Asianet News MalayalamAsianet News Malayalam

'ആശാ വർക്കർമാർ' എന്ന ആരോഗ്യരംഗത്തെ കാലാൾപ്പടയോട് രാജ്യം കാണിക്കുന്നത് നെറികേടോ?

എന്നാൽ പേരിൽ മാത്രമേയുള്ളു പ്രതീക്ഷ, ബാക്കിയെല്ലാം 'ശോക'മാണ് എന്നതാണ് ആശാവർക്കർമാരുടെ കാര്യത്തിലെ യാഥാർഥ്യം.

Is the nation treating its health warriors the ASHA workers with dignity?
Author
India, First Published Apr 9, 2020, 10:41 AM IST

'അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്' എന്നതിന്റെ ചുരുക്കപ്പേരാണ് 'ആശ ' എന്നത്. 'ആശാ വർക്കർ' എന്ന സ്ഥാനപ്പേര് (designation) കേൾക്കാൻ നല്ല ചന്തമുണ്ട്. ആകെ പ്രതീക്ഷാനിർഭരമാണ് ആ പേര്. എന്നാൽ പേരിൽ മാത്രമേയുള്ളു പ്രതീക്ഷ, ബാക്കിയെല്ലാം 'ശോക'മാണ് എന്നതാണ് ആശാവർക്കർമാരുടെ കാര്യത്തിലെ യാഥാർത്ഥ്യം. തുച്ഛമായ വേതനത്തിൽ, ഭാരിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടി വരുന്ന അവർ ഇപ്പോൾ കൊവിഡ് ഭീതിയുടെ കാലത്ത് ശാരീരികമായ ആക്രമണങ്ങൾ അടക്കം പൊതുജനങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന ഗതികേടിൽ നിൽക്കുകയാണ്. 

മുമ്പും ആരോഗ്യപ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു ആശാ വർക്കർമാർ എങ്കിലും, കൊറോണാഭീതി കടുത്തതോടെയാണ് അവർ ആരോഗ്യരംഗത്തെ പോരാട്ടങ്ങളുടെ കുരുക്ഷേത്രഭൂമിയിലേക്ക് എത്തിപ്പെടുന്നത്. രാജ്യം ഒന്നടങ്കം ഇന്ന് കൊവിഡ് 19 -നെതിരായ കടുത്ത പോരാട്ടത്തിലാണ്. എന്തായാലും  അതിന്റെയൊക്കെ ഏറ്റവും മുന്നിൽ നിന്ന് പോരാടുന്നവരാണ് ആരോഗ്യവകുപ്പ് 'ആശാവർക്കർ' എന്ന പേരിട്ടു വിളിക്കുന്ന ഈ താത്കാലിക തൊഴിലാളികൾ. 

ആരാണ് ആശാ വർക്കർ ?

ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും സ്വതന്ത്രമായി നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യപ്രവർത്തകരാണ് ആശ (Accredited Social Health Activists - ASHA). 2005 -ൽ മൻമോഹൻ സിംഗ് സർക്കാരാണ് ഇങ്ങനെ ഒരു സങ്കൽപം കൊണ്ടുവരുന്നത്. ഏഴുവർഷത്തിനുള്ളിൽ ഇന്ത്യയിലെ എല്ലാ വില്ലേജിലും ഇങ്ങനെയുള്ള ആശാവർക്കർമാർ ഉണ്ടായിരിക്കണം എന്നതായിരുന്നു പദ്ധതി. രാജ്യത്തെമ്പാടുമായി ഇന്ന് ഏകദേശം ഒമ്പതു ലക്ഷത്തോളം ആശാ വർക്കർമാർ ഉണ്ടെന്നാണ് കണക്ക്. കേരളത്തിൽ ആയിരം പേർക്ക് ഒരു ആശാപ്രവർത്തക എന്നതാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിട്ടിരുന്നത്. സാധാരണയായി അതത് വില്ലേജിലെ 24-25 പ്രായപരിധിയിൽ‌പെട്ട ഒരു സ്ത്രീയെ ആണ് അവിടത്തെ ആശാപ്രവർത്തകയായി തിരഞ്ഞെടുക്കുന്നത്. 

