ഏറ്റവും മോശം സാമ്പത്തിക സാഹചര്യത്തിലൂടെയാണ് ബ്രിട്ടന്‍ കടന്നു പോകുന്നത്.  40 വഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റ നിരക്ക്. ഇതു തന്നെയാണ് മുന്‍ ധനമന്ത്രി കൂടിയായ ഋഷി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

മുപ്പത്തി മൂന്നാം വയസ്സില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തില്‍ എംപിയായും അണ്ടര്‍ സെക്രട്ടറി ആയും ട്രഷറി ചീഫ് സെക്രട്ടറി ആയും ധനമന്ത്രിയായും പ്രവര്‍ത്തിച്ച് മുന്നേറി ഇപ്പോള്‍ പ്രധാനമന്ത്രിപദത്തിലെത്തി നില്‍ക്കാന്‍ ഋഷി എടുത്തത് എട്ടു വര്‍ഷം. നാല്‍പത്തി രണ്ടാം വയസ്സില്‍, രണ്ട് നൂറ്റാണ്ടിനിടെ ബ്രിട്ടന്‍ ഭരിച്ച ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുമ്പോള്‍ ഓക്‌സ്ഫഡിലും സ്റ്റാന്‍ഫഡിലും പഠിച്ച ഇക്കണോമിക്‌സും പൊളിറ്റിക്‌സും അതിന്റെ പൂര്‍ണ തന്ത്രജ്ഞതയില്‍ വിദ്യാര്‍ത്ഥിയായ വേളയില്‍ കാണിച്ച മിടുക്കില്‍ പ്രയോഗിക്കേണ്ട സാഹചര്യമാണ് ഋഷിക്ക് മുന്നിലുള്ളത്.

ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാവുന്നത് ഇന്ത്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് കുറച്ചു കൂടി മധുരം പകര്‍ന്നു. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷത്തിനിടെ കൈ വന്ന ഇരട്ടിമധുരം കൂടിയായി അത്. നൂറ്റാണ്ടുകള്‍ ഇന്നാട് ഭരിച്ച ഒരു രാജ്യത്തെ നയിക്കാന്‍ ഒരു ഇന്ത്യന്‍ വംശജന്‍ എത്തുന്നത് എന്തുകൊണ്ടും സന്തോഷകരം തന്നെ. 

കാര്യം, കിഴക്കന്‍ ആഫ്രിക്ക വഴി ബ്രിട്ടനിലേക്ക് കുടിയേറിയ പഞ്ചാബി കുടുംബത്തിലെ മൂന്നാം തലമുറക്കാരന്‍ ആണ് ഋഷി എന്നത് ആ സന്തോഷത്തിന് മങ്ങലേല്‍പ്പിക്കുന്നില്ല. ഋഷിയുടെ അച്ഛനും അമ്മയും (ഡോക്ടറായ യശ്വീര്‍ സുനകും ഫാര്‍മസിസ്റ്റായ ഉഷയും) ബ്രിട്ടീഷ് പൗരന്‍മാര്‍. നൂറു ശതമാനം ബ്രിട്ടീഷുകാരനെന്ന് പറയുമ്പോഴും ഋഷി സുനക്, ഭാരതീയ പാരമ്പര്യത്തില്‍ വിശ്വാസം അര്‍പ്പിക്കുന്ന, ഹിന്ദുമത വിശ്വാസിയാണെന്ന് പറയുന്ന, ഭഗവത് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന ആളാണ് എന്നത് ഓരോ ഇന്ത്യക്കാരന്റേയും കൂട്ടത്തിലൊരുവന്‍ മനോഭാവത്തിന് ഊര്‍ജമേകുന്നു. പോരാഞ്ഞ്, ഇന്ത്യയുടെ സ്വന്തം ബില്‍ ഗേറ്റ്‌സ് ആയ നാരായണമൂര്‍ത്തിയുടെയും പ്രിയ മുത്തശ്ശി കഥാകാരി സുധാമൂര്‍ത്തിയുടെയും മരുമകനും. നമ്പര്‍ പത്ത്, ഡൗണിങ് സ്ട്രീറ്റ് എന്ന വിശ്വവിഖ്യാത മേല്‍വിലാസത്തിലേക്ക് ഋഷി സുനക് എത്തുമ്പോള്‍ ഇന്നാട് എങ്ങനെ സന്തോഷിക്കാതിരിക്കും?

