ഇരുവരും 27 സാധനങ്ങൾ ഇവിടെ നിന്നും എടുക്കുകയും പണം നൽകാതെ കടയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യുകയായിരുന്നു.

സൂപ്പർമാർക്കറ്റിൽ നിന്ന് 628.90 സിം​ഗപ്പൂർ ‍ഡോളർ (ഏകദേശം 43,000 രൂപ) വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചതിന് ഇൻഫ്ലുവൻസർ പിടിയിൽ. ശിക്ഷയുടെ ഭാഗമായി ഇലക്ട്രോണിക് ടാഗ് ധരിക്കാനും രാത്രി 10 മണിക്കുള്ള കർഫ്യൂ പാലിക്കാനുമാണ് ഇവരോട് ഉത്തരവിട്ടിരിക്കുന്നത്. 30 -കാരിയായ ജെനി യമാഗുച്ചിയാണ് ഓഗസ്റ്റ് 25 -ന് ഡോൺ ഡോൺ ഡോങ്കി സൂപ്പർമാർക്കറ്റിൽ നിന്ന് മോഷണം നടത്തിയത്. അന്നേദിവസം പുലർച്ചെ ജെനിയും സുഹൃത്ത് ലീ സ്യൂറ്റ് കീ ചെറിലും ചേർന്ന് സൂപ്പർമാർക്കറ്റിൽ എത്തുകയും സാധനങ്ങളെടുത്ത ശേഷം ബില്ലടക്കാതെ മുങ്ങുകയും ആയിരുന്നത്രെ.

ഇരുവരും 27 സാധനങ്ങൾ ഇവിടെ നിന്നും എടുക്കുകയും പണം നൽകാതെ കടയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യുകയായിരുന്നു. ബ്ലഷറുകൾ, ടോട്ട് ബാഗ്, വിറ്റാമിൻ സി സെറം തുടങ്ങിയ സ്കിൻ കെയർ പ്രൊഡക്ടുകൾ എന്നിവയൊക്കെയാണ് പ്രധാനമായും എടുത്തത്. ഒരു സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് ഇവർ കടയിൽ നിന്ന് മോഷണം നടത്തുന്നത് കണ്ട് തന്റെ മാനേജരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസിന് വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ജെനിയും സുഹൃത്തും അറസ്റ്റിലാവുകയും ചെയ്തു. അടുത്ത ദിവസം കോടതിയിൽ ഇവർ കുറ്റം സമ്മതിച്ചു.

സെപ്റ്റംബർ 3 -നാണ് ജെനിയെ അവരുടെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 23 ന്, അവരുടെ വക്കീലായ ജോയ്‌സ് ഖൂ, ജെനി തന്റെ പ്രവൃത്തികളിൽ വളരെയധികം ഖേദിക്കുന്നുവെന്നും ഇനി ഇത്തരം കുറ്റം ചെയ്യില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

അങ്ങനെ ജയിൽ ശിക്ഷയ്ക്ക് പകരമായി, ജെനിക്കുനേരെ സെപ്റ്റംബർ 23 -ന് മൂന്ന് മാസത്തേക്ക് ഒരു ഡേ റിപ്പോർട്ടിംഗ് ഓർഡർ (DRO) പുറപ്പെടുവിക്കുകയായിരുന്നു. ഇത് പ്രകാരം ജെനി എങ്ങോട്ടൊക്കെ പോകുന്നു, വരുന്നു എന്നൊക്കെ അറിയാനുള്ള ഒരു ഇലക്ട്രോണിക് ടാ​ഗ് ധരിക്കണം. കൂടാതെ, രാത്രി 10 -നും രാവിലെ ആറിനും ഇടയിൽ പുറത്തിറങ്ങാനും അനുമതി ഇല്ല.