എന്തൊക്കെയാണ് ആശാവർക്കറുടെ ഉത്തരവാദിത്തങ്ങൾ?

സർക്കാരിന്റെ ആരോഗ്യസംവിധാനത്തിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാ വർക്കർ എന്ന പദവിയുടെ സ്ഥാപിതലക്ഷ്യം. അതിനായി നിയമിക്കപ്പെടുന്ന സ്ത്രീകൾക്ക് മുഖ്യമായും എട്ടു ചുമതലകളാണുള്ളത്. അവ എല്ലാ മാസവും കൃത്യമായി നിറവേറ്റിയാൽ മാത്രമേ അവർക്ക് സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിമാസ ഓണറേറിയമായ 4500 രൂപ കിട്ടുകയുള്ളൂ. 

 

Is the nation treating its health warriors the ASHA workers with dignity?

 

ആ ചുമതലകൾ ഇനി പറയുന്നവയാണ്. വാർഡ് ആരോഗ്യ റിപ്പോർട്ട് തയ്യാറാക്കണം. വാർഡ് ആരോഗ്യ റിപ്പോർട്ട് എന്നത് ആ വാർഡിന്റെ സമ്പൂർണ്ണമായ ആരോഗ്യസ്ഥിതി പ്രതിഫലിക്കുന്ന ഒന്നാണ്. അതായത്, വാർഡിൽ എന്തെങ്കിലും പകർച്ച വ്യാധികളുണ്ടോ? എവിടെയെങ്കിലും വെള്ളക്കെട്ടുണ്ടോ? ശുചീകരണ പ്രശ്നങ്ങൾ ഉണ്ടോ? എവിടെയെങ്കിലും മലിന ജലം കെട്ടിക്കിടന്ന് കൊതുകു വളരാനുള്ള സാഹചര്യമുണ്ടോ? എന്നിങ്ങനെ ആ വാർഡിന്റെ ആരോഗ്യത്തെ ബാധിക്കുന്ന റോ മാസവും അവലോകനം ചെയ്ത് തത്സമയത്തെ സ്ഥിതി പ്രതിഫലിക്കുന്നതാകണം ആ റിപ്പോർട്ട്. അത് തയ്യാറാക്കിയാൽ മാത്രമേ 500 രൂപ കിട്ടൂ. അതിനു പുറമെ വാർഡ് കൗൺസിലറുമായ സഹകരിച്ചുകൊണ്ട് എല്ലാമാസവും ഒരു വാർഡ് അവലോകന യോഗം നടത്തണം, അതിനാണ് അടുത്ത 500 രൂപ. പിന്നെ ഒരു 500 രൂപ സബ് സെന്റർ തലത്തിൽ യോഗത്തിൽ പങ്കെടുക്കുന്നതിനാണ്. പഞ്ചായത്ത് തലത്തിൽ അവലോകന യോഗം നടത്തുന്നതിന് ഒരു 500 രൂപ, ആർദ്രം മിഷന്റെ ഡ്യൂട്ടി രണ്ടെണ്ണം ചെയ്‌താൽ 500  രൂപ വെച്ച് ആകെ 1000, പിന്നെ മാസം  പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് 500 രൂപ , പാലിയേറ്റിവ് കെയർ ടീമിന്റെ കൂടെ പോയി ഡ്യൂട്ടി എടുക്കുന്നതിന് 500, പ്രദേശത്തെ സ്ത്രീകൾക്ക് അംഗൻവാടിയിൽ ബോധവൽക്കരണ ക്‌ളാസെടുകുന്നതിന് 500 രൂപ എന്നിങ്ങനെയാണ് 4500/- രൂപ മാസം ഓണറേറിയം കണക്കിന് കൈപ്പറ്റാൻ അവർക്ക് സാധിക്കുക. 

