വെടിയേറ്റ്‌ മരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ ശവമഞ്ചം ചുമന്ന്‌ വിലാപയാത്രയില്‍ പങ്കെടുത്ത്‌, ശവസംസ്‌കാര ചടങ്ങുകളിലെ സ്‌ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച പരമ്പരാഗത കാഴ്‌ച്ചപ്പാടുകളെ വെല്ലുവിളിച്ചിരിക്കുകയാണ്‌ ബിജെപി എംപി സ്‌മൃതി ഇറാനി. ഹൈന്ദവവിശ്വാസ പ്രകാരം ശവമഞ്ചം ചുമക്കാന്‍ സ്‌ത്രീകള്‍ക്ക്‌ അനുമതിയില്ല.

അമേഠിയിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ നേതൃത്വം നല്‍കിയ സുരേന്ദ്രസിംഗിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ നിറസാന്നിധ്യമായിരുന്നു സ്‌മൃതി. അന്ത്യകര്‍മ്മങ്ങള്‍ക്ക്‌ ശേഷം ശ്‌മശാനത്തിലേക്ക്‌ വിലാപയാത്ര പുറപ്പെട്ടപ്പോള്‍ ശവമഞ്ചം ചുമലിലേറ്റിയ നാല്‌ പേരില്‍ ഒരാള്‍ സ്‌മൃതി ആയിരുന്നു. ഇത്‌ മതാചാരപ്രകാരം അനുവദനീയമായ കാര്യമല്ല. 

Read Also: ബിജെപി പ്രവര്‍ത്തകന്റെ ശവമഞ്ചം ചുമന്ന്‌ സ്‌മൃതി ഇറാനി; വീഡിയോ

കാലങ്ങളായി തുടര്‍ന്നുപോരുന്ന ആചാരപ്രകാരം സംസ്‌കാര ചടങ്ങുകളിലും ശവദാഹത്തിലും പുരുഷന്മാര്‍ക്കാണ്‌ മേല്‍ക്കൈ അനുവദിച്ചുനല്‍കിയിട്ടുള്ളത്‌. മരിച്ചുപോയ ഉറ്റവര്‍ക്ക്‌ വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യാനോ ചിതയ്‌ക്ക്‌ തീ കൊളുത്താനോ സ്‌ത്രീകളെ അനുവദിക്കാറില്ല. കുറച്ചുകാലം മുമ്പ്‌ വരെ ശവദാഹം നടക്കുന്ന സ്ഥലത്തേക്ക്‌ അനുഗമിക്കാനുള്ള അനുവാദം പോലും സ്‌ത്രീകള്‍ക്കുണ്ടായിരുന്നില്ല എന്നാണ്‌ ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ പറയുന്നത്‌.

അങ്ങനെയുള്ള മാമൂലുകളെ ചോദ്യം ചെയ്‌ത്‌ മാതാപിതാക്കള്‍ക്ക്‌ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുകയും അവരുടെ ചിതയ്‌ക്ക്‌ തീ കൊളുത്തുകയും ചെയ്യുന്ന പെണ്‍മക്കളെ പാരമ്പര്യവാദികളായ പൊതുസമൂഹം ഒറ്റപ്പെടുത്തുകയാണ്‌ പതിവ്‌. സ്‌ത്രീ-പുരുഷ സമത്വം ഇക്കാര്യത്തില്‍ പ്രാവര്‍ത്തികമാകണമെന്ന ആവശ്യം പലപ്പോഴായി ഉയര്‍ന്നിട്ടുണ്ടെങ്കിലും വിഷയം പരിഗണിക്കാന്‍ പോലും പല മതസമൂഹങ്ങളും തയ്യാറായിട്ടില്ല.

ഇത്തരമൊരു സാഹചര്യത്തിലാണ്‌ വിശ്വാസങ്ങളെ വെല്ലുവിളിച്ചുകൊണ്ട്‌ ഒരു പാര്‍ട്ടിപ്രവര്‍ത്തകന്റെ ശവമഞ്ചം ചുമലിലേറ്റി സ്‌മൃതി രാജ്യത്തിനാകെ മാതൃകയായിരിക്കുന്നത്‌.