Asianet News Malayalam

44 -ാം വയസിൽ വിധവ, ഏഴ് പെൺമക്കളെ വളർത്തി വലുതാക്കി, പെൺകുട്ടികളെ ബാധ്യതയായി കാണുന്നവർ വായിക്കണം ഈ അനുഭവം

പയ്യെ എല്ലാം ശരിയായി വന്നു. അടുത്ത ബ്രാഞ്ച് തുടങ്ങി. അപ്പോഴും ഞങ്ങളൊരുപാട് കുത്തുവാക്കുകള്‍ കേട്ടു. 'പെണ്ണായ നീ എത്ര ദൂരം പോകുമെന്ന് കാണണമല്ലോ' എന്നായിരുന്നു പറച്ചില്‍. ഇപ്പോഴവരുടെ കണ്ണില്‍ നോക്കി ഞാന്‍ പറയും ഇതാ കാണ്, ഇങ്ങനെ. 

inspiring story of a mother who brought up her seven daughters
Author
Mumbai, First Published Jun 22, 2021, 12:41 PM IST
  • Facebook
  • Twitter
  • Whatsapp

ഇന്നും പെണ്‍കുട്ടികളെ ഒരു ബാധ്യതയായി കാണുന്നവരാണ് നമ്മുടെ സമൂഹം. അതിനാലാണ് അവര്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതിനും മുമ്പ് തന്നെ ഭാരിച്ച സ്ത്രീധനവും സ്വര്‍ണവും നല്‍കി അവരെ വിവാഹം കഴിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ അതിലെ അനേകം വരുന്ന ഇരകളില്‍ ഒരാള്‍ മാത്രമാണ്. ഇത് ഏഴ് പെണ്‍മക്കളുള്ള ഒരു അമ്മയുടെ കഥയാണ്. ആ ഏഴുപേരെയും വളര്‍ത്തി, പഠിപ്പിച്ചു. ഇന്ന് അവരെല്ലാം ചേര്‍ന്ന് ബിസിനസ് നടത്തുന്നു. അവരുടെ ജീവിതം അറിയാം.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വീട്ടില്‍ നിന്നും എന്നോട് പറയുന്നത്, 'പെണ്‍കുട്ടിയായ നീ പഠിച്ചിട്ടെന്ത് കാര്യം, നിന്‍റെ സഹോദരന്മാരുടെ പഠനമാണ് പ്രധാനം' എന്ന്. അങ്ങനെ അതോടെ എനിക്കെന്‍റെ പഠനത്തോട് ഗുഡ്ബൈ പറയേണ്ടി വന്നു. ഇരുപത്തിരണ്ടാമത്തെ വയസില്‍ എന്‍റെ വിവാഹം കഴിഞ്ഞു. എന്‍റെ ഭര്‍ത്താവ് ഒരു നല്ല മനുഷ്യനായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്‍റെ വീട്ടുകാരുമായി യോജിച്ചു പോവുന്നത് എളുപ്പമായിരുന്നില്ല. 

എന്‍റെ എല്ലാ ദിവസവും തുടങ്ങുന്നതും തീരുന്നതും അടുക്കളയിലായിരുന്നു. ഞാന്‍ ചായയുണ്ടാക്കിയും റൊട്ടിയുണ്ടാക്കിയും കഴിഞ്ഞു. എന്നാല്‍, ഞാനതൊന്നും കാര്യമാക്കിയില്ല. കാരണം, അതൊക്കെ പരിശീലിപ്പിച്ചാണല്ലോ നമ്മളെ വളര്‍ത്തുന്നത്. ഒരു വര്‍ഷത്തിനുശേഷം നമുക്കൊരു പെണ്‍കുഞ്ഞ് പിറന്നു. ഞാനും ഭര്‍ത്താവും ഹാപ്പിയായിരുന്നു. എന്നാല്‍, കുടുംബത്തിന് സന്തോഷമായില്ല. കാരണം, അവര്‍ക്ക് വേണ്ടത് ഒരു ആണ്‍കുട്ടിയെ ആയിരുന്നു. 

രണ്ടാമത്തെ കുഞ്ഞും കൂടി പെണ്ണായതോടെ എന്‍റെ നാത്തൂന്മാര്‍ അസ്വസ്ഥരായിത്തുടങ്ങി. അവരെന്നെ വഴക്ക് പറഞ്ഞ് തുടങ്ങി. ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കാനായില്ലവള്‍ക്ക് എന്നും പറഞ്ഞായിരുന്നു വഴക്ക്. ഞങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. എല്ലാം പെണ്‍കുഞ്ഞുങ്ങളായിരുന്നു. ഞാനാകെ തളര്‍ന്നു. അത്രയും പ്രസവം കഴിഞ്ഞതോടെ എന്‍റെ ശരീരവും തളര്‍ന്നിരുന്നു. ഏഴ് പെണ്‍കുട്ടികളുണ്ടായി നമുക്ക്. അതോടെ കാര്യങ്ങള്‍ സഹിക്കാവുന്നതിന്‍റെ അപ്പുറമായി. ഏഴ് പെണ്‍കുട്ടികള്‍ ബാധ്യതയാവും എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെയൊരു സാഹചര്യത്തില്‍ എന്‍റെ പെണ്‍കുട്ടികളെ വളര്‍ത്താന്‍ ഞാനിഷ്ടപ്പെട്ടില്ല. അങ്ങനെ 10 കൊല്ലം കൂട്ടുകുടുംബത്തില്‍ കഴിഞ്ഞ് പത്താം വര്‍ഷം ഞങ്ങളവിടെ നിന്നും ഇറങ്ങി. 