ഈ സന്തോഷത്തിനിടെയാണ് ഋഷിയുടെ ഭാര്യ അക്ഷതയും വാര്‍ത്തകളിലിടം പിടിക്കുന്നത്. പഠനകാലം മുതല്‍ വിദേശത്താണെങ്കിലും ബ്രിട്ടനില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിട്ടും ഇന്ത്യന്‍ പൗരത്വം കാത്തുസൂക്ഷിക്കുന്ന ആളാണ് അക്ഷത. ഇന്‍ഫോസിസിലെ ഓഹരിയും സ്വന്തം പദ്ധതികളിലെ വരുമാനവും എല്ലാം കൂടി ചേര്‍ത്തുവെച്ചാല്‍ ബ്രിട്ടീഷ് രാജാവിനേക്കാള്‍ സമ്പന്ന. എന്നിട്ടും നോണ്‍ ഡോമിസൈല്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കുള്ള നികുതി ആനുകൂല്യം ഉപയോഗിക്കുന്നു എന്ന വിമര്‍ശനങ്ങളാണ് അക്ഷതയെ ആദ്യം വാര്‍ത്തകളിലെത്തിക്കുന്നത്. ഋഷിയുടെ രാഷ്ട്രീയഭാവിയെ ബാധിക്കുന്നു എന്ന് തോന്നിയപ്പോള്‍ ആനുകൂല്യം വേണ്ടെന്നു വെക്കാനും 20 ദശലക്ഷം പൗണ്ട് നികുതിയായി അടക്കാനും അക്ഷത തയ്യാറായി. നിയമപരമായി ബാധ്യത ഉള്ളതു കൊണ്ടല്ലെന്നും ഇന്ത്യയാണ് എന്റെ മാതൃരാജ്യം എന്ന കാര്യം മറന്നിട്ടോ മാറ്റിയിട്ടോ അല്ലെന്നും ഉചിതമായ തീരുമാനം എന്ന ബോധ്യത്തില്‍ നിന്നാണ് താന്‍ ആനുകൂല്യം വേണ്ടെന്നു വെക്കുന്നതെന്ന് അക്ഷത വിശദീകരിക്കുകയും ചെയ്തു. 

ഫിനാന്‍സ് മേഖലയിലാണ് അക്ഷത ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. സ്വന്തമായ ഫാഷന്‍ ലേബല്‍ (അക്ഷത ഡിസൈന്‍സ്), നിക്ഷേപ സഹായ പദ്ധതിയായ കാറ്റമരന്‍ വെഞ്ച്വേഴ്‌സ്, ജിം ശൃംഖലയായ ഡിഗ്മി ഫിറ്റ്‌നസ്, പുരുഷന്‍മാരുടെ വസ്ത്രങ്ങളുടെ ലേബലായ ന്യൂ ആന്‍ഡ് ലിങ്‌വുഡ് തുടങ്ങി അക്ഷതയുടെ കയ്യൊപ്പ് പതിഞ്ഞ സംരംഭങ്ങള്‍ നിരവധിയാണ്. അക്ഷതയ്ക്കും ഋഷിക്കും കൂടി ലണ്ടനില്‍ പലയിടത്തും വസ്തുവകകളുമുണ്ട്. കെന്‍സിങ്ടണിലെ കൂറ്റന്‍ വസതി ഇതിലൊന്നു മാത്രം. അവധിക്കാല വസതിയില്‍ നീന്തല്‍ക്കുളം പണിയാന്‍ വന്‍തുക മുടക്കിയതും തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഋഷി ആഡംബര ബ്രാന്‍ഡിന്റെ ലോഫേഴ്‌സ് ഇട്ടതും എല്ലാം ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരുന്നു. വലിയ സമ്പന്നനായ, ആഡംബര ജീവിതം നയിക്കുന്ന നേതാവിന് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാകുമോ, ഇനി മനസ്സിലായാല്‍ തന്നെ അതൊക്കെ എങ്ങനെ പരിഹരിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ വല്ല ധാരണയും ഉണ്ടാകുമോ എന്നൊക്കെ ചോദ്യങ്ങള്‍ ഉയര്‍ന്നത്. 

