മാര്‍ച്ച് 24 -നാണ് ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. ആ സമയത്ത് ഡെല്‍ഹിയിലെ ഡെപ്യൂട്ടി ഇന്‍കം ടാക്സ് കമ്മീഷണറായിരുന്ന ഡോ. ഭഗീരഥ് മണ്ഡയെ അലട്ടിയത് പാവപ്പെട്ട കര്‍ഷകരും കൂലിത്തൊഴിലാളികളും ഈ ദിവസങ്ങളെ എങ്ങനെ അതിജീവിക്കും എന്നതായിരുന്നു. ഭഗീരഥിന്റെ അച്ഛനുമമ്മയും വളരെ സാധാരണക്കാരായ കൃഷിക്കാരായിരുന്നു. അതുകൊണ്ട് തന്നെ ആ അവസ്ഥയെ കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാല്‍, എന്തുചെയ്യുമെന്ന് അദ്ദേഹം ആലോചിക്കുമ്പോഴേക്കുതന്നെ അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ അതിനേക്കാൾ വലിയൊരു തീരുമാനത്തിലെത്തിയിരുന്നു. ജോധ്പൂരിലെ എണ്‍പതോളം ഗ്രാമങ്ങളില്‍ ഭക്ഷണമെത്തിക്കുന്നതിനെ കുറിച്ച് അവർ അപ്പോഴേക്കും ആലോചിച്ചുറപ്പിച്ചിരുന്നു. 

ഭഗീരഥിന്‍റെ മാതാപിതാക്കളായ മുന്നി ദേവിയും പബുറാം മണ്ഡയും ജോധ്പൂരിലാണ് ജീവിച്ചിരുന്നത്. കൃഷിയായിരുന്നു അവരുടെ വരുമാനമാര്‍ഗം. സാധാരണക്കാരായ ആ ദമ്പതികള്‍ കൃഷിയിൽനിന്നും കിട്ടുന്നതില്‍നിന്നും സ്വരൂക്കൂട്ടി വെച്ചുവെച്ചാണ് ഭഗീരഥിനെയടക്കം ഇങ്ങനെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ചത്. 

“എന്നാൽ, COVID-19 പ്രതിസന്ധി രൂക്ഷമായി, നിരാലംബരായ ഗ്രാമീണ ജനതയെ പട്ടിണിയുടെ വക്കിലെത്തിച്ചപ്പോൾ, എന്റെ മാതാപിതാക്കൾ അവരുടെ ജീവിത സമ്പാദ്യം മുഴുവൻ ആ നിസ്സഹായരായ മനുഷ്യര്‍ക്കുവേണ്ടി ചെലവഴിക്കാൻ ഒരു നിമിഷം പോലും മടിച്ചില്ല” എന്ന് ഭഗീരഥ് പറയുന്നു. തുടർന്ന്, പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ, ഡോ. മണ്ഡയും കുടുംബവും 80 ഗ്രാമങ്ങളിലായി ഏറ്റവും ദുരിതത്തിലായ കുടുംബങ്ങളെ തിരിച്ചറിഞ്ഞു. അവർക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് മനസിലാക്കി. 6,000 -ത്തോളം കുടുംബങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാന്‍ അവര്‍ ഒരുങ്ങി. 

ഏപ്രിൽ അഞ്ച് മുതൽ റേഷൻ വിതരണം ആരംഭിച്ചു, ഇതുവരെ 25 ഗ്രാമങ്ങളിലായി 2,200 റേഷൻ കിറ്റുകൾ വിതരണം ചെയ്തു. ഓരോ കിറ്റിലും 10 കിലോ ആട്ട, ഒരു കിലോ പയർ, ഒരു ലിറ്റർ പാചക എണ്ണ, ബിസ്കറ്റ് പാക്കറ്റുകൾ, മഞ്ഞൾ, മുളക്, മല്ലി, സോപ്പുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ജില്ലയിലുടനീളമുള്ള വൻകിട വിതരണക്കാർ വഴിയാണ് ഇവ വാങ്ങുന്നത്.

 

താനിതില്‍ വളരെ കുറച്ചേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. എല്ലാം ചെയ്യുന്നത് അമ്മയും അച്ഛനും തന്‍റെ സഹോദരനും ചേര്‍ന്നാണെന്ന് ഡോ. മണ്ഡ പറയുന്നു. ആവശ്യക്കാര്‍ക്ക് കൃത്യമായി സാധനങ്ങള്‍ വിതരണം ചെയ്യുന്നു. എത്താനാവാത്ത പ്രായമായവര്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ അവ വീട്ടിലെത്തിച്ചു കൊടുക്കുന്നു. ഈ വിതരണത്തിനിടയില്‍ കൃത്യമായി എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്ന് മണ്ഡ ഉറപ്പു വരുത്തുന്നു. ഹാന്‍ഡ് സാനിറ്റൈസര്‍, മാസ്ക് എന്നിവ ഉപയോഗിക്കുന്നുണ്ടോ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്നെല്ലാം ഉറപ്പുവരുത്തുന്നു. 

ഇതിനിടെ ഡോ. മണ്ഡ ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ എളിയ കര്‍ഷകരായ എന്‍റെ മാതാപിതാക്കള്‍ ചെയ്തത് ഉയര്‍ത്തിക്കാണിക്കണം എന്നുതന്നെ ഞാന്‍ കരുതുന്നു. മറ്റുള്ളവര്‍ക്കും ഇങ്ങനെ ചെയ്യാനുള്ള പ്രോത്സാഹനവും പ്രചോദനവുമായി അത് മാറട്ടെയെന്നുമാണ് മണ്ഡ കുറിച്ചത്.