ഇൻഡിഗോ വിമാനത്തിൽ, ഒരേ പി.എൻ.ആറിൽ ആയിരുന്നിട്ടും തൻ്റെ മൂന്ന് വയസ്സുള്ള കുട്ടിയെ മാറ്റിയിരുത്തിയതായി ആരോപിച്ചുകൊണ്ട് അഭിഭാഷകന്‍റെ പോസ്റ്റ്. ഡി.ജി.സി.എ നിയമലംഘനമാണിതെന്നും യുവാവ്. 

ബാഗ്‌ഡോഗ്രയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ തൻ്റെ മൂന്ന് വയസ്സുള്ള കുട്ടിയെ തങ്ങളിൽ നിന്ന് മാറ്റി ഇരുത്തിയെന്ന ആരോപണവുമായി നാഗ്പൂർ സ്വദേശിയായ അഭിഭാഷകൻ. ലിങ്ക്ഡ്ഇന്നിലാണ് യുവാവ് അനുഭവം പങ്കുവച്ചിരിക്കുന്നത്. ഒരേ ബുക്കിംഗിലും പി.എൻ.ആറിലും യാത്ര ചെയ്തിട്ടും എയർലൈൻ തൻ്റെ കുടുംബത്തിന് വെവ്വേറെ സീറ്റുകളാണ് നൽകിയതെന്ന് ഗൗരവ് മിശ്ര പോസ്റ്റിലൂടെ ആരോപിച്ചു. സീറ്റ് തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക തുക നൽകാത്തതിനാലാണ് ഇൻഡിഗോ തൻ്റെ മൂന്ന് വയസ്സുള്ള കുട്ടിയെ ഒറ്റയ്ക്ക് ഇരുത്തി യാത്ര ചെയ്യാൻ നിർബന്ധിച്ചതെന്ന് മിശ്ര കുറ്റപ്പെടുത്തുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഡി.ജി.സി.എയുടെ 2024-ലെ എയർ ട്രാൻസ്പോർട്ട് സർക്കുലർ 01-ലെ റൂൾ 3.15 എയർലൈൻ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. കടുത്ത ടർബുലൻ‌സ് ഉണ്ടാകാറുള്ള ബാഗ്‌ഡോഗ്ര-കൊൽക്കത്ത റൂട്ടിൽ, മാതാപിതാക്കൾ അടുത്തില്ലാതെ അടുത്ത സീറ്റിൽ തനിയെ ഇരിക്കാൻ കുട്ടിയെ നിർബന്ധിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മൂന്ന് ടിക്കറ്റുകൾക്കായി 43,900 രൂപ നൽകിയിട്ടും ഈ രീതിയിലാണ് സീറ്റുകൾ അനുവദിച്ചതെന്നും, ഇത് ഡി.ജി.സി.എ നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രയിലുടനീളം കുട്ടി മാനസികമായി വിഷമിച്ചതായും പോസ്റ്റിൽ പറയുന്നു.

പരാതിയോടൊപ്പം ഡി.ജി.സി.എ മാർഗ്ഗനിർദ്ദേശത്തിൻ്റെ സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്. ഒരേ ബുക്കിംഗിലും പി.എൻ.ആറിലും യാത്ര ചെയ്യുന്ന 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒരു രക്ഷിതാവിൻ്റെയെങ്കിലും ഒപ്പം സീറ്റ് ഉറപ്പാക്കണമെന്ന് ഈ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, യുവാവിന്റെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് ഇൻഡിഗോയും മുന്നോട്ടുവന്നു. സംഭവത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. യാത്രയിലുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നതായി എയർലൈൻ അറിയിച്ചു. യാത്രയുടെ ആദ്യ ഘട്ടത്തിൽ 29A, 29B സീറ്റുകളിൽ മറ്റൊരു അമ്മയും കുട്ടിയുമായിരുന്നു ഉണ്ടായിരുന്നതെന്നും, മിശ്രയുടെ കുടുംബത്തിന് അതേ വരിയിലെ 29C, 29D സീറ്റുകളാണ് ലഭിച്ചതെന്നും ഇൻഡിഗോ വ്യക്തമാക്കി. തൊട്ടടുത്ത ഘട്ടത്തിൽ ഇവർക്ക് 28A, 28B സീറ്റുകൾ നൽകിയിരുന്നു. എങ്കിലും ഈ ക്രമീകരണം യാത്രക്കാരന് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താൻ ഫീഡ്‌ബാക്ക് ബന്ധപ്പെട്ട ടീമിന് കൈമാറിയിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു. മിശ്രയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മറ്റൊരു നമ്പർ പങ്കുവെക്കണമെന്നും ഇൻഡിഗോ അഭ്യർത്ഥിച്ചിട്ടുണ്ട്.

സംഭവം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കും കുട്ടികളുടെ ക്ഷേമത്തിനുമായിരിക്കണം എയർലൈൻ മുൻഗണന നൽകേണ്ടതെന്നും പലരും അഭിപ്രായപ്പെട്ടു.