Asianet News Malayalam

ഭ്രാന്തനെന്ന് വിളിച്ച് നാട്ടുകാർ അപഹസിച്ചു, ഒറ്റയ്‍ക്കൊരു വനമുണ്ടാക്കിയെടുത്തു, ഇന്നെല്ലാവർക്കും മുത്തച്ഛൻ

സാദിമാൻ ആദ്യം തന്റെ കൈയിലുള്ള പണം കൊടുത്ത് ആൽമരത്തിന്റെ തൈകൾ വാങ്ങി. കൈയിലുള്ള പണം തീർന്നപ്പോൾ തന്റെ വരുമാന മാർ​ഗമായ കന്നുകാലികളെ വിറ്റ് തൈകൾ വാങ്ങി. ഇത് കണ്ട ആളുകൾ അദ്ദേഹത്തെ 'ഭ്രാന്തൻ' എന്ന് വിളിച്ചു. 

inspiring story of sadiman from Indonesia
Author
Indonesia, First Published Mar 31, 2021, 3:45 PM IST
  • Facebook
  • Twitter
  • Whatsapp

ഒരിക്കൽ ഭ്രാന്തനെന്ന് വിളിച്ച് എല്ലാവരും പരിഹസിച്ച ഒരു ഇന്തോനേഷ്യൻ കർഷകൻ, 24 വർഷത്തെ പരിശ്രമത്തിനുശേഷം തരിശായി കിടന്ന കുന്നുകളെ പച്ചപ്പുള്ളതാക്കി മാറ്റി. വരൾച്ചബാധിത പർവത പ്രദേശത്ത് ജലസ്രോതസ്സുകൾ ലഭ്യമാക്കിയ അദ്ദേഹം ഇന്ന് അവിടത്തുകാരുടെ കാണപ്പെട്ട ദൈവമാണ്. ഒറ്റയ്ക്ക് ഒരു വനത്തെ വളർത്തിയുണ്ടാക്കിയ 69 -കാരനായ സാദിമാനെ എല്ലാവരും സ്നേഹപൂർവ്വം ‘എംബാ’ അല്ലെങ്കിൽ ‘മുത്തച്ഛൻ’ എന്ന് അഭിസംബോധന ചെയ്യുന്നു. ഒരാൾ വിചാരിച്ചാലും ഇവിടെ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നു.

സാദിമാന്റെ കഥ 1990 -കളുടെ തുടക്കത്തിലാണ് ആരംഭിക്കുന്നത്. പക്ഷേ, അദ്ദേഹം പരിഹരിക്കാൻ ശ്രമിച്ച പ്രശ്നം ആരംഭിച്ചത് 1960 -കളിലായിരുന്നു. അന്നാണ് സെൻട്രൽ ജാവയിലെ ലോവ പർവതത്തിന്റെ തെക്കൻ ചരിവിലുള്ള കാടുകളിൽ വലിയ കാട്ടുതീ പടർന്നത്.    നൂറുകണക്കിന് ഹെക്ടർ സർക്കാർ ഉടമസ്ഥതയിലുള്ള പൈൻ വനം വെറും ചാരമായി തീർന്നു. അവയുടെ സ്ഥാനത്ത് തരിശായി കിടക്കുന്ന കുന്നുകൾ മാത്രം അവശേഷിച്ചു. വൊനോഗിരിയിലെ റീജൻസിയിലെ ഡസൻ കണക്കിന് ഗ്രാമങ്ങൾ വരൾച്ചയും ക്ഷാമവും നേരിട്ടു. എന്നാൽ, നഷ്‌ടമായ കാട് തിരിച്ചുകൊണ്ടുവരാനും തനിക്കും സമൂഹത്തിനും മെച്ചപ്പെട്ട ജീവിതം ഉണ്ടാകാനും ആഗ്രഹിച്ച് ഒരു വ്യക്തി മാത്രം സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നു.

ഒരു കന്നുകാലി കർഷകനായ സാദിമാൻ അന്ന് 40 -കളുടെ മധ്യത്തിൽ എത്തി നിൽക്കുകയാണ്. തന്റെ ഗ്രാമത്തിന് ചുറ്റും സസ്യങ്ങൾ ഇല്ലാത്തതാണ് പ്രശ്നങ്ങളുടെ കാരണമെന്ന് അദ്ദേഹം മനസ്സിലാക്കി. നിർഭാഗ്യവശാൽ, വളരെക്കാലമായി അദ്ദേഹം മാത്രമാണ് ഈ പ്രശ്‌നത്തിൽ ശ്രദ്ധ ചെലുത്തിയത്. അധികാരികളോ നാട്ടുകാരോ ആരും ഇതിനെ സംബന്ധിച്ച് ഒന്നും തന്നെ ചെയ്യാൻ തയ്യാറായില്ല. അത് മാത്രവുമല്ല, അദ്ദേഹം ചെയ്യാൻ തുനിഞ്ഞപ്പോൾ നാട്ടുകാർ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തികൾ വെറും നിരർത്ഥകമാണെന്ന് അവർ കരുതി. സത്യത്തിൽ ഒരു വ്യക്തിക്ക് നൂറുകണക്കിന് ഹെക്ടർ വനത്തെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്നത് ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യമാണ്. പക്ഷേ, ഇന്ന് ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നമ്മൾ കാണുന്നുണ്ട്. സാദിമാനും അത് സാധിച്ചു. എന്നാൽ, അത് സംഭവിക്കാൻ ഒരു ദശകമെടുത്തു എന്ന് മാത്രം.  

