കൊവിഡ് 19 പടര്‍ന്നു പിടിക്കുകയാണ്. പല രാജ്യങ്ങളും പലതും ചെയ്ത് എങ്ങനെ ഇതിന്‍റെ വ്യാപനം തടയാമെന്ന് നോക്കുകയാണ്. നമ്മുടെ രാജ്യവും അതേ. കൊവിഡ് 19 സാഹചര്യത്തില്‍ പലരും ഐസൊലേഷനിലാണ്. എന്നാല്‍, കാലങ്ങളായി ഐസൊലേഷനില്‍ തന്നെ കഴിയുന്ന ചില ഗ്രാമങ്ങളുണ്ട് ലോകത്ത് പല ഭാഗത്തുമായി. അതില്‍ കുറച്ച് സ്ഥലങ്ങളാണിത്. 

ഒമ്യാക്കോണ്‍, റഷ്യ

റഷ്യയിലെ ഒമ്യാക്കോണ്‍ സാഹസികര്‍ക്ക് പറ്റിയ ഇടമാണ്. കാരണം, ജനവാസമുണ്ടെങ്കില്‍ത്തന്നെയും ലോകത്തിലെ മറ്റെല്ലായിടങ്ങളില്‍ നിന്നും മാറി ഒറ്റപ്പെട്ട് നില്‍ക്കുന്നൊരിടമാണിത്. തുടര്‍ച്ചയായി ജനവാസമുള്ള ഗ്രഹത്തിലെ തന്നെ ഏറ്റവും തണുപ്പുള്ള സ്ഥലമാണിത്. ഇപ്പോള്‍ മനസിലായില്ലേ, എന്തുകൊണ്ടാണിത് ഒരു 'ഐസൊലേറ്റഡ്' ഇടമായി മാറിയതെന്ന്. ഇവിടത്തെ താപനില എത്രയാണെന്നറിയാമോ? മൈനസ് 58 ഡിഗ്രി. പക്ഷേ, കുടിക്കാനൊരിത്തിരി വെള്ളം പോലും ഇവിടെക്കിട്ടില്ല. കാരണം, എല്ലാം അത്രപെട്ടെന്ന് തന്നെ ഐസായി മാറുമെന്നത് തന്നെ. അതുകൊണ്ട്, കൃഷിയടക്കം ഒന്നും ഇവിടെ നടക്കില്ല. പകരം ആളുകള്‍ കഴിക്കുന്നത് ശീതീകരിച്ച മത്സ്യം, റെയിന്‍ ഡിയര്‍ മാംസം എന്നിവയൊക്കെയാണ്. മാത്രവുമല്ല, ഇവിടെ ദിവസത്തില്‍ 21 മണിക്കൂറും ഇരുട്ടാണ്. എന്നിട്ടും ഇവിടെ അഞ്ഞൂറിനടുത്ത് ആളുകള്‍ താമസിക്കുന്നുണ്ട് കേട്ടോ. 

കേപ് യോര്‍ക്ക് പെനിന്‍സുല, ഓസ്ട്രേലിയ 

ഓസ്‌ട്രേലിയയുടെ വടക്കേ അറ്റത്തുള്ള കേപ് യോർക്ക് ദ്വീപ് മനുഷ്യാരാരും അധികം ചെന്ന് അക്രമിച്ചിട്ടില്ലാത്ത ഒരിടമാണ്. എന്നിരുന്നാലും, കായിക വിനോദത്തിനായി മത്സ്യബന്ധനത്തിന് പോകാനുള്ള മികച്ച സ്ഥലമാണിത്. അഞ്ച് തദ്ദേശീയ സമുദായങ്ങളാണ് ഈ ഭൂമിയുടെ ഉടമസ്ഥര്‍. അവർ തന്നെയാണ് ഇവിടുത്തെ ടൂറിസം വ്യവസായവും കൈകാര്യം ചെയ്യുന്നത്.

 

കെയ്‌ൻസിൽ നിന്ന് ഏകദേശം 28 മണിക്കൂർ യാത്ര ചെയ്യണം കേപ് യോർക്കിലെത്താന്‍. ഫോര്‍വീലര്‍ വാടകയ്‌ക്കെടുക്കണം ഇവിടെയെത്തിച്ചേരണമെങ്കില്‍. 