എന്‍റെ ഭര്‍ത്താവ് ഒരു സ്പൈസ് ഷോപ്പ് തുറന്നു. പത്തു വര്‍ഷം കടന്നുപോയി. നമ്മുടെ വീട്ടിലൊരു പ്രയാസവും ഉണ്ടായിരുന്നില്ല. കുട്ടികളെല്ലാവരും വീട്ടില്‍ ഡാന്‍സ് പരിപാടികളൊക്കെ നടത്തി. ഭര്‍ത്താവ് വിധികര്‍ത്താവായി. ഞങ്ങളാകെ ഹാപ്പി ആയിരുന്നു. എന്നാല്‍, പിന്നീട് ഹൃദയാഘാതം വന്ന് ഭര്‍ത്താവ് മരിച്ചു. നാല്‍പ്പത്തിനാലാമെത്തെ വയസില്‍ ഞാന്‍ വിധവയായി. എനിക്ക് ഏഴ് പെണ്‍മക്കളെ നോക്കാനുണ്ടായിരുന്നു. അതില്‍ ഏറ്റവും മൂത്തയാള്‍ കോളേജില്‍ ചേര്‍ന്നതേ ഉണ്ടായിരുന്നുള്ളൂ. ഇളയ ആള്‍ക്ക് വെറും 10 വയസും. ചടങ്ങ് കഴിഞ്ഞയുടനെ എനിക്കും മക്കള്‍ക്കും ചേര്‍ന്ന് കട തുറക്കേണ്ടി വന്നു. അപ്പോഴും ബന്ധുക്കള്‍ എല്ലാം നിയന്ത്രിക്കാനായെത്തി. പക്ഷേ, ഞാനതിന് സമ്മതിച്ചില്ല. അവര്‍ എന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കാന്‍ പോലും എനിക്ക് നേരമുണ്ടായില്ല. 

ഞാന്‍ രാവിലെ സൂര്യനൊപ്പം ഉണര്‍ന്നു. മക്കള്‍ക്കുള്ള ഉച്ചഭക്ഷണം റെഡിയാക്കി കടയിലേക്ക് പോയി. ആദ്യം എനിക്ക് കട നടത്താന്‍ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കണക്ക് ഒക്കെ അറിയാമെങ്കിലും അവിടെയെത്തുന്ന വിദേശികളോട് ഇംഗ്ലീഷ് സംസാരിക്കാനാവുമായിരുന്നില്ല. മകള്‍ സഹായിക്കാം എന്ന് പറഞ്ഞു. എന്നാല്‍, വിദ്യാഭ്യാസമാണ് വലുത് എന്ന് പറഞ്ഞ് അവളെ പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടു. എല്ലാ മക്കളെയും പഠിപ്പിക്കാന്‍ ഞാനാഗ്രഹിച്ചു. എന്‍റെ വിധി എന്‍റെ മക്കള്‍ക്കുണ്ടാവരുത് എന്ന് ഞാന്‍ കരുതി. 

പയ്യെ എല്ലാം ശരിയായി വന്നു. അടുത്ത ബ്രാഞ്ച് തുടങ്ങി. അപ്പോഴും ഞങ്ങളൊരുപാട് കുത്തുവാക്കുകള്‍ കേട്ടു. 'പെണ്ണായ നീ എത്ര ദൂരം പോകുമെന്ന് കാണണമല്ലോ' എന്നായിരുന്നു പറച്ചില്‍. ഇപ്പോഴവരുടെ കണ്ണില്‍ നോക്കി ഞാന്‍ പറയും ഇതാ കാണ്, ഇങ്ങനെ. 

പയ്യെപ്പയ്യെ നമ്മള്‍ കട വിപുലീകരിച്ചു. എല്ലാ പെണ്‍മക്കളും വളര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിസിനസിലേക്ക് വന്നു. ഇപ്പോള്‍ 16 വര്‍ഷം കഴിഞ്ഞു. നാല് ബ്രാഞ്ചുകളുണ്ട്. കുട്ടികളെ 'സ്പൈസ് ഗേള്‍സ്' എന്ന് വിളിക്കുന്നു ഇന്ന് എല്ലാവരും. പെണ്‍കുട്ടികള്‍ ദൂരെയൊന്നും പോകില്ല എന്ന് പറഞ്ഞെവരെല്ലാം ഇന്ന് ബിസിനസ് എങ്ങനെ നടത്താമെന്ന് ഉപദേശം ചോദിക്കാന്‍ ഞങ്ങളുടെ അടുത്ത് വരുന്നു. 

എന്‍റെ പെണ്‍മക്കള്‍ എനിക്കൊരു ബാധ്യതയാവും എന്ന് എല്ലാവരും പറഞ്ഞു. അത് പറഞ്ഞവരെല്ലാം തെറ്റായിരുന്നു എന്ന് ഞാനവരെ ബോധ്യപ്പെടുത്തി. അവരെന്‍റെ സമ്പാദ്യമാണ്, താങ്ങിനിര്‍ത്തുന്ന തൂണുകളാണ്. എങ്ങനെ ഒരു നല്ല ഭാര്യയാവാം എന്ന് മാത്രമാണ് എന്‍റെ വീട്ടുകാരെന്നെ പഠിപ്പിച്ചത്. എന്നാല്‍, എങ്ങനെ നല്ലൊരു സംരംഭകയാകാമെന്ന് എന്നെ പഠിപ്പിച്ചത് എന്‍റെയീ പെണ്‍മക്കളാണ്. 

(കടപ്പാട്: ഹ്യുമൻസ് ഓഫ് ബോംബെ) 

Follow Us:
Download App:
  • android
  • ios