പിന്നെ വേതനത്തിന്റെ ഭാഗമായുള്ള മറ്റൊരു 2000  രൂപ രണ്ടായിട്ടാണ് വരുന്നത് 50  വീട് ഒരു മാസം കവർ ചെയ്ത വേണ്ടത് ചെയ്യുന്നു എന്നതിന് ഡയറിയിൽ ആ വീട്ടുകാരുടെ ഒപ്പിടുകൂടിയ സ്ഥിരീകരണമുണ്ടെങ്കിൽ, അതിൽ ആയിരം രൂപ നൽകും. പിന്നെ, ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള 20 വീട് സന്ദർശിച്ച് അവിടത്തെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്നതിന് 500 രൂപ മാസം, ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുള്ള  20  വീടുകൾ മുടങ്ങാതെ സന്ദർശിച്ച് അവിടത്തെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന് മറ്റൊരു 500 രൂപ. ഇത്രയും കാര്യങ്ങൾ ചെയ്തു എന്ന് അധികൃതർക്ക് ബോധ്യം വരുമ്പോഴാണ് അവർക്ക് 6500/- പ്രതിമാസം കിട്ടുന്നത്.   

 

Is the nation treating its health warriors the ASHA workers with dignity?

 

മാതൃശിശു സംരക്ഷണം ഉറപ്പാക്കുക,പ്രാഥമിക വൈദ്യസഹായം എത്തിച്ചുകൊടുക്കുക, പകർച്ചവ്യാധി പകരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കുക, ജീവിതശൈലീരോഗങ്ങൾ തടയുന്നതിന് സമൂഹത്തെ സജ്ജമാക്കുക എന്നിങ്ങനെ 43 വ്യത്യസ്ത ചുമതലകൾ ഒരു ആശാ വർക്കാരിന്റെതായിട്ടുണ്ട്. ഓരോന്നിനും വ്യത്യസ്തമായ വേതനനിരക്കുകളും നിജപ്പെടുത്തിയിട്ടുണ്ട് കേന്ദ്രം. പൾസ്‌ പോളിയോയ്ക്ക് മരുന്ന് നൽകാൻ ഇരുന്നാൽ ഒരു ദിവസം കിട്ടുക 75 രൂപയാണ്. പ്രസവം ആശുപത്രി മുഖേന നടത്താൻ പ്രേരിപ്പിക്കുന്നതിന് 400  രൂപ, ഒരു സ്ത്രീയുടെ പ്രസവം നിർത്തൽ ശസ്ത്രക്രിയ നടത്തുന്നതിന് മുൻകൈ എടുത്താൽ 150  രൂപ എന്നിങ്ങനെ നൽകുന്നുണ്ട് സർക്കാർ. എന്നാൽ ആശാ വർക്കറിന് ഓണറേറിയം ഉറപ്പിക്കാൻ വേണ്ടി നടത്തേണ്ട ചുരുങ്ങിയ പ്രവൃത്തികൾ നടത്താൻ തന്നെ ഡ്യൂട്ടി സമയം തികയാറില്ല. അത്രയ്ക്ക് ജോലിയും, അനുബന്ധ കടലാസുപണികളുമുണ്ട്.