വ്യക്തിപരമായ കഴിവുകള്‍ക്കും മനസ്സിലാക്കല്‍ ശേഷിക്കും മുന്നിലുള്ള ഈ ചോദ്യചിഹ്നങ്ങളാണ് തികച്ചും കലുഷിതമായ സാമ്പത്തിക രാഷ്ട്രീയ സാഹചര്യത്തില്‍ പെട്ടിരിക്കുന്ന ബ്രിട്ടനെ നയിക്കാനെത്തുന്ന ഋഷിക്ക് മുന്നിലുള്ളത്. ഏറ്റവും മോശം സാമ്പത്തിക സാഹചര്യത്തിലൂടെയാണ് ബ്രിട്ടന്‍ കടന്നു പോകുന്നത്. 40 വഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റ നിരക്ക്. ഇതു തന്നെയാണ് മുന്‍ ധനമന്ത്രി കൂടിയായ ഋഷി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിലക്കയറ്റം പിടിച്ചു നിര്‍ത്തിയിട്ടാകും നികുതിയിളവുകള്‍ ആലോചിക്കുക എന്ന് ഋഷി മുമ്പ് പറഞ്ഞിട്ടുള്ളത് ജനം പ്രതീക്ഷയോടെ നോക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ പ്രധാനമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഐക്യം ഉറപ്പാക്കുക എന്നതും. തമ്മിലടിച്ചും പരസ്പരം അവിശ്വസിച്ചും നില്‍ക്കുന്ന നേതാക്കള്‍ക്കിടയില്‍ നിന്ന് മന്ത്രിസഭാംഗങ്ങളെ കണ്ടെത്തുക എന്നതു തന്നെ ഋഷിക്ക് തലവേദനയാണ്. 

മുപ്പത്തി മൂന്നാം വയസ്സില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തില്‍ എംപിയായും അണ്ടര്‍ സെക്രട്ടറി ആയും ട്രഷറി ചീഫ് സെക്രട്ടറി ആയും ധനമന്ത്രിയായും പ്രവര്‍ത്തിച്ച് മുന്നേറി ഇപ്പോള്‍ പ്രധാനമന്ത്രിപദത്തിലെത്തി നില്‍ക്കാന്‍ ഋഷി എടുത്തത് എട്ടു വര്‍ഷം. നാല്‍പത്തി രണ്ടാം വയസ്സില്‍, രണ്ട് നൂറ്റാണ്ടിനിടെ ബ്രിട്ടന്‍ ഭരിച്ച ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുമ്പോള്‍ ഓക്‌സ്ഫഡിലും സ്റ്റാന്‍ഫഡിലും പഠിച്ച ഇക്കണോമിക്‌സും പൊളിറ്റിക്‌സും അതിന്റെ പൂര്‍ണ തന്ത്രജ്ഞതയില്‍ വിദ്യാര്‍ത്ഥിയായ വേളയില്‍ കാണിച്ച മിടുക്കില്‍ പ്രയോഗിക്കേണ്ട സാഹചര്യമാണ് ഋഷിക്ക് മുന്നിലുള്ളത്. ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയ 'സ്ഥിരതയും ഐക്യവും' എന്ന ആദ്യ വാഗ്ദാനം ഇന്ത്യയുടെ മരുമകന്‍ എങ്ങനെ പാലിക്കുമെന്ന് അറിയാന്‍ ലോകം കാത്തിരിക്കുന്നു.