ഏകദേശം 90 വർഷം പഴക്കമുള്ള ഉംബർട്ടോ റൊമാനോയുടെ പെയിന്റിംഗിൽ സ്മാർട്ട്ഫോണിന് സമാനമായ ഒരു വസ്തു കണ്ടെത്തിയത് സോഷ്യൽ മീഡിയയിൽ 'ടൈം ട്രാവൽ' ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ, ചിത്രത്തിലെ ഈ വസ്തു ഒരു കൈക്കണ്ണാടിയോ പുസ്തകമോ ആകാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കദേശം 90 വർഷം പഴക്കമുള്ള ഒരു ചിത്രത്തിലെ ചതുരാകൃതിയിലുള്ള വസ്തു സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. 1937 -ൽ അമേരിക്കൻ ചിത്രകാരൻ ഉംബർട്ടോ റൊമാനോ വരച്ച ‘Mr Pynchon and the Settling of Springfield’ എന്ന ചിത്രത്തിലാണ് ആധുനിക സ്മാർട്ട്ഫോണിനോട് സാമ്യമുള്ള ഒരു വസ്തു അടുത്തിടെ കാഴ്ചക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ‘ടൈം ട്രാവൽ’ നടത്തിയ ആരെങ്കിലും പഴയകാലത്ത് സ്മാർട്ട്ഫോൺ ഉപയോഗിച്ചിരുന്നോയെന്ന തരത്തിലുള്ള ചർച്ചകളും സമൂഹ മാധ്യങ്ങളിൽ സജീവമായി.

അത് ഐഫോണോ?

സ്പ്രിങ്‌ഫീൽഡ് നഗരത്തിന്‍റെ സ്ഥാപകനായ വില്യം പിഞ്ചണെ കേന്ദ്രീകരിച്ചാണ് ഉംബർട്ടോ റൊമാനോ ചിത്രം വരച്ചിരിക്കുന്നത്. ചിത്രത്തിലെ റെഡ് ഇന്ത്യൻ വംശജനെ പോലുള്ള ഒരു വ്യക്തി കൈയിൽ പിടിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള വസ്തുവാണ് ഇപ്പോഴത്തെ സമൂഹ മാധ്യമ ചർച്ചയ്ക്ക് ആധാരം. സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചിലർ ഇത് കൃത്യമായി ഒരു ഐഫോൺ പോലെയാണെന്നും 90 വർഷം മുമ്പ് തന്നെ മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെന്നതിന് തെളിവാണെന്നും തമാശ കലർന്ന പ്രതികരണങ്ങളുമായി രംഗത്തെത്തി. അതേസമയം മറ്റുചിലർ ഇതിനെ ‘ടൈം ട്രാവലിന്‍റെ തെളിവ്’ എന്നും വിശേഷിപ്പിച്ചു.

Scroll to load tweet…

കൈക്കണ്ണാടി

എന്നാൽ ചിത്രത്തെ സൂക്ഷ്മമായി നോക്കുമ്പോൾ വസ്തു സ്മാർട്ട് ഫോൺ ആണെന്നതിന് തെളിവില്ല. അക്കാലത്ത് സാധാരണയായി ഉപയോഗിച്ചിരുന്ന കൈക്കണ്ണാടി (hand mirror) ആയിരിക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നു. മറ്റുചിലർ അത് ചെറിയ ആയുധമോ പുസ്തകമോ ആയിരിക്കാമെന്ന അഭിപ്രായക്കാരാണ്. ഇതാദ്യമായല്ല ഈ പെയിൻറിംഗ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വൈറലാകുന്നത്. മുമ്പും ഇതേ ചിത്രം റെഡ്ഡിറ്റിൽ പ്രചരിച്ചതോടെ സമാനമായ ‘ടൈം ട്രാവൽ’ ചർച്ചകൾ ഉയർന്നിരുന്നു. ചരിത്രത്തിലെ ഒരു സാധാരണ വസ്തുവിനെ ഇന്നത്തെ സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്തതാണ് പുതിയ വൈറൽ ചർച്ചയ്ക്കും പ്രധാന കാരണം.