കാലാവസ്ഥ വ്യതിയാനത്തിന്‍റെ പരിണിത ഫലമായി അടുത്ത മൂന്നോ നാലോ പതിറ്റാണ്ടിനുള്ളിൽ, ഏറ്റവും മനോഹരമായ ചില നഗരങ്ങളും പ്രകൃതിദത്ത അത്ഭുതങ്ങളും പൂർണ്ണമായും മുങ്ങിപോകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അവയിൽ ഏറ്റവും അധികം ഭീഷണി നേരിടുന്ന നഗരങ്ങള്‍ ഇവയാണ്.


ന്ന് മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനം. ഹിമാനികൾ ഉരുകുന്നത്, ഇതിന് പിന്നാലെ സമുദ്രനിരപ്പ് ഉയരുന്നത്, വേലിയേറ്റവും വെള്ളപ്പൊക്കവും, കൊടുങ്കാറ്റുകൾ എന്നിങ്ങനെ മനുഷ്യനുണ്ടാക്കുന്നതും പ്രകൃതിദത്തവുമായ വിവിധങ്ങളായ ഭയാനക സാഹചര്യങ്ങളിലൂടെയാണ് നാം ഓരോ ദിവസവും കടന്നു പോകുന്നത്. ദൗർഭാഗ്യകരമായ മറ്റൊന്ന് കൂടി സൂചിപ്പിക്കട്ടെ അനിർവചനീയമായ ഈ കാലാവസ്ഥ വ്യതിയാനത്തിന്‍റെ പരിണിത ഫലമായി അടുത്ത മൂന്നോ നാലോ പതിറ്റാണ്ടിനുള്ളിൽ, ഏറ്റവും മനോഹരമായ ചില നഗരങ്ങളും പ്രകൃതിദത്ത അത്ഭുതങ്ങളും പൂർണ്ണമായും മുങ്ങിപോകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അവയിൽ ഏറ്റവും അധികം ഭീഷണി നേരിടുന്ന നഗരങ്ങള്‍ ഇവയാണ്.

1. ജക്കാർത്ത, ഇന്തോനേഷ്യ

2018 ലെ ബിബിസി റിപ്പോർട്ട് പ്രകാരം ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയാണ് ലോകത്തില്‍ ഏറ്റവും വേഗത്തിൽ മുങ്ങുന്ന നഗരം. റിപ്പോർട്ട് അനുസരിച്ച് വടക്കൻ ജക്കാർത്ത കഴിഞ്ഞ 10 വർഷത്തിനിടയിൽ 2.5 മീറ്റർ വെള്ളത്തിനടിയിലായിക്കഴിഞ്ഞു. ഓരോ വർഷവും ഒന്ന് മുതൽ 15 സെന്‍റീമീറ്റർ വരെ ഇത്തരത്തിൽ വെള്ളത്തിനടയിൽ ആകുന്നതായി കണക്കുകൾ പറയുന്നു. ചില സ്ഥലങ്ങളിൽ ഇത് 25 സെന്‍റീമീറ്റർ വരെയാണ് ഓരോ വർഷവും മുങ്ങുന്നത്.

2. മിയാമി ബീച്ച്, ഫ്ലോറിഡ

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ച് ഡെസ്റ്റിനേഷനുകളിലൊന്നായ മിയാമി തകർച്ചയുടെ വക്കിലാണ്. ഇന്‍റർ ഗവൺമെന്‍റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് കണക്കാക്കുന്നത് ഈ നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ സമുദ്രനിരപ്പ് മൂന്നടി ഉയരുമെന്നാണ്. മറ്റ് ചില പഠനങ്ങൾ അനുസരിച്ച്, ദിവസേനയുള്ള വെള്ളപ്പൊക്കം സമുദ്രനിരപ്പ് ഏകദേശം 6 അടി വരെ ഉയർത്തും, അതിനാൽ ഫ്ലോറിഡയുടെ തീരപ്രദേശവും മിയാമി ബീച്ച്, ഫോർട്ട് ലോഡർഡേൽ തുടങ്ങിയ നഗരങ്ങളും പെട്ടെന്ന് മുങ്ങാൻ സാധ്യതയുണ്ട്.