ബാരോ, അലാസ്ക

അലാസ്കയിലെ ബാരോയിലേക്ക് റോഡുകളൊന്നുമില്ല, ഇവിടെയെത്തണമെങ്കില്‍ വിമാനത്തില്‍ ചെല്ലേണ്ടി വരും. എത്തിപ്പെടാന്‍ ഇത്രയധികം കഷ്ടപ്പെടേണ്ടി വരും എന്നതുപോലെ തന്നെയാണല്ലോ ഇവിടെയുള്ളവര്‍ക്ക് എന്തെങ്കിലും കിട്ടാന്‍ പുറത്തുപോകേണ്ടി വരുന്നതും. അതുകൊണ്ട് തന്നെ ഇവിടെ ജീവിതച്ചെലവ് വളരെ വളരെ കൂടുതലാണ്. ഒരു വളരെ ചെറിയ അളവ് പീനട്ട് ബട്ടറിന് തന്നെ ഇവിടെ ആയിരം രൂപയ്ക്കടുത്ത് വിലവരും. 

 

സിവ ഓയാസീസ് ഈജിപ്ത്

സിവ ഓയാസീസ് നേരത്തെ തന്നെ പ്രസിദ്ധമാണ്. എന്തിന്‍റെ പേരിലെന്നല്ലേ? ക്ലിയോപാട്രയുടെ ചരിത്രപരമായ കളത്തിന്‍റെ പേരില്‍... കഠിനമായ മരുഭൂമിയാണ് സിവ ഓയാസീസിന്‍റെ പ്രത്യേകത. എങ്ങും മരുഭൂമിയിലെ ചുടുകാറ്റും... അതുകൊണ്ട് തന്നെ ആരും ഇങ്ങോട്ടെത്തിച്ചേരാറുമില്ല. കൈറോയില്‍ നിന്നും അഞ്ച് മണിക്കൂര്‍ ബസില്‍ യാത്ര ചെയ്താലാണ് ഇവിടെയെത്താനാവുക. അവിടെയെത്തിച്ചേര്‍ന്നാലോ ചൂട് നീരുറവയിലെ കുളിയുണ്ട്. ചെളികൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ താമസിക്കാം. അങ്ങനെ പല കാര്യങ്ങളുണ്ട്. പക്ഷേ, ഈ മരുഭൂമിയേയും ചുടുകാറ്റിനേയും പേടിച്ച് ആരുമങ്ങോട്ട് ചെല്ലാറില്ലെന്ന് മാത്രം. അതുകൊണ്ടെന്താ, അവരുടെ തനതായ ഭാഷയും സംസ്കാരവുമെല്ലാം സംരക്ഷിക്കപ്പെടുന്നു. 

 

ലാറിന്‍ കോണ്ട, പെറു

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മനുഷ്യവാസകേന്ദ്രമാണ് ആന്‍ഡീസ് പര്‍വതത്തിന്‍റെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാറിന്‍ കോണ്ട. ഇവിടെ കാര്യമായി നടക്കുന്നത് സ്വര്‍ണ ഖനനമാണ്. ഇവിടെയെത്താന്‍ ശിരിക്കുമൊരു റോഡോ ഒന്നുമില്ല. എങ്കിലും ഇവിടെ അയ്യായിരത്തോളം പേര്‍ താമസിക്കുന്നുണ്ട്. അവരെല്ലാം വളരെ ദരിദ്രരും യാതൊരുവിധ സൌകര്യങ്ങളുമില്ലാതെ കഴിയുന്നവരുമാണ്. സാധാരണക്കാരനായ ഒരാള്‍ക്ക് അത്രയെളുപ്പത്തിലൊന്നും ഇവിടെയെത്താനാവില്ല. ശരീരം അതിന് അനുവദിക്കില്ല എന്നതാണ് സത്യം. 

 

ഇ സ്ഥലങ്ങളെല്ലാം ഐസൊലേഷനിൽ കഴിയുന്നത് അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടാണ്. അതുകൊണ്ടുതന്നെ മനുഷ്യർ കണ്ടമാനം ഇങ്ങോട്ടൊന്നും കയറിച്ചെല്ലുന്നുമില്ല. ഇത്തരം ഒറ്റപ്പെട്ടു കിടക്കുന്ന പല സ്ഥലങ്ങളിലേക്കും വളരെ സാഹസികരായ ആളുകൾ മാത്രമാണ് ചെന്നെത്താറ്.