ആശാവർക്കർമാർ നേരിടുന്ന വെല്ലുവിളികൾ 

പലപ്പോഴും വീടുകളിൽ നിന്ന് ജോലി സ്ഥലത്തേക്കും, ജോലിയുടെ ഭാഗമായി വീടുകൾ തോറും കയറിയിറങ്ങിയും ഒക്കെ നിരന്തരം യാത്രകൾ നടത്തേണ്ടി വരുന്നുണ്ട് അവർക്ക്. എന്നിട്ടും അവർക്ക് യാതൊരു വിധത്തിലുള്ള യാത്രാബത്തയും അനുവദിച്ചു കിട്ടുന്നില്ല എന്നത് അവരുടെ വരുമാനത്തെ ബാധിക്കുന്നു. ജോലിയുടെ ഭാഗമായ സർവേകൾ  നടത്തേണ്ട വീടുകൾ ഒരു നിശ്ചിത ചുറ്റളവിനുള്ളിൽ ആണെങ്കിൽ കുഴപ്പമില്ല, താരതമ്യേന എളുപ്പത്തിൽ കാര്യങ്ങൾ നടക്കും. എന്നാൽ, പ്ലൈയടത്തും പലപ്പോഴും പല വീടുകളും വിട്ടുവിട്ടായിരിക്കും. പല വീടുകളിലേക്കും കൃത്യമായ വഴിയും ഉണ്ടായിരിക്കില്ല. കാടും മേടും മുള്ളും പൊന്തയും ഒക്കെ കയറിയിറങ്ങി കിലോമീറ്ററുകൾ നടന്നു വേണം അവിടെയൊക്കെ ചെന്നെത്താൻ. അത് കടുത്ത ഒരു അദ്ധ്വാനം തന്നെയാണ് പലപ്പോഴും. 

 

Is the nation treating its health warriors the ASHA workers with dignity?

 

മിനിമം വേജസ് അനുവദിച്ചു കിട്ടാൻ വേണ്ടി രാജ്യമെമ്പാടുമുള്ള ആശാ വർക്കർമാർ നിരവധി തവണ സമരങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അന്നൊക്കെ അവർക്കു നൽകപ്പെട്ട വാഗ്ദാനങ്ങൾ ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ല. 2018 -ൽ നരേന്ദ്ര മോദിയും, 2019 -ൽ പിയുഷ് ഗോയലും ആശാവർക്കർമാരുടെ ഓണറേറിയത്തിൽ 50 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചെങ്കിലും, അത് കടലാസ്സിൽ തന്നെ ഒതുങ്ങുകയാണ് ഉണ്ടായത്. ആകെ 500 രൂപയാണ് ബജറ്റിൽ അവർക്ക് വർധിപ്പിച്ച നൽകിയത്. വാഗ്ദാനം ചെയ്ത വർദ്ധനവ് പോട്ടെ, കിട്ടേണ്ട വേതനം അതതുമാസം കിട്ടിയാൽ തന്നെ വലിയ കാര്യം എന്നാണ് അവർ പറയുന്നത്. ആശാ വർക്കർമാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം, ഏപ്രിൽ ആയിട്ടും പൂർണമായും കൊടുത്തു തീർത്തിട്ടില്ല പല സംസ്ഥാനങ്ങളും. ഇനി എത്രകാലം ഇങ്ങനെ വെയിലും കൊണ്ട് വീടുകൾ കയറിയിറങ്ങാനാവും എന്നറിയാത്തതുകൊണ്ട്, ചുരുങ്ങിയ ഒരു തുകയെങ്കിലും പെൻഷനായി അനുവദിച്ചു കിട്ടിയിരുന്നെങ്കിൽ എന്നും ആശാ വർക്കർമാർ ആഗ്രഹിക്കുന്നുണ്ട്. 

