലബ്ബിലെ ബോഡിഗാര്‍ഡ് വിനോദ സഞ്ചാരിയെ വലിച്ചിഴച്ച് കൊണ്ട് പോകുകയും കാലിന് വടി കൊണ്ട് അടിക്കുകയും ചെയ്തു. ഈ സമയം ഇന്ത്യക്കാരനായ മറ്റൊരു ബോഡിഗാർഡ് അദ്ദേഹത്തെ തോക്ക് ചൂണ്ടി പണം അപ്പോൾ തന്നെ അടച്ചില്ലെങ്കില്‍ പാസ്പോട്ട് കണ്ട് കെട്ടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് നടന്ന ക്രൂരമായ മർദ്ദനത്തിന് ശേഷം വിനോദ സഞ്ചാരിയെ പട്ടായ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ചു. പിന്നാലെ അദ്ദേഹം പട്ടായ പോലീസിൽ പരാതി നൽകുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പോലീസ് അന്വേഷണം
പരാതിക്ക് പിന്നാലെ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി. നിശാ ക്ലാബ്ബിലേക്ക് പോലീസ് റൈഡ് നടത്തിയെങ്കിലും മാനേജർ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകൾ പറയുന്നു. മാനേജറെയും അയാളുടെ ബോഡിഗാര്‍ഡിനെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. മർദ്ദനം ഏറ്റയാൾ വളരെ മാന്യനായ ഉപഭോക്താവാണെന്നും ഇതുവരെ പണം അടയ്ക്കാത്ത പ്രശ്നങ്ങളുണ്ടായിരുന്നിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു. പരാതിക്ക് പിന്നാലെ പോലീസ് നിശാക്ലബ്ബില്‍ റെയ്ഡ് നടത്തിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 40 ഓളം അനധികൃത തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ നിശാക്ലബ് അടച്ച് പൂട്ടിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


