മകന്റെ ഈ വിജയത്തിൽ ആ കുടുംബം വളരെ ആഹ്ളാദിക്കുന്നു. അച്ഛന് പ്രാരാബ്ദം കാരണം ശരിയായ വിദ്യാഭ്യാസം നേടാനായില്ല. അതുകൊണ്ട് തന്നെ മക്കൾ പഠിച്ച് വലിയ ആളാകണം എന്നദ്ദേഹം ആഗ്രഹിച്ചിരുന്നു. 

വിശാഖപട്ടണത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ മകൻ ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരിക്കുന്നു. ഹൈദരാബാദിലെ ദിണ്ടിഗലിലെ എയർഫോഴ്‌സ് അക്കാദമിയിൽ ശനിയാഴ്ച നടന്ന ചടങ്ങിലാണ് ജി. ഗോപിനാഥിനെ വ്യോമസേനയിൽ ഒരു ഫ്ലൈയിംഗ് ഓഫീസറായി നിയമിച്ചത്. അരിലോവയിലെ എസ്‌ഐ‌ജി നഗറിൽ താമസിക്കുന്ന പിതാവ് സൂരിബാബു കഴിഞ്ഞ 25 വർഷമായി ഒരു ഓട്ടോ ഡ്രൈവറായി ജീവിതം നയിക്കുകയാണ്.

നിരവധി കഷ്ടപ്പാടുകൾ സഹിച്ചാണ് അദ്ദേഹം തന്റെ മകന്റെ ആഗ്രഹത്തിന് കുടപിടിച്ചത്. തന്നെകൊണ്ടാവും വിധത്തിലെല്ലാം അദ്ദേഹം മകനെ സഹായിച്ചു. കൈയിൽ പണം ഇല്ലെങ്കിലും, തന്റെ ആവശ്യങ്ങളെല്ലാം അച്ഛൻ സാധിപ്പിച്ച് തന്നിരുന്നു എന്ന് ഗോപിനാഥ് പറഞ്ഞു. സഹോദരിയെയും അച്ഛൻ അങ്ങനെത്തന്നെയാണ് നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. "എന്റെ മാതാപിതാക്കൾ എനിക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവർക്ക് ഇത്രയെങ്കിലും തിരികെ നൽകാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.

മകനെ ഒരു എഞ്ചിനീയറായി കാണാനായിരുന്നു അച്ഛന്റെ ആഗ്രഹം. അവനെ ലോണെടുത്താണേലും ഞാൻ പഠിപ്പിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. എന്നാൽ, ഗോപിനാഥിന്റെ ആഗ്രഹം മറ്റൊന്നായിരുന്നു. ഇന്ത്യൻ ആർമിയിൽ ശിപായിയായി ജോലി ചെയ്തിരുന്ന മുത്തച്ഛനെപ്പോലെ പ്രതിരോധ സേനയിൽ ചേരാനായിരുന്നു ഗോപിനാഥിന് ആഗ്രഹം. തന്റെ അഭിലാഷം പിന്തുടരാൻ അദ്ദേഹം വ്യോമസേനയിൽ എയർമാനായി ചേർന്നു. ജോലി ചെയ്യുന്നതിനിടെ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ആന്ധ്ര സർവകലാശാലയിൽ നിന്ന് വിദൂര മോഡിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന്, കഴിഞ്ഞ വർഷം ക്രിപ്റ്റോഗ്രാഫറായി സ്ഥാനക്കയറ്റം നേടിയെടുത്തു. ഒടുവിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ എന്ന കടമ്പ കടന്ന് ഇപ്പോൾ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരിക്കുന്നു.

മകന്റെ ഈ വിജയത്തിൽ ആ കുടുംബം വളരെ ആഹ്ളാദിക്കുന്നു. അച്ഛന് പ്രാരാബ്ദം കാരണം ശരിയായ വിദ്യാഭ്യാസം നേടാനായില്ല. അതുകൊണ്ട് തന്നെ മക്കൾ പഠിച്ച് വലിയ ആളാകണം എന്നദ്ദേഹം ആഗ്രഹിച്ചിരുന്നു. മകളും ഇപ്പോൾ ഉദ്യോഗസ്ഥയാണ്. അവൾ എം‌എസ്‌സി ചെയ്തശേഷം, ഒരു സ്വകാര്യ കോളേജിൽ ലക്ചററായി ജോലി ചെയ്യുന്നു. രണ്ട് മക്കളും ഇപ്പോൾ ആ അച്ഛന് തണലായി നിൽക്കുന്നു. അച്ഛൻ രാത്രികാലങ്ങളിൽ വിശ്രമമില്ലാതെ വണ്ടി ഓടിക്കുമായിരുന്നുവെന്നും, അതിരാവിലെ എഴുന്നേൽക്കുകയും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനായി രാപകൽ കഷ്ടപ്പെട്ടിരുന്നതായും ഗോപിനാഥ് പറഞ്ഞു. എന്നാൽ ഇന്ന് ആ കയ്ക്കുന്ന അനുഭവങ്ങൾ എല്ലാം മധുരതരമായി മാറിയിരിക്കുന്നു. “എന്റെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ഞാൻ കഠിനമായി പരിശ്രമിച്ചു, എന്റെ പരിശ്രമം ഇപ്പോൾ ഫലം നൽകി” അഭിമാനത്തോടെ സൂരിബാബു പറഞ്ഞു.