'താൻ വരുന്നത് ഒരു വിദൂര ഗ്രാമത്തിൽ നിന്നാണ്. ഒരു പൈലറ്റാവുക എന്നത് സങ്കല്പത്തിനും അപ്പുറത്തായിരുന്നു. ആ കഷ്ടപ്പാടുകളിലും ഉറക്കമില്ലാത്ത രാത്രികളിലും കൂട്ടിരുന്നത് അമ്മയാണ്. അമ്മയില്ലായിരുന്നെങ്കിൽ ഇത് സാധ്യമാവില്ലായിരുന്നു' എന്നും ജസ്വന്ത് പറഞ്ഞു.
ആന്ധ്രാപ്രദേശിലെ ഒരു പൈലറ്റ് തന്റെ അമ്മയെ വിമാനത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. എങ്ങനെയാണ് തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി അമ്മ തന്നോടൊപ്പം തന്നെ നിന്നത് എന്നാണ് അദ്ദേഹം പറയുന്നത്. വിമാനത്തിലെ അനൗൺസ്മെന്റിന്റെ സമയത്താണ് ഇൻഡിഗോ വിമാനത്തിലെ ക്യാപ്റ്റൻ അമ്മയെ സ്വാഗതം ചെയ്തത്. ഹൃദയസ്പർശിയായ ഈ വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്.
'അമ്മയ്ക്കുള്ള വെൽകം അനൗൺസ്മെന്റ്' എന്നാണ് പൈലറ്റായ ജസ്വന്ത് വർമ്മ കുറിച്ചിരിക്കുന്നത്. വീഡിയോയിൽ, വിമാനത്തിന്റെ പ്രവേശന കവാടത്തിൽ അമ്മയുടെ അരികിലായി അദ്ദേഹം നിൽക്കുന്നത് കാണാം. 'ഗുഡ് ആഫ്റ്റർനൂൺ, ലേഡീസ് ആൻഡ് ജെന്റിൽമാൻ. ജസ്വന്ത് ആണ് സംസാരിക്കുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്.
ആദ്യമായിട്ടാണ് അമ്മ യാത്രക്കാരിയായിട്ടുള്ള വിമാനം താൻ പറത്തുന്നത് എന്നും ജസ്വന്ത് പറയുന്നുണ്ട്. അമ്മയാണ് പൈലറ്റാവാൻ വേണ്ടി തന്നെ പിന്തുണച്ചത് എന്നും ആ സ്വപ്നം പൂർത്തീകരിക്കാൻ സഹായിച്ചത് എന്നും പൈലറ്റായ ജസ്വന്ത് പറയുന്നത് കേൾക്കാം.
അമ്മയെ അദ്ദേഹം പരിചയപ്പെടുത്തുമ്പോൾ ആളുകൾ കയ്യടിക്കുന്നതും ആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഒരാൾ എഴുന്നേറ്റ് നിന്നുകൊണ്ട് അവരെ ബഹുമാനിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഈ സമയത്തെല്ലാം അമ്മ ജസ്വന്തിന്റെ അരികത്തായി നിൽക്കുന്നതും വീഡിയോയിൽ കാണാം.
'താൻ വരുന്നത് ഒരു വിദൂര ഗ്രാമത്തിൽ നിന്നാണ്. ഒരു പൈലറ്റാവുക എന്നത് സങ്കല്പത്തിനും അപ്പുറത്തായിരുന്നു. ആ കഷ്ടപ്പാടുകളിലും ഉറക്കമില്ലാത്ത രാത്രികളിലും കൂട്ടിരുന്നത് അമ്മയാണ്. അമ്മയില്ലായിരുന്നെങ്കിൽ ഇത് സാധ്യമാവില്ലായിരുന്നു' എന്നും ജസ്വന്ത് പറഞ്ഞു.
അനേകങ്ങളാണ് ജസ്വന്ത് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. 'ആ അമ്മയ്ക്ക് ഇത് ഏറെ അഭിമാനകരമായ നിമിഷമാണ് ഇത്' എന്ന് അനേകങ്ങൾ കമന്റ് നൽകി.