ആശാവർക്കർമാരോളം തന്നെ പ്രയാസം അനുഭവിക്കുന്ന ജെപിഎച്ച്എൻമാർ

ആശാവർക്കർമാരെ എല്ലാവരും അറിയും, അവർക്കുവേണ്ടി സംസാരിക്കാൻ ആളുണ്ട്. എന്നാൽ, ഇന്നാട്ടിൽ ഇങ്ങനെ ചിലർ കഷ്ടപ്പെടുന്നുണ്ട് എന്ന് പലർക്കും അറിയുകയില്ല. അവരുടെ പേരാണ് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് അഥവാ ജെപിഎച്ച്എൻമാർ. അവരെ പിഎസ്‌സി വഴി താത്കാലികാടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് നിയമിക്കുന്നത്. ആരോഗ്യവകുപ്പിനും ആശാവർക്കർമാർക്കും ഇടയിലുള്ള കണ്ണിയാണ് തുച്ഛമായ ശമ്പളത്തിൽ പ്രവർത്തിക്കുന്ന ഈ  ജെപിഎച്ച്എൻമാർ. ഓരോരുത്തരും നാലോ അതിൽ കൂടുതലോ ആശാവർക്കർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലയുളളവരാണ്. ആരോഗ്യവകുപ്പിൽ നിന്ന് അതാത് വാർഡുകളുടെ ആരോഗ്യത്തെപ്പറ്റിയുള്ള, സർക്കാർ ആരോഗ്യപദ്ധതികളുടെ നടത്തിപ്പിനെപ്പറ്റിയുള്ള എന്ത് സ്ഥിതിവിവരവും ചോദിക്കുന്ന നിമിഷം നൽകാൻ ചുമതലയുള്ളവർ. ആശാ വർക്കർമാർ അവരുടെ പണി കൃത്യമായി ചെയ്യുന്നുണ്ട് എന്നുറപ്പിക്കേണ്ടവർ. അതിനായി പലപ്പോഴും ഈ ആശാ വർക്കർമാർക്കൊപ്പം വെയിലും കൊണ്ട്  വീടുകൾ തോറും കയറിയിറങ്ങി നടക്കേണ്ടവർ. അവർക്കും കടുത്ത അവഗണനയാണ് ആനുകൂല്യങ്ങളുടെ കാര്യത്തിൽ സർക്കാരുകളിൽ നിന്ന് നേരിടേണ്ടി വരുന്നത്. 

ആശാ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷമുണ്ടായ പുരോഗതി 

ജനങ്ങൾ ആരോഗ്യവകുപ്പിന്റെ ആശ്രയിക്കുന്നത് കൂടി എന്നതാണ് പ്രധാനമായും ഉണ്ടായ മാറ്റം. പുണെ കേന്ദ്രീകരിച്ച് നടന്ന ഒരു പഠനം (Abhay Mane of the Pune Medical College titled Primary Health Care in 2014)  പറയുന്നത് ബീഹാർ, മധ്യപ്രദേശ്, ഒറീസ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ആശുപത്രിപ്രസവങ്ങളിൽ ആശാ വർക്കർമാരുടെ വരവോടെ 43 ശതമാനം വർധനവുണ്ടായി എന്നാണ്. രാജ്യത്തെ പ്രതിരോധ കുത്തിവെപ്പുകളുടെ കവറേജിലും കാര്യമായ പുരോഗതിയുണ്ടായി എന്നാണ് പഠനം പറയുന്നത്. ഏറ്റവും വലിയ പുരോഗതി ദൃശ്യമായത് പോഷകാഹാരക്കുറവിനെതിരായുള്ള പോരാട്ടത്തിലാണ്. വീടുകൾ തോറും കയറിയിറങ്ങി ഈ ആശാ വർക്കർമാർ നടത്തുന്ന സർവേകളിലൂടെ വേണ്ടത്ര പോഷണം കിട്ടാതെ വലയുന്ന കുഞ്ഞുങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ആരോഗ്യവകുപ്പിന് കിട്ടുകയും അവർ അതിന്മേൽ വേണ്ട നടപടികൾ സ്വീകരിക്കയുമുണ്ടായി.

ഇപ്പോൾ നിലവിലുള്ളത് ആരോഗ്യ അടിയന്തരാവസ്ഥ 

"നാട്ടിൽ യുദ്ധസമാനമായ സാഹചര്യമാണുള്ളത്. യുദ്ധമുണ്ടാകുമ്പോൾ, അതിർത്തിയിൽ സൈനികരാണ് പോരാട്ടം നയിക്കുന്നത്. കൊറോണയ്ക്കെതിരായ പോരാട്ടത്തിലെ കാലാൾപ്പട ഞങ്ങളാണ്. ഏറ്റവും ആദ്യം പരിക്കേൽക്കുന്നവരും ഞങ്ങൾ തന്നെ." വട്ടിയൂർക്കാവ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനിത എന്ന ആശാ വർക്കർ പറഞ്ഞു. ദിവസേന പത്തിരുപത്തഞ്ചു വീടുകൾ കയറിയിറങ്ങി സർവേ നടത്തണം. വീടുകളിൽ ആർക്കെങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കലാണ് ഈയടുത്ത് കിട്ടിയ പുതിയ പണി. ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കണം. 

