മയക്കുമരുന്ന് ഓവർഡോസായതാവാം ഇയാൾ മരിക്കാൻ കാരണം എന്നാണ് അധികൃതർ പറയുന്നത്. മയക്കുമരുന്ന് കടത്ത് പരാതിയിലാണ് ബാസ്കോ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ എത്തിയത്.

പലവിധത്തിലും ജയിലർമാർ തടവുകാരെ പീഡിപ്പിക്കാറുണ്ട്. എന്നാൽ, കുട്ടികളുടെ പാട്ട് ഉച്ചത്തിൽ വച്ച് തടവുകാരെ പീഡിപ്പിക്കുന്ന ജയിലർമാരെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയുള്ള ജയിലർമാരും ഉണ്ട്. അവരെ കുറിച്ച് പരാതി പറഞ്ഞ ഒരു അന്തേവാസിയെ ഇപ്പോൾ മരിച്ച നിലയിൽ കണ്ടെത്തി. ബേബി ഷാർക്ക് എന്ന പാട്ട് തുടരെ കേൾപ്പിച്ച് തങ്ങളെ ജയിലർമാർ പീഡിപ്പിക്കുന്നു എന്നായിരുന്നു ഇയാളുടെ അടക്കം മൂന്ന് അന്തേവാസികളുടെ പരാതി. 

ഞായറാഴ്ച പുലർച്ചെയാണ് യുഎസിലെ ഒക്‌ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിലെ സെല്ലിൽ ജോൺ ബാസ്കോ എന്ന 48 -കാരനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത് എന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. ജയിൽ ജീവനക്കാർ അയാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, അധികം താമസിയാതെ, പുലർച്ചെയോടെ ഇയാൾ മരിച്ചതായി സ്ഥിരീകരിച്ചു. 

മയക്കുമരുന്ന് ഓവർഡോസായതാവാം ഇയാൾ മരിക്കാൻ കാരണം എന്നാണ് അധികൃതർ പറയുന്നത്. മയക്കുമരുന്ന് കടത്ത് പരാതിയിലാണ് ബാസ്കോ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ എത്തിയത്. ഒക്ലഹോമ കൗണ്ടിയിലെ അധികാരികൾക്കെതിരെ അവരുടെ പീഡനത്തിന് പരാതി പറഞ്ഞ ഒരുകൂട്ടം തടവുകാരിൽ ബാസ്കോയും ഉൾപ്പെടുന്നു. മണിക്കൂറുകളോളം കുട്ടികളുടെ പാട്ടായ ബേബി ഷാർക്ക് ഉച്ചത്തിൽ വച്ച് ജയിലധികൃതർ തങ്ങളെ പീഡിപ്പിച്ചു എന്നായിരുന്നു ഇവരുടെ പരാതി. 

2021 നവംബറിലാണ് കേസ് ഫയൽ ചെയ്തത്. മുൻ തടവുകാരായ രണ്ട് പേരും ബാസ്കോയും ചേർന്നാണ് ഒക്‌ലഹോമ കൗണ്ടി കമ്മീഷണർമാർ, ജയിൽ ട്രസ്റ്റ്, രണ്ട് മുൻ ജയിലർമാർ ഇവർക്കെതിരെ പരാതി നൽകിയത്. ഈ പാട്ട് വയ്ക്കുന്നത് തടവുകാരെ പീഡിപ്പിക്കുന്നതിനുള്ള ഒരു മാർ​ഗമായിട്ടാണ് ജയിലർമാർ കണക്കാക്കിയിരുന്നത് എന്നായിരുന്നു പരാതിയിൽ പറഞ്ഞത്. പല തരത്തിലും ജയിലർമാർ തങ്ങളെ പീഡിപ്പിക്കാറുണ്ട്. അതിലൊന്നായിരുന്നു ഈ പാട്ട് വച്ച് പീഡിപ്പിക്കലും എന്നും ഇവർ പറഞ്ഞു. 

2019 നവംബറിലും ഡിസംബറിലുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളുണ്ടായി. അതിൽ, കുറഞ്ഞത് നാല് തടവുകാരെ എങ്കിലും കൈ പിന്നിൽ ബന്ധിച്ച് മണിക്കൂറുകളോളം ഉച്ചത്തിലുള്ള ശബ്ദത്തിൽ പാട്ട് തുടർച്ചയായി വച്ച് ചുമരിനോട് ചേർത്ത് നിർത്തിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.