പ്രതിമ മോഷണം പോയെങ്കിലും പ്രതിഷേധം ഭയന്ന മോഷ്ടാവ് രാത്രിക്ക് രാത്രി പ്രതിമ യഥാസ്ഥാനത്ത് കൊണ്ടു വച്ചു.
പൂച്ചകളോടുള്ള സ്നേഹത്തിന് പേരുകേട്ട നഗരമാണ് ഇസ്താംബൂൾ. ആ സ്നേഹബന്ധം കൊണ്ട് തന്നെ ഈ നഗരം 'പൂച്ചകളുടെ നഗരം' (City of Cats) എന്നാണ് അറിയപ്പെടുന്നത്. നഗരത്തിന് ഏറ്റവും പ്രിയങ്കരിയായ ഒരു പൂച്ചയായിരുന്നു ടോംബിലി (Tombili). ഇസ്താംബൂളിലെ സിവർബെയിലെ സജീവ സാന്നിധ്യമായിരുന്ന ഈ പൂച്ചയുടെ സൗഹൃദ സ്വഭാവം ആരെയും ആകർഷിക്കുന്നതായിരുന്നു. ഒരു നടപ്പാതയിൽ ചാരിയിരുന്ന് തെരുവിലേക്ക് നോക്കുന്ന ടോംബിലിയുടെ ചിത്രം ഇസ്താംബൂളുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. നഗരവാസികളുടെ മുഴുവൻ പ്രിയങ്കരിയായി ജീവിച്ച ടോംബിലി, 2016 ഓഗസ്റ്റ് ഒന്നിന് അസുഖബാധയെ തുടർന്ന് മരിച്ചു. പക്ഷേ, ആ നഗരത്തിന് ടോംബിലിയെ മറക്കാനായില്ല. തങ്ങളുടെ പ്രിയപ്പെട്ട പൂച്ചയോടുള്ള ആദരസൂചകമായി ഇസ്താംബൂളിൽ ടോംബിലിയ്ക്കായി ഒരു ശില്പം തന്നെ നിർമ്മിച്ചു.
ടോംബിലിയുടെ ഒരു പ്രതിമ നിർമ്മിക്കുന്നതിനുള്ള ഇസ്താംബൂളുകാരുടെ ആവേശം ഏറെ ഹൃദയഹാരിയാണ്. ടോംബിലിയുടെ മരണത്തിന് തൊട്ടുപിന്നാലെ, നഗരവാസികളെല്ലാവരും ചേർന്ന് പൂച്ചയ്ക്കായി ഒരു ശില്പം വേണമെന്ന ആവശ്യവുമായി ഒരു ക്യാമ്പയിൻ ആരംഭിച്ചു. Change.org എന്ന ആ ക്യാമ്പയിന്‍റെ ഭാഗമായി 17,000-ലധികം ആളുകളുടെ ഒപ്പുകൾ ശേഖരിക്കുകയും മുനിസിപ്പാലിറ്റിയോട് ടോംബിലിയുടെ ഒരു സ്മാരക ശിൽപം നിർമ്മിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. മുനിസിപ്പാലിറ്റി ജനങ്ങളുടെ ആവശ്യം അംഗീകരിച്ചു. ടോംബിലിയുടെ പ്രതിമയുടെ നിർമ്മാണം വളരെ വേഗത്തിൽ പൂർത്തിയാക്കി. നടപ്പാതയോട് ചേർന്നുള്ള ടോംബിലിയുടെ ഏറ്റവും പ്രിയപ്പെട്ട വിശ്രമസ്ഥലത്ത് തന്നെയാണ് ഈ പ്രതിമയും സ്ഥാപിച്ചത്. ആർട്ടിസ്റ്റ് സെവൽ ഷാഹിൻ നിർമ്മിച്ചതാണ് ഈ വെങ്കല ശിൽപം. പ്രതിമ അനാച്ഛാദനം ചെയ്ത് ഒരു മാസത്തിന് ശേഷം മോഷ്ടിക്കപ്പെട്ടെങ്കിലും വൻ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ മോഷ്ടിച്ചയാള്‍ തന്നെ പ്രതിമ യഥാസ്ഥാനത്ത് തിരികെ വച്ചു.
കില്ലാടി തന്നെ ! തൊട്ടടുത്ത് രണ്ട് പെരുമ്പാമ്പുകള്‍ ഇണ ചേരുമ്പോള്‍ ഗോള്‍ഫ് കളി തുടര്‍ന്ന് യുവാവ് !
മരണശേഷം, മനുഷ്യൻ ആദര സൂചകമായി പ്രതിമ നിർമിച്ച ആദ്യത്തെ മൃഗമല്ല ടോംബിലി. ജപ്പാനിൽ നിന്നുള്ള നായ ഹച്ചിക്കോയ്ക്ക് സ്വന്തം രാജ്യത്ത് ഒന്നിലധികം പ്രതിമകളുണ്ട്. ജപ്പാനിൽ ഇന്ന് വിശ്വസ്തതയുടെയും സ്നേഹത്തിന്‍റെയും പ്രതീകമായാണ് ഹച്ചിക്കോ. 1924-ൽ ടോക്കിയോ സർവകലാശാലയിലെ കൃഷി പ്രൊഫസറായ ഹിഡെസാബുറോ യുനോയാണ് നായയെ ദത്തെടുത്തത്. എല്ലാ വൈകുന്നേരവും യുനോ ജോലി കഴിഞ്ഞ് മടങ്ങി വരുന്നതും കാത്ത് ഹച്ചിക്കോ ഷിബുയ സ്റ്റേഷനിൽ കാത്തിരിന്നു. 1925 മെയ് 21 ന്, സെറിബ്രൽ ഹെമറേജ് മൂലം യുനോയാ ജോലിസ്ഥലത്ത് മരിച്ചു. പിന്നീട്, യുനോയുടെ തോട്ടക്കാരനായ കികുസാബുറോ കൊബയാഷി ഹച്ചിക്കോയെ ദത്തെടുത്തു. പക്ഷേ, അപ്പോഴും യുനോ പതിവായി മടങ്ങി വന്നിരുന്ന സമയമാകുമ്പോള്‍ ഹച്ചിക്കോ റെയിൽവേ സ്റ്റേഷനില്‍ എത്തിയിരിക്കും. ഒടുവിൽ, വിശ്വസ്തനായ ആ നായ 1935-ൽ മരിക്കുന്നതുവരെ ഏകദേശം 10 വർഷത്തോളം ഈ പതിവ് പിന്തുടർന്നു.