Is the nation treating its health warriors the ASHA workers with dignity?

 

ഈ പാൻഡെമിക് കാലത്ത് സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടതിന്റെ ആവശ്യമെന്താണ്? എങ്ങനെ സുരക്ഷിതരായിരിക്കാം? ക്വാറന്റൈൻ കാലത്ത് പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ തുടങ്ങിയ ഹെൽത്ത് പ്രോട്ടോക്കോളുകൾ പൊതുജനങ്ങളെ പറഞ്ഞു മനസിലാക്കുക എന്ന ദുഷ്കര ദൗത്യമാണ് ആശാവർക്കേഴ്സിന്റെത്. പറയുന്ന അതേ കാര്യങ്ങൾ വിവരിക്കുന്ന ലഘുലേഖകളും ഇവർ വിതരണം ചെയേണ്ടതുണ്ട്.

കൊവിഡ് 19 -ന് ഒരു മഹാമാരിയുടെ പരിവേഷം കിട്ടും മുമ്പ് അതേപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ പോയിരുന്ന ആശാവർക്കർമാർക്ക് ഒരു വിധത്തിലുള്ള പരിരക്ഷയും ഉണ്ടായിരുന്നില്ല. പിന്നീട് ഇവർക്കിടയിൽ നിന്നുതന്നെ പരാതികൾ ഉയർന്ന ശേഷമാണ് വേണ്ട ക്രമീകരണങ്ങൾ ഉണ്ടായത്. ഇങ്ങനെ കൊവിഡ് ഡ്യൂട്ടിക്ക് പോകാൻ നിർബന്ധിതരാകുന്ന ആശാ വർക്കർമാർക്ക് വേണ്ട പ്രാഥമിക സുരക്ഷാ ഉപകരണങ്ങൾ പല സംസ്ഥാനങ്ങളും നൽകിയിട്ടില്ല ഇതുവരെ. ബിഹാറിൽ ഗ്ലൗസോ, സാനിറ്റൈസറോ, മാസ്‌കോ ഒന്നും വേണ്ടത്ര നല്കാതിരുന്നതുകൊണ്ട് ആശാവർക്കർമാർ തുടക്കത്തിൽ ഡ്യൂട്ടിക്കിറങ്ങാൻ വിസമ്മതിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ കേരളം, കർണാടകം എന്നവിടങ്ങളിൽ ഇക്കാര്യം വളരെ മെച്ചമാണ്. വേണ്ടത്ര സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നടപടിയുണ്ടായിട്ടുണ്ട്. 

