സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളുടെ ജീവിതാവസ്ഥ കാണിക്കാനാണ് താൻ ഇങ്ങനെ ചെയ്തത് എന്നായിരുന്നു സംഭവത്തെ കുറിച്ചുള്ള അൻഷയുടെ വിശദീകരണം. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ ഇത് ആളുകളെ ആകർഷിക്കുകയല്ല, മറിച്ച് വലിയ വിമർശനങ്ങൾക്കുള്ള കാരണമായിത്തീരുകയാണ് ചെയ്തത്.
വെളുത്ത നിറമുള്ള മോഡലുകൾ കറുത്ത മേക്കപ്പ് ധരിച്ച് പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ കുറച്ച് ദിവസങ്ങളായി വിമർശനങ്ങളേറ്റ് വാങ്ങുകയാണ് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ അൻഷ മോഹനാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നത്.
കറുത്ത നിറത്തിൽ മേക്കപ്പ് ധരിച്ച് ഒരു വഴിയോരക്കച്ചവടക്കാരിയായിട്ടാണ് അൻഷയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഇതിന് പിന്നാലെ കടുത്ത വിമർശനങ്ങളും ഉയരുകയായിരുന്നു. കറുത്ത മേക്കപ്പും, വില കുറഞ്ഞ വസ്ത്രങ്ങളും ധരിച്ച് റോഡരികിൽ റോസാപ്പൂവ് വിൽക്കുന്ന വഴിയോര കച്ചവടക്കാരിയായിട്ടായിരുന്നു അൻഷയുടെ പ്രകടനം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളുടെ ജീവിതാവസ്ഥ കാണിക്കാനാണ് താൻ ഇങ്ങനെ ചെയ്തത് എന്നായിരുന്നു സംഭവത്തെ കുറിച്ചുള്ള അൻഷയുടെ വിശദീകരണം. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ ഇത് ആളുകളെ ആകർഷിക്കുകയല്ല, മറിച്ച് വലിയ വിമർശനങ്ങൾക്കുള്ള കാരണമായിത്തീരുകയാണ് ചെയ്തത്. കുറച്ച് വ്യൂസിന് വേണ്ടി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ ചൂഷണം ചെയ്യുകയായിരുന്നു അൻഷ എന്നായിരുന്നു പ്രധാന വിമർശനം.
'സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളുടെ അവസ്ഥ കാണിക്കാനായിരുന്നു ഇങ്ങനെ ഒരു ഫോട്ടോഷൂട്ട് എങ്കിൽ അതായിരുന്നില്ല ചെയ്യേണ്ടത്. യഥാർത്ഥത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമാനമായ ആളുകളെ വച്ച് ഒരു ഫോട്ടോ ഷൂട്ട് ചെയ്യുകയായിരുന്നു ചെയ്യേണ്ടത്. എന്നിട്ട് അവർക്ക് അതിനുള്ള പ്രതിഫലവും നൽകണമായിരുന്നു' എന്നായിരുന്നു ഒരാളുടെ പ്രതികരണം. 'ഇതുപോലെ വെളുത്ത ഒരു മോഡൽ കറുത്ത ചായം തേച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ അവസ്ഥ കാണിക്കാൻ ശ്രമിക്കുന്നത് അവരുദ്ദേശിക്കുന്ന ഫലമായിരിക്കില്ല ഉണ്ടാക്കുന്നത്' എന്നാണ് മറ്റൊരാൾ കുറിച്ചത്.
എന്നാൽ, അതേ സമയം അൻഷയെ പിന്തുണച്ചവരും ഉണ്ടായിരുന്നു. പക്ഷേ, ഭൂരിഭാഗം പേരും ഇൻഫ്ലുവൻസറിനെ വിമർശിക്കുകയാണ് ചെയ്തത്.
