തനിക്കും ഭർത്താവിനും തോന്നുന്നത് ലണ്ടൻ വളർച്ചയ്ക്ക് വേണ്ടിയുള്ള നഗരമല്ല, മറിച്ച് അതിജീവനത്തിന് വേണ്ടിയുള്ള ഒരു നഗരമായി മാറിയിരിക്കുന്നുവെന്നാണ്. അതാണ് ഇവിടം വിടാനുള്ള പ്രധാന കാരണമെന്ന് പല്ലവി പറഞ്ഞു.
വിദേശത്ത് കഴിയുന്നവർക്കൊക്കെ ജീവിതം സുഖമാണ് എന്ന് പലരും പറയാറുണ്ടെങ്കിലും അങ്ങനെ ജീവിക്കുന്നവർക്കുമുണ്ട് അതിന്റേതായ കഷ്ടപ്പാടുകൾ. അതിൽ ഒരു പ്രധാന പ്രശ്നമാണ് ജീവിതച്ചിലവ്. ശമ്പളം കൂടുതൽ കിട്ടുന്നു എന്നതുപോലെ തന്നെ ചിലവും പല രാജ്യങ്ങളിലും കൂടുതലാണ്. അതുപോലെ വർഷങ്ങളോളം ലണ്ടനിൽ താമസിച്ച ശേഷം ലണ്ടൻ വിടാനുള്ള കാരണങ്ങളെ കുറിച്ച് പറയുകയാണ് ഒരു ഇന്ത്യൻ യുവതി. പത്ത് വർഷത്തെ യുകെ വാസത്തിന് ശേഷം താനും കുടുംബവും യുകെ വിടുകയാണെന്നാണ് ഇന്ത്യൻ സംരംഭകയായ യുവതി പറയുന്നത്.
വർദ്ധിച്ചുവരുന്ന ചെലവുകളും കരിയറിലടക്കമുള്ള വളർച്ചയില്ലായ്മയും പോലെയുള്ള കാരണങ്ങളാണ് പല്ലവി ചിബ്ബർ ഇൻസ്റ്റാഗ്രാം വീഡിയോയിൽ വിശദീകരിക്കുന്നത്. ഏകദേശം 10 വർഷത്തെ ലണ്ടൻ ജീവിതത്തിനു ശേഷമാണ് താൻ ലണ്ടൻ വിടുന്നത്. എന്തിനാണ് ഇവിടം വിടുന്നത് എന്നറിയാൻ പലരും തനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട് എന്നും അവർ പറയുന്നു. അങ്ങനെയാണ് കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
തനിക്കും ഭർത്താവിനും തോന്നുന്നത് ലണ്ടൻ വളർച്ചയ്ക്ക് വേണ്ടിയുള്ള നഗരമല്ല, മറിച്ച് അതിജീവനത്തിന് വേണ്ടിയുള്ള ഒരു നഗരമായി മാറിയിരിക്കുന്നുവെന്നാണ്. അതാണ് ഇവിടം വിടാനുള്ള പ്രധാന കാരണമെന്ന് പല്ലവി പറഞ്ഞു.
യുകെയിലെ ജീവിതച്ചെലവിനെ കുറിച്ചാണ് അടുത്തതായി അവർ പറയുന്നത്. ലണ്ടൻ ഇപ്പോൾ സഹിക്കാവുന്നതിലും അപ്പുറം ചെലവേറിയ നഗരമായിരിക്കുന്നു. ഇന്ത്യൻ റെസ്റ്റോറന്റ് ശൃംഖലയായ ഡിഷൂമിൽ താനും കുടുംബവും അടുത്തിടെ ഭക്ഷണം കഴിച്ചപ്പോൾ ബില്ല് വന്നത് 80 പൗണ്ട് (8,500 -ൽ അധികം) ആണ് എന്നും പല്ലവി പറയുന്നു.
തനിക്ക് ലണ്ടൻ വളരെ അധികം ഇഷ്ടമാണ്. ശരിക്കും താനൊരു ലണ്ടൻ ഗേളാണ്. പക്ഷേ, ചെലവ് കൂടുന്നതും അതിജീവനത്തിനുള്ള പ്രയാസങ്ങളും അടക്കം യാഥാർത്ഥ്യങ്ങളെ അവഗണിക്കാൻ പറ്റില്ല എന്നും പല്ലവി പറയുന്നു. പല്ലവി പറഞ്ഞത് ശരിയാണ് എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്.