തുടർക്കഥയാകുന്ന ആക്രമണങ്ങൾ 

മാർച്ച് 24 -ന് ആരോഗ്യവകുപ്പ് കൊവിഡ് 19 -നെ നേരിടാൻ വേണ്ടി ഒരു മൈക്രോ പ്ലാൻ തയ്യാറാക്കിയിരുന്നു. 3-5 കിലോമീറ്റർ പരിധിയുള്ള ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി, അവയെ അടച്ചുപൂട്ടി, അസുഖത്തെ അവിടെ ഒതുക്കി നിർത്തുക എന്നതാണ് ഈ പ്ലാനിന്റെ ഉദ്ദേശ്യം.    ഏതെങ്കിലും കേസിൽ കൊവിഡ് പോസിറ്റീവ് ആണെന്നുള്ള സംശയം തോന്നിയാൽ വിവരം തത്സമയം ആരോഗ്യവകുപ്പിന്റെ അറിയിച്ച് വേണ്ട നടപടികൾ എടുപ്പിക്കേണ്ട ചുമതല ആശാ വർക്കറിന്റേതാണ്. വിദേശത്തുനിന്ന് ആരെങ്കിലും വന്നിട്ടുള്ളതായി ശ്രദ്ധയിൽ പെട്ടാലും അവർ ഈ കൊറോണക്കാലത്ത് ആരോഗ്യവകുപ്പിന്റെ അറിയിക്കണം അസുഖമുണ്ട് എന്ന് സ്ഥിരീകരിച്ചാൽ ഉണ്ടാകുന്ന ക്വാറന്റൈൻ ഐസൊലേഷൻ തൊല്ലകളും, സാമൂഹികമായി നേരിടേണ്ടി വരുന്ന ബഹിഷ്കരണ ഭീഷണിയും കാരണം പലപ്പോഴും ഇങ്ങനെയുള്ള വിവരങ്ങൾ കൈമാറുന്നതിന്റെ പേരിൽ ആശാവർക്കർമാർക്കു നേരെ ശാരീരികാക്രമണങ്ങൾ വരെ ഉണ്ടായിട്ടുണ്ട്, നമ്മുടെ കേരളത്തിൽ പോലും. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തുനിന്നുള്ള ആശാ വർക്കറായ ലിസിക്ക് വിദേശത്തു നിന്ന് ആയിടെ എത്തിയ ഒരു പ്രവാസിയെപ്പറ്റിയുള്ള വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചതിന്റെ പേരിൽ മർദ്ദനമേൽക്കേണ്ടി വന്നു. മറ്റുള്ള സംസ്ഥാനങ്ങളിൽ പല കാരണങ്ങളും പറഞ്ഞുകൊണ്ട് അവരെ പല തരത്തിലും ജനം ഒറ്റയ്ക്കും കൂട്ടമായും ആക്രമിച്ചുപോരുന്നുണ്ട്.

ഏപ്രിൽ രണ്ടാം തീയതി ബംഗളുരുവിലെ സാദിഖ് നഗറിൽ ഒരു ആശാ വർക്കർ അക്രമിക്കപ്പെട്ടിരുന്നു. കൊവിഡ് ബാധ സംശയിക്കപ്പെട്ട ഒരു രോഗിയ്ക്കുമേൽ നിരീക്ഷണം ഏർപ്പെടുത്തിയതിന്റെ പേരിലാണ് കൃഷ്ണവേണി എന്നുപേരായ ആശാവർക്കറെ ന്യൂനപക്ഷ സമുദായത്തിൽ പെട്ട ഒരു സംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചത്. അവരിൽ ആർക്കെങ്കിലും കൊവിഡ് ബാധ ഉണ്ടായിരുന്നുകാണുമോ എന്ന ഭയമാണ് ആക്രമണത്തിന്റെ അപമാനഭാരത്തെക്കാൾ കൃഷ്ണവേണിയെ അലട്ടുന്നത്. 

ഏപ്രിൽ ഏഴിന് യുപിയിലെ ഗോണ്ടയിൽ നിന്നും സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബീന യാദവ് എന്നുപേരുള്ള ഒരു ആശാ വർക്കർ ആണ് പരാതി നൽകിയത്. തന്നോട് ചിലർ അസഭ്യം പറഞ്ഞു എന്നും മോശമായി പെരുമാറിയെന്നും തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നുമാണ് ബീനയുടെ പരാതി. ഫോൺ തട്ടിപ്പറിച്ചു സംഘം തന്റെ കയ്യിലിരുന്ന ഔദ്യോഗിക രേഖകൾ വലിച്ചു കീറിക്കളഞ്ഞു എന്നും അവർ പരാതിപ്പെട്ടിരുന്നു . 

ആശാ വർക്കർമാർ ആരോഗ്യരംഗത്തെ 'ചാവേർ'പ്പടയോ ?