3. വെനീസ്, ഇറ്റലി

2018-ലെ വെനിസിയ ലൈൻസ് റിപ്പോർട്ട് അനുസരിച്ച്, ഇറ്റലിയിലെ വെനീസ് പ്രതിവർഷം 1 മുതൽ 2 മില്ലിമീറ്റർ വരെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്ത 20 വർഷത്തിനുള്ളിൽ ഈ നിരക്കിൽ മുങ്ങിയാൽ നഗരത്തിന്‍റെ 80 മില്ലിമീറ്റർ സമുദ്രനിരപ്പിന് താഴെയായിരിക്കും. 120 ഓളം ദ്വീപുകളുള്ള ഈ നഗരത്തിന്‍റെ ഭൂരിഭാഗവും വെള്ളത്തിലാണ് സ്ഥിതി ചെയ്യുന്നത്, അവിടെ ശക്തമായ കാറ്റും ഉയർന്ന വേലിയേറ്റവും നേരിടേണ്ടിവരും. അതിനാൽ വെനീസിൽ ഒരു ഗൊണ്ടോള റൈഡ് അനുഭവിക്കണമെങ്കിൽ നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യാൻ കൂടുതൽ സമയം കാത്തിരിക്കരുത്.

4. മെക്സിക്കോ നഗരം

മെക്സിക്കോ സിറ്റിയിൽ ആളുകൾ ഭൂഗർഭജലം അക്വിഫറുകളിൽ നിന്ന് പമ്പ് ചെയ്യുന്നതാണ് ഇവിടെ ഭൂമി മുങ്ങാൻ പ്രധാന കാരണമെന്ന് വിദഗ്ദര്‍ പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതൽ തന്നെ മെക്സിക്കോ സിറ്റി ഏകദേശം 30 അടിയോളം താഴ്ന്നു. നഗരത്തിനടിയിൽ കിടക്കുന്ന കളിമണ്ണിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഫൈൻ ആർട്‌സ് കൊട്ടാരം പോലുള്ള പ്രശസ്തമായ നിർമിതികൾ ഇതിനകം തന്നെ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

5. ന്യൂ ഓർലിയൻസ്, ലൂസിയാന

ന്യൂ ഓർലിയൻസ് നഗരം ഇതിനകം തന്നെ സമുദ്ര നിരപ്പിൽ നിന്ന് പകുതിയിലധികം താഴെയാണ്. പ്രവചനങ്ങൾ വിശ്വസിക്കാമെങ്കിൽ, 2050 ആകുമ്പോഴേക്കും അതിന്‍റെ മുക്കാൽ ഭാഗവും വെള്ളത്തിനടിയിലാകാം. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും നാസയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ന്യൂ ഓർലിയാൻസിലെ ചില പ്രദേശങ്ങൾ പ്രതിവർഷം 2 ഇഞ്ച് ഉയരം നഷ്ടപ്പെടുന്നതായാണ് പഠനം പറയുന്നത് .

6. ലാഗോസ്, നൈജീരിയ

 പഠനങ്ങൾ അനുസരിച്ച്, ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ ലാഗോസിൽ സമുദ്രനിരപ്പ് 3 മുതൽ 9 അടി വരെയാണ് ഉയരുന്നത്. ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. തീരദേശ നഗരങ്ങളാണ് ഇത്തരത്തില്‍ പ്രശ്നം നേരിടുന്നതെന്നതും ശ്രദ്ധേയമാണ്. ചെന്നൈ, കൊച്ചി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ തീരദേശ നഗരങ്ങളും സമുദ്രനിരപ്പ് ഉയരുന്നതില്‍ ആശങ്കയിലാണ്.