സാദിമാൻ ആദ്യം തന്റെ കൈയിലുള്ള പണം കൊടുത്ത് ആൽമരത്തിന്റെ തൈകൾ വാങ്ങി. കൈയിലുള്ള പണം തീർന്നപ്പോൾ തന്റെ വരുമാന മാർ​ഗമായ കന്നുകാലികളെ വിറ്റ് തൈകൾ വാങ്ങി. ഇത് കണ്ട ആളുകൾ അദ്ദേഹത്തെ 'ഭ്രാന്തൻ' എന്ന് വിളിച്ചു. ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്നവർ അത്ഭുതപ്പെട്ടു. സമപ്രായക്കാരുടെ എതിർപ്പും നിരന്തരമായ പരിഹാസവും ഉണ്ടായിരുന്നിട്ടും, സാദിമാൻ തന്റെ ദൗത്യത്തിൽ അശ്രാന്തനായിരുന്നു. അദ്ദേഹം എല്ലാ ദിവസവും തന്റെ ഗ്രാമത്തിന് ചുറ്റുമുള്ള തരിശായി കിടക്കുന്ന കുന്നുകളിൽ ആൽ, ഫിക്കസ് എന്നിവയുടെ തൈകൾ നടാൻ തുടങ്ങി. ഈ രണ്ട് ചെടികളും വെള്ളം നിലനിർത്താൻ നല്ലതാണ്. മാത്രമല്ല സസ്യങ്ങൾ വരൾച്ചയെ ഇല്ലാതാക്കുമെന്ന് അദ്ദേഹത്തിന് മനസ്സിലായി.  

അങ്ങനെ ദിവസങ്ങൾ മാസങ്ങളായി, മാസങ്ങൾ വർഷങ്ങളും... ഒടുവിൽ 25 വർഷങ്ങൾക്ക് ശേഷം തരിശ് ഭൂമി ഒരു വനമായി മാറി. സാദിമാൻ ഒറ്റയ്ക്ക് 25 വർഷത്തിനിടെ 11,000 മരങ്ങൾ നട്ടുപിടിപ്പിച്ചതായി കണക്കാക്കപ്പെടുന്നു. അദ്ദേഹം നട്ടുപിടിപ്പിച്ച ആയിരക്കണക്കിന് തൈകൾ വളർച്ച പ്രാപിച്ചതോടെ ഈ പ്രദേശത്ത് മറ്റ് സസ്യജാലങ്ങൾ വളരാൻ തുടങ്ങി. താമസിയാതെ വള്ളികൾ വളർന്നുതുടങ്ങി. ഒരിക്കൽ തരിശായ ഭൂമി ജീവൻ വയ്ക്കാൻ തുടങ്ങി. മുൻപ് ജലക്ഷാമം കാരണം അവിടത്തെ കർഷകർ സാധാരണയായി ഒരു വർഷം ഒരു വിളവെടുപ്പ് മാത്രമാണ് നടത്താറുള്ളത്. സാദിമാന്റെ വനം സൃഷ്ടിച്ച സമൃദ്ധമായ ജലസ്രോതസ്സുകൾ മൂലം ഇപ്പോൾ രണ്ടും, മൂന്നും വിളവെടുപ്പുകൾ അവർ നടത്തുന്നു.  

മഴ പതിവായി പെയ്യാൻ തുടങ്ങിയപ്പോൾ ആളുകൾക്ക് മരങ്ങളുടെ ഉദ്ദേശ്യം മനസ്സിലായി. ഭ്രാന്തനെന്ന് വിളിച്ച് തള്ളിക്കളഞ്ഞിരുന്ന സാദിമാൻ, പ്രശംസയ്ക്കും ബഹുമതിയ്ക്കും പാത്രമായി. പരിസ്ഥിതി സംരക്ഷിക്കുന്നതിൽ ഇന്തോനേഷ്യൻ പൗരന് നൽകുന്ന പരമോന്നത പുരസ്കാരമായ കൽപ്പാരുവും സർക്കാരിൽ നിന്ന് 2016 -ൽ കിക്ക് ആൻഡി ഹീറോസ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു. കാലക്രമേണ, 25 ഹെക്ടർ സമൃദ്ധമായ വനം “ഹ്യൂട്ടൻ സാദിമാൻ” അല്ലെങ്കിൽ സാദിമാന്റെ വനം എന്നറിയപ്പെട്ടു. ഇന്തോനേഷ്യയിലെ പ്രകൃതി ടൂറിസത്തിന്റെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നായി ഇത് മാറി. അതിനുശേഷം ഈ പ്രദേശത്തെ മറ്റ് നിരവധി വൃക്ഷത്തോട്ടങ്ങൾക്ക് ഇത് പ്രചോദനമായി തീർന്നു.   


 

Follow Us:
Download App:
  • android
  • ios