ജീവിക്കാന്‍ കഴിയാത്ത വിധം ഒരു നാട്ടില്‍ വായു മലിനീകരണം കൂടിയാല്‍ ആരാണ് അതിനുത്തരവാദി? ഈ ചോദ്യത്തിന് ചരിത്രപ്രധാനമായ ഒരുത്തരം

ജീവിക്കാന്‍ കഴിയാത്ത വിധം ഒരു നാട്ടില്‍ വായു മലിനീകരണം കൂടിയാല്‍ ആരാണ് അതിനുത്തരവാദി? 

ഈ ചോദ്യത്തിന് ചരിത്രപ്രധാനമായ ഒരുത്തരം നല്‍കിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ഒരു കോടതി. രാജ്യം ഭരിക്കുന്ന സര്‍ക്കാറാണ് ഇതിനുത്തരവാദികളെന്നും അടിയന്തിരമായി ഈ വിഷയത്തിനു പരിഹാരം കാണണമെന്നുമാണ് ജക്കാര്‍ത്തയിലെ സെന്‍ട്രല്‍ ജില്ലാ കോടതിയിലെ മൂന്നംഗ ബെഞ്ച് വിധിച്ചത്. പ്രസിഡന്റ് ജോകോ വിഡോഡോ, വനം പരിസ്ഥിതി വകുപ്പ്, ജല വകുപ്പ്, ജക്കാര്‍ത്ത, ബാന്റ്റന്‍, വെസ്റ്റ് ജാവ ഗവര്‍ണര്‍മാര്‍ തുടങ്ങിയ ഏഴ് ഉന്നതരാണ് ഈ കേസില്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 

ലോകത്തെ ഏറ്റവും വായുമലിനീകരണമുള്ള സ്ഥലമായാണ് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത അറിയപ്പെടുനനത്. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം കൂടിയാണ് ഇത്. ഇവിടത്തെ വായു മലിനീകരണത്തിന് പരിഹാരം തേടിയാണ് 32 പൗരന്‍മര്‍ ചേര്‍ന്ന് കോടതിയെ സമീപിച്ചത്. 2019ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണായകമായ വിധി ഉണ്ടായത്. മെയ് മാസം വിധി വരേണ്ടതായിരുന്നുവെങ്കിലും പല തരം സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് വിധി വൈകുകയായിരുന്നു. പല തവണ മാറ്റിവെച്ചശേഷമാണ്, കേസില്‍ വിധി വന്നത്. 

പ്രസിഡന്റ് ജോകോ വിഡോഡോ, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ അടക്കമുള്ളവര്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു. രാജ്യത്ത് വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് കോടതി പ്രസിഡന്റിനോട് നിര്‍ദേശിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ വാഹനങ്ങളുടെ പുക പരിശോധന അടക്കം നടപ്പാക്കി ശുദ്ധവായു ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. 

മലിനീകരണം പോലുള്ള വിഷയങ്ങളില്‍ ആരും ഉത്തരവാദിത്തം ഏല്‍ക്കാത്ത അവസ്ഥയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്. ബന്ധപ്പെട്ട സര്‍ക്കാറുകളുടെയും അധികൃതരുടെയും അനാസ്ഥയാണ് മലിനീകരണ പ്രശ്‌നം വഷളാക്കുന്നത് എങ്കിലും, സാധാരണ ഗതിയില്‍ ആരും ഉത്തരവാദിത്തം ഏല്‍ക്കാറില്ല. ഈ അവസ്ഥയെ മാറ്റിമറിക്കുന്ന നിര്‍ണായക വിധിയാണ് ജക്കാര്‍ത്ത കോടതിയില്‍നിന്നുണ്ടായത്.