ചുരുങ്ങിയ വേതനത്തിൽ, ചെയ്‌താൽ തീരാത്തത്ര ജോലിഭാരവും പേറി, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ പോലും ലഭിക്കാതെ, തങ്ങളെ വളഞ്ഞിട്ടാക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ നടുവിലേക്ക് പൊലീസ് സംരക്ഷണം പോലുമില്ലാതെ നടന്നു ചെന്ന് വിവരങ്ങൾ ശേഖരിക്കുകയും, കൊവിഡ് സംക്രമിതർ എന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കുകയും അതിനിടയിലും തങ്ങളുടെ പതിവ് ജോലികൾ ചെയ്തു തീർക്കുകയും ഒക്കെ ചെയുന്ന തങ്ങൾ ഒരർത്ഥത്തിൽ ആരോഗ്യവകുപ്പിന്റെ ചാവേർപ്പടയാണ് എന്നുതന്നെ പറയാം എന്നാണ് ആശാ വർക്കർമാർ പറയുന്നത്.

അടുത്ത കാലത്ത് എൻആർസിയുമായി ബന്ധപ്പെട്ടും ആശാവർക്കർമാർക്കുനേരെ ആക്രമണങ്ങൾ നിരവധി ഇടങ്ങളിൽ ഉണ്ടായിരുന്നു. കേന്ദ്രസർക്കാർ എൻആർസി നടപ്പിലാക്കാൻ വേണ്ടി നിയോഗിച്ചിരിക്കുന്നു ചാരന്മാരാണ് ആശാവർക്കർമാർ, അംഗൻവാടി ആയമാർ എന്നൊക്കെയുള്ള രീതിയില്ല പ്രചാരണങ്ങളും, വാട്ട്സാപ്പ് അഭ്യൂഹങ്ങളുമാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്നത്.  കേരളത്തിൽ പോലും, പൊലീസിന്റെ ഭാഗത്തുനിന്ന് ലോക്ക് ഡൗൺ കാലത്ത് നിരന്തരം വേട്ടയാടൽ അനുഭവിക്കുന്നവരാണ് ആശാ വർക്കർമാർ. തങ്ങൾ ആശാ വർക്കർമാർ ആണെന്നും, ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് പോവുന്നത് എന്നും പറഞ്ഞവരോട് തലസ്ഥാനത്തെ പൊലീസ് ഒരിക്കൽ ചോദിച്ചത് "ദിവസേന ഇങ്ങനെ ഇറങ്ങി നടക്കുന്നത് എന്തിനാണ് ?" എന്നാണ്. 

വെല്ലുവിളികൾ നിരവധിയുണ്ടെങ്കിലും, കൊവിഡ് എന്ന മാരകമായ മഹാമാരിക്കെതിരായ പോരാട്ടത്തിൽ തോറ്റു പിന്മാറാൻ  എന്തായാലും ആശാ വർക്കർമാർ ഉദ്ദേശിച്ചിട്ടില്ല. തങ്ങളാൽ കഴിയുന്ന എന്ത് സേവനവും, അത് തങ്ങളുടെ ജീവൻ പണയം വെച്ചിട്ടായാലും, നാടിനു വേണ്ടി ചെയ്യുമെന്ന് അവരിൽ ഓരോരുത്തരും അടിവരയിട്ടു പറയുന്നുണ്ട്. ചുരുങ്ങിയ വേതനത്തിലും ഇങ്ങനെ തികഞ്ഞ അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കാൻ സന്നദ്ധരായ ആശാ വർക്കർമാരുടെ ഒരു വലിയ സംഘം കൊവിഡ് പോരാട്ടത്തിന്റെ മുന്നണിയിൽ ഉള്ളപ്പോൾ കൊറോണാ വൈറസിന്റെ തേരോട്ടം തടയാനാകും എന്നും, ഈ മഹാമാരിയെ നമ്മുടെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാനാകും എന്നുമുള്ള നിറഞ്ഞ 'ആശ' പൊതുജനങ്ങൾക്കും, സർക്കാരിനുമുണ്ട്. 

Follow Us:
Download App:
  • android
  • ios