Asianet News MalayalamAsianet News Malayalam

ജോലിചെയ്യാതെ ഒരു കോടി പ്രതിവര്‍ഷ ശമ്പളം, കമ്പനിക്കെതിരെ ജീവനക്കാരന്‍ കോടതിയില്‍

ഒരു ജോലിയുമില്ലാതെ വെറുതെയിരിക്കുന്നതിന് ഇദ്ദേഹത്തിന് ആ കമ്പനി പ്രതിവര്‍ഷം നല്‍കുന്ന ശമ്പളം എത്രയെന്ന് കൂടി അറിയണം-105,000 പൗണ്ട്. അതായത് 1.03 കോടി ഇന്ത്യന്‍ രൂപ! 

Irish Rail employee sues bosses to make him do nothing
Author
First Published Dec 5, 2022, 6:19 PM IST

ജോലിഭാരം കൂടിപ്പോയി എന്ന് പരാതി പറയുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. ജോലി ഒന്നും ചെയ്യാതെ വെറുതെയിരുന്ന് ശമ്പളം മാത്രം വാങ്ങാന്‍ കഴിയുന്ന ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ എന്ന് ജീവിതത്തില്‍ ഒരു തവണയെങ്കിലും ആഗ്രഹിക്കാത്തവരും ഉണ്ടാകില്ല. എന്നാല്‍ അങ്ങനെയൊരു ജോലി കിട്ടിയ ഒരു ഡബ്ലിന്‍ സ്വദേശി തന്റെ കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. ചെയ്ത് തീര്‍ക്കാന്‍ പ്രത്യേകിച്ച് ജോലികളൊന്നും നല്‍കാതെ മേലുദ്യോഗസ്ഥര്‍ തന്നെ ഒതുക്കി എന്നാണ് അദ്ദേഹത്തിന്റെ പരാതി. ഒരു ജോലിയുമില്ലാതെ വെറുതെയിരിക്കുന്നതിന് ഇദ്ദേഹത്തിന് ആ കമ്പനി പ്രതിവര്‍ഷം നല്‍കുന്ന ശമ്പളം എത്രയെന്ന് കൂടി അറിയണം-105,000 പൗണ്ട്. അതായത് 1.03 കോടി ഇന്ത്യന്‍ രൂപ! 

ഡബ്ലിനിലെ  ഐറിഷ് റെയില്‍ കമ്പനിയിലാണ് സംഭവം. അവിടെ, ഫിനാന്‍സ് മാനേജരായ ഡെര്‍മോട്ട് അലസ്റ്റര്‍ മില്‍സ് ആണ് തനിക്ക് ജോലി ഒന്നും നല്‍കാത്തതിന് മേല്‍ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തത്. കമ്പനിയിലെ ക്രമരഹിതമായ അക്കൗണ്ടിംഗ് പ്രശ്നങ്ങള്‍ പുറത്തു കൊണ്ടു വന്നതിനെ തുടര്‍ന്നാണ് കമ്പനി തനിക്ക് ജോലി ഒന്നും നല്‍കാത്തത് എന്നാണ് ഇദ്ദേഹത്തിന്റെ പരാതി. ചെയ്യാന്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിനാല്‍ തനിക്കിപ്പോള്‍ വല്ലാതെ ബോറടിക്കുന്നു എന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഇയാള്‍ പറയുന്നു. ഓഫീസില്‍ എത്തിയാല്‍ പത്രം വായിക്കാനും സാന്‍വിച്ച് കഴിക്കാനും മാത്രമാണ് താനിപ്പോള്‍ സമയം ചിലവഴിക്കുന്നത് എന്നും ഇയാള്‍ പറയുന്നു.

രണ്ടുദിവസം ഓഫീസിലും മൂന്നുദിവസം വീട്ടിലുമായാണ് ഇപ്പോള്‍ മില്‍സ് ജോലി ചെയ്യുന്നത്. എന്നാല്‍ എവിടെയാണെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട യാതൊരു ജോലിയും തനിക്ക് ചെയ്തു തീര്‍ക്കാന്‍ ഇല്ല എന്നാണ് ഇദ്ദേഹത്തിന്റെ പരാതി. രാവിലെ 10 മണിക്കാണ് താന്‍ ഓഫീസില്‍ എത്താറുള്ളതെന്നും വരുമ്പോള്‍ ആ ദിവസത്തെ രണ്ടു പത്രങ്ങളും ഒരു സാന്‍വിച്ചും വാങ്ങിയാണ് ക്യാബിന് ഉള്ളിലേക്ക് പോകുന്നതെന്നും ഇദ്ദേഹം പറയുന്നു. ക്യാബിനില്‍ കയറി കമ്പ്യൂട്ടര്‍ തുറന്നു മെയില്‍ ചെക്ക് ചെയ്യും. കമ്പനിയുമായി ബന്ധപ്പെട്ട ഒരു മെയിലുകളും വന്നിട്ടുണ്ടാകില്ല. അപ്പോള്‍ താന്‍ പതിയെ പത്രം വായിച്ചു തുടങ്ങും. ഇതിനിടയിലുള്ള ഇടവേളയില്‍ സാന്‍വിച്ച് കഴിച്ച് തീര്‍ക്കുകയും അല്‍പസമയം ക്യാബിനുളിലൂടെ നടക്കുകയും ചെയ്യും. പിന്നീട് ഉച്ചഭക്ഷണത്തിന് പോയി തിരികെ വന്ന് മെയില്‍ ചെക്ക് ചെയ്യുമ്പോഴും മെയില്‍ വന്നിട്ടുണ്ടാകില്ല. ചെയ്തുതീര്‍ക്കാന്‍ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തതിനാല്‍ മൂന്നുമണിയോടെ താന്‍ വീട്ടിലേക്ക് പോകുമെന്നും മില്‍സ് പറയുന്നു. 

ഒന്നും ചെയ്യാതിരുന്ന്  ബോറടിക്കുന്നുണ്ടെന്നും തന്റെ കഴിവുകള്‍ നശിച്ചു പോകുകയാണ് എന്നുമാണ് മില്‍സ്  വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കമീഷന്‍ മില്‍സിനെ ഹിയറിംഗിനെ വിളിച്ചു. അടുത്ത ഹിയറിംഗ് അടുത്ത ആഴ്ച നടക്കും.  
 

Follow Us:
Download App:
  • android